മുംബൈ ഇന്ത്യൻസ്: ഐപിഎല്ലിലെ ടാലന്‍റ് ഫാക്റ്ററി | Video

ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും മുതലിങ്ങോട്ട്, വിഘ്നേഷ് പുത്തൂരും അശ്വനി കുമാറും വരെ നീളുന്നതാണ് മുംബൈ ഇന്ത്യൻസ് കണ്ടെടുത്ത പ്രതിഭകളുടെ പട്ടിക

ഐപിഎല്ലിന്‍റെ പതിനെട്ടാം വേനലിനു ചൂടേറുകയാണ്. അവിടെ അന്താരാഷ്ട്ര വേദികളിൽ തകർത്താടിയ സൂപ്പർ താരങ്ങൾക്ക് ഒപ്പംനിന്നും എതിരുനിന്നും പോരാടാൻ ഒരു കൂട്ടം പുതുമുറക്കാരുമുണ്ട്.

ഐപിഎല്ലിലൂടെ വളർന്നു വരുകയും ഇന്ത്യൻ ടീം വരെയെത്തുകയും ചെയ്ത യുവ പ്രതിഭകളിൽ വലിയൊരു പങ്കും മുംബൈ ഇന്ത്യൻസിന്‍റെ കണ്ടെത്തലുകളായിരുന്നു. ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും മുതലിങ്ങോട്ട്, വിഘ്നേഷ് പുത്തൂരും അശ്വനി കുമാറും വരെ നീളുന്നതാണ് ആ പട്ടിക.

Jasprit Bumrah, Hardik Pandya in Mumbai Indians jersey

ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും മുംബൈ ഇന്ത്യൻസ് ജെഴ്സിയിൽ

File photo

താരലേലത്തിന്‍റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെടുന്ന ടീമുകൾ മത്സരിക്കുന്നതിനാൽ, ഐപിഎല്ലിലേക്ക് കണ്ടെടുക്കുന്ന താരങ്ങളെ ടീമിൽ നിലനിർത്തുക എന്നത് ഒരു ഫ്രാഞ്ചൈസിക്കും എളുപ്പമല്ല. അതുകൊണ്ടു തന്നെ മുംബൈ ഇന്ത്യൻസിന്‍റേത് അടക്കമുള്ള ടാലന്‍റ് സ്കൗട്ട് പ്രക്രിയ ഓരോ സീസണിലും തുടർന്നുകൊണ്ടേയിരിക്കുന്നു.

വലയിട്ടു വാരാൻ മഹേലയും കൂട്ടരും

mahela jayawardene

മഹേല ജയവർധനെ, മുംബൈ ഇന്ത്യൻസ് മുഖ്യ പരിശീലകൻ

മുഖ്യ പരിശീലകൻ മഹേല ജയവർധനെയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് വിദഗ്ധരുടെ വലിയൊരു സംഘം തന്നെയാണ് മുംബൈ ഇന്ത്യൻസിനു വേണ്ടി പ്രതിഭകളെ കണ്ടെടുക്കാൻ പ്രവർത്തിക്കുന്നത്.

ഡയറക്റ്റർ ഒഫ് ക്രിക്കറ്റ് പദവിയിലുള്ള മുൻ ഇന്ത്യൻ താരം രാഹുൽ സംഘ്വി, ചീഫ് ഡേറ്റ പെർഫോമൻസ് മാനെജരും ഇന്ത്യൻ ടീമിന്‍റെ മുൻ അനലിസ്റ്റുമായ സി.കെ.എം. ധനഞ്ജയ് എന്നിവരാണ് മഹേലയുടെ വലങ്കൈയും ഇടങ്കൈയുമായി പ്രവർത്തിക്കുന്നത്.

ഇവർക്കു കീഴിൽ പ്രാദേശികമായി പ്രതിഭകളെ കണ്ടെത്താൻ വിദഗ്ധരുടെ മറ്റൊരു വലിയ നിരയുമുണ്ട്.

വലവിരിക്കുന്നത് എവിടെ

rahul sanghvi

രാഹുൽ സംഘ്വി, മുംബൈ ഇന്ത്യൻസ് ഡയറക്റ്റർ ഒഫ് ക്രിക്കറ്റ്

രണ്ടു രീതിയിലാണ് മുംബൈ ഇന്ത്യൻസിന്‍റെ ടാലന്‍റ് ഹണ്ട്. ടീമിലേക്ക് പെട്ടെന്ന് ആവശ്യമുള്ള കളിക്കാരെ നേരിട്ട് ട്രയൽസിനു വിളിച്ച്, പ്രകടനം തൃപ്തികരമാണെങ്കിൽ ലേലത്തിൽ സ്വന്തമാക്കുന്നതാണ് ആദ്യത്തേത്. രണ്ടാമത്തേത് കുറേക്കൂടി ദൈർഘ്യമേറിയ പ്രക്രിയയാണ്. ഏജ് ഗ്രൂപ്പ് മത്സരങ്ങളും, വിവിധ സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകൾ നടത്തുന്ന ടി20 ലീഗുകളും നിരീക്ഷിക്കുന്നതാണ് ഇതിന്‍റെ ആദ്യപടി. കേരള പ്രീമിയർ ലീഗിൽനിന്നാണ് (KPL) വിഘ്നേഷ് പുത്തൂരിനെ മുംബൈ ഇന്ത്യൻസ് ടാലന്‍റ് സ്കൗട്ട് സംഘം കണ്ടെത്തുന്നത്; അശ്വനി കുമാറിനെ ഷേർ-ഇ-പഞ്ചാബ് ടി20 ലീഗിൽനിന്നും.

