

മത്സരത്തിൽ നിന്ന്
ചെന്നൈ: മുംബൈ ഇന്ത‍്യൻസിനെതിരായ ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് 160 റൺസ് വിജയലക്ഷ‍്യം. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുക്കാനെ മുംബൈയ്ക്ക് സാധിച്ചുള്ളൂ.
37 പന്തിൽ 4 ബൗണ്ടറിയും 3 സിക്സും അടക്കം 57 റൺസടിച്ച നമാൻ ധിറാണ് മുംബൈയുടെ ടോപ് സ്കോറർ. നമാനു പുറമെ ഓപ്പണിങ് ബാറ്റർ റയാൻ റിക്കിൾടൺ 24 പന്തിൽ 37 റൺസെടുത്ത് പുറത്തായി. ദീർഘ നാളായി ഫോം വീണ്ടെടുക്കാനാകാത്ത മുംബൈ ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവ് ഇത്തവണ 12 പന്തിൽ 21 റൺസ് നേടി തിരിച്ചുവരവിന്‍റെ പ്രതീക്ഷ നൽകി.
തിലക് വർമയ്ക്കും ഹാർദിക് പാണ്ഡ‍്യയ്ക്കും തിളങ്ങാനായില്ല. തിലക് 8 പന്തിൽ നിന്നും 5 റൺസെടുത്ത് മടങ്ങിയപ്പോൾ ഹാർദിക് 23 പന്തിൽ 18 റൺസെടുത്ത് പുറത്താവാതെ നിന്നു. ഏഴാമനായി ബാറ്റിങ്ങിനിറങ്ങിയ റോബിൻ മിൻസ് 3 പന്തിൽ 5 റൺസെടുത്ത് പുറത്തായി.
ചെന്നൈയ്ക്കു വേണ്ടി അൻഷുൽ കാംബോജ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ നൂർ അഹമ്മദ് രണ്ടും ഐപിഎല്ലിൽ കന്നി മത്സരം കളിച്ച രാമകൃഷ്ണ ഘോഷ് ഒരു വിക്കറ്റും വീഴ്ത്തി. ഇവരെ കൂടാതെ പേസർ ജാമി ഓവർടണും ഒരു വിക്കറ്റ് വീഴ്ത്തി. ആദ‍്യം ബാറ്റ് ചെയ്ത മുംബൈ പവർപ്ലേ പൂർത്തിയായപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 57 റൺസ് മാത്രമാണ് അടിച്ചെടുത്തത്.
രണ്ടാം വിക്കറ്റിൽ നമാൻ ധിർ റിക്കിൾടൺ സഖ‍്യം ചേർത്ത 50 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിലാണ് റൺസ് ഉയർന്നത്. എന്നാൽ പിന്നീട് വിക്കറ്റുകൾ നഷ്ടമായതും മധ‍്യനിരയിലിറങ്ങിയ താരങ്ങൾക്ക് റൺസ് കണ്ടെത്താൻ സാധിക്കാതെ വന്നതുമാണ് മുംബൈയ്ക്ക് തിരിച്ചടിയായത്. സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ‍്യ ടി20 ഫോർമാറ്റാണിതെന്ന കാര‍്യം മറന്നുപോയി. 23 പന്തുകളിൽ നിന്നും നേടിയത് വെറും 18 റൺസാണ്. ട്രെൻഡ് ബൗൾട്ട് 2 പന്തിൽ നിന്നും 7 റൺസാണ് അടിച്ചെടുത്തത്.
ഹിറ്റർമാരുടെ അഭാവം മുംബൈ ടീമിൽ ഉടനീളം പ്രകടമാണ്. കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് ഒരു മാറ്റവുമായാണ് മുംബൈ ഇത്തവണ കളത്തിലിറങ്ങിയിരിക്കുന്നത്. അശ്വിനി കുമാറിനു പകരം കൃഷ് ഭഗതിനെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ചെന്നൈയിൽ ഗുർജൻപ്രീത് സിംഗിന് പകരം രാമകൃഷ്ണ ഘോഷും സ്പിന്നർ അക്കീൽ ഹൊസൈനു പകരം പ്രശാന്ത് വീറുമാണ് കളിക്കുന്നത്.