അണ്ടർ-16 വിജയ് മർച്ചന്‍റ് ട്രോഫിയും അണ്ടർ-19 കൂച്ച് ബിഹാർ ട്രോഫിയും അണ്ടർ-23 സി.കെ. നായിഡു ട്രോഫിയും മുതൽ ഫസ്റ്റ് ക്ലാസ് ടൂർണമെന്‍റായ രഞ്ജി ട്രോഫിയും ഏകദിന ടൂർണമെന്‍റായ വിജയ് ഹസാരെ ട്രോഫിയും ടി20 ടൂർണമെന്‍റായ സയീദ് മുഷ്താഖ് അലി ട്രോഫിയും വരെ ടാലന്‍റ് സ്കൗട്ടുകളുടെ ഹണ്ടിങ് ഗ്രൗണ്ടുകളാണ്.

ജൂനിയർ താരങ്ങളെ നിരീക്ഷിക്കുന്നത് അവരറിയാതെയായിരിക്കും. മൂന്ന് വർഷം കൊണ്ട് ഒരു ജൂനിയർ കളിക്കാരൻ എത്രമാത്രം പുരോഗമിക്കുന്നു എന്നു മനസിലാക്കിയ ശേഷം മാത്രമായിരിക്കും അവരെ ട്രയൽസിനു വിളിക്കുക.

ഓരോ റോളിലേക്കും സ്പെഷ്യലിസ്റ്റുകൾ

CKM Dhananjai

സി.കെ.എം. ധനഞ്ജയ്, ചീഫ് ഡേറ്റ പെർഫോമൻസ് മാനെജർ

ഏതു തരം കളിക്കാരെയാണ് ടീമിനാവശ്യം എന്നു തീരുമാനിക്കുന്ന ഘട്ടമാണ് അടുത്തത്. അതൊരു മിസ്റ്ററി സ്പിന്നറാകാം, ഫിനിഷറാകാം, ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റാകാം. ലീഗുകളിൽനിന്നും മറ്റു ടൂർണമെന്‍റുകളിൽനിന്നും തിരിച്ചറിയപ്പെടുന്ന കളിക്കാരുടെ ഡേറ്റ ശേഖരിച്ച് വിശകലനം ചെയ്യുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരം തീരുമാനങ്ങളെടുക്കുക.

അശ്വനി കുമാർ കഴിഞ്ഞ മൂന്നു വർഷമായി പരുക്കിന്‍റെ പിടിയിലായിരുന്നു. ഈ സീസണിൽ ഷേർ-ഇ-പഞ്ചാബ് ട്രോഫിയിൽ കളിക്കാനിറങ്ങിയതിനു പിന്നാലെ മുംബൈ ഇന്ത്യൻസ് സ്കൗട്ടുകൾ അയാളെ ട്രയൽസിനു വിളിക്കാൻ തീരുമാനിച്ചു. 

ഇത്തരത്തിൽ കളിക്കാരെ തെരഞ്ഞെടുത്താലും അവരെ ലേലത്തിലൂടെ സ്വന്തമാക്കാൻ സാധിക്കുമെന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല. അതുകൊണ്ടു തന്നെ ഓരോ റോളിലേക്കും നാലു പേരെ വീതം കണ്ടുവയ്ക്കും. എന്നാൽ, വിഘ്നേഷിന്‍റെയും അശ്വനിയുടെയും കാര്യത്തിൽ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കു തന്നെ മുംബൈക്ക് അവരെ സ്വന്തമാക്കാൻ സാധിച്ചു. മറ്റൊരു ടീമും അവരെ തിരിച്ചറിഞ്ഞിരുന്നില്ല എന്നതാണ് അതിനു കാരണം.

അവസാന കടമ്പ

IPL auction

IPL താരലേലം

ടാലന്‍റ് സ്കൗട്ടുകൾ കണ്ടെത്തുന്ന കളിക്കാരെ ബഹുദിന ട്രയലുകളിലാണ് പങ്കെടുപ്പിക്കുന്നത്. വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ പരിശീലകർ അവരെ ഗ്രേഡ് ചെയ്യും. ചിലപ്പോൾ, നേരിട്ട് കളത്തിലിറക്കാൻ ഉദ്ദേശിച്ചു പോലുമായിരിക്കില്ല ഒരു താരത്തെ ടീമിലെടുക്കുക. എങ്കിലും അവരെ ടീമിനൊപ്പം കൂട്ടും, പരിശീലനം നൽകും, ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ പ്രോത്സാഹിപ്പിക്കും. ഇത്തരത്തിൽ രണ്ടു സീസൺ വരെ കാത്തിരുന്ന ശേഷമായിരിക്കും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുക, അതും പുരോഗതിയുണ്ടെങ്കിൽ മാത്രം.

യുസ്വേന്ദ്ര ചഹലിനെയും അക്ഷർ പട്ടേലിനെയും പോലുള്ള കളിക്കാരെപ്പോലും ലേലത്തിന്‍റെ സങ്കീർണതകളിൽ ചിലപ്പോൾ നഷ്ടപ്പെടുത്തേണ്ടിവരും. രമൺദീപ് സിങ്ങിനെയും (കെകെആർ) ആകാശ് മധ്വാളിനെയും (ആർആർ) നെഹാൽ വധേരയെയും (പിബികെഎസ്) ഒക്കെ മുംബൈ ഇന്ത്യൻസിൽ നിന്ന് മറ്റു ടീമുകൾ റാഞ്ചിയതാണ്. അതിനിയും തുടരും. അതുകൊണ്ടു തന്നെ ഐപിഎൽ ടീമുകൾ ടാലന്‍റ് സ്കൗട്ടിനും വിശ്രമമുണ്ടാകില്ല.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com