39 പന്തിൽ സെഞ്ചുറിയുമായി പഞ്ചാബ് യുവതാരം; ചെന്നൈ പിന്നെയും തോറ്റു

ഒരു വശത്ത് തുടർച്ചയായി വിക്കറ്റുകൾ വീഴുമ്പോഴായിരുന്ന പ്രിയാംശ് ആര്യയുടെ ഒറ്റയാൾ പോരാട്ടം. ഐപിഎല്ലിന്‍റെ ചരിത്രത്തിലെ തന്നെ നാലാമത്തെ വേഗമേറിയ സെഞ്ചുറിയാണിത്.
Priyansh Arya

പ്രിയാംശ് ആര്യ

Updated on

മൊഹാലി: ഐപിഎല്ലിലെ പുത്തൻ താരോദയമായി പഞ്ചാബ് കിങ്സ് ഓപ്പണർ പ്രിയാംശ് ആര്യ. ഡൽഹിയിൽനിന്നുള്ള ഇരുപത്തിനാലുകാരൻ നടത്തിയ ഒറ്റയാൾ പോരാട്ടം ചെന്നൈ സൂപ്പർ കിങ്സിനെതിരേ പഞ്ചാബ് കിങ്സിന് 219/6 എന്ന വമ്പൻ സ്കോർ ഉറപ്പാക്കി. മറുപടി ബാറ്റിങ് 201/5 എന്ന നിലയിൽ ഒതുങ്ങിയപ്പോൾ CSK സീസണിൽ നാലാമത്തെ തോൽവിയും ഏറ്റുവാങ്ങി.

നേരത്തെ, ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. ഇൻ ഫോം ബാറ്റർമാരായ ഓപ്പണർ പ്രഭ്സിമ്രൻ സിങ്ങും (0) ക്യാപ്റ്റൻ ശ്രേയസ് അയ്യരും (9) മടങ്ങുമ്പോൾ സ്കോർ ബോർഡിൽ 32 റൺസ് മാത്രം.

പിന്നാലെ, മാർക്കസ് സ്റ്റോയ്നിസും (4) നെഹാൽ വധേരയും (9) ഗ്ലെൻ മാക്സ്വെല്ലും (1) കൂടി നിസാര സ്കോറുകൾക്കു മടങ്ങി. എന്നാൽ, മറുവശത്ത് റൺ നിരക്ക് താഴാൻ അനുവദിക്കാതെ ബാറ്റ് വീശുകയായിരുന്നു പ്രിയാംശ്.

39 പന്തിൽ കന്നി ഐപിഎൽ സെഞ്ചുറി തികച്ച ഈ ഇടങ്കയ്യൻ ബാറ്റർ, ആകെ 42 പന്തിൽ 103 റൺസെടുത്താണ് പുറത്തായത്. ഏഴ് ഫോറും ഒമ്പത് കൂറ്റൻ സിക്സറുകളും ഉൾപ്പെട്ടതായിരുന്നു ആ ഇന്നിങ്സ്. ഐപിഎല്ലിന്‍റെ ചരിത്രത്തിലെ തന്നെ നാലാമത്തെ വേഗമേറിയ സെഞ്ചുറിയാണിത്.

അവസാന ഓവറുകളിൽ സ്കോറിങ് ഉത്തരവാദിത്വം ഏറ്റെടുത്ത ശശാങ്ക് സിങ്ങും (36 പന്തിൽ 52 നോട്ടൗട്ട്) മാർക്കോ യാൻസനും (19 പന്തിൽ 34 നോട്ടൗട്ട്) പഞ്ചാബിനെ 20 ഓവറിൽ 219 റൺസ് വരെ എത്തിക്കുകയും ചെയ്തു.

മറുപടി ബാറ്റിങ്ങിൽ ചെന്നൈക്ക് രചിൻ രവീന്ദ്രയും (23 പന്തിൽ 36) ഡെവൺ കോൺവെയും (49 പന്തിൽ 69 റിട്ട. ഔട്ട്) ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. അർധ സെഞ്ചുറി നേടിയെങ്കിലും കോൺവെയ്ക്ക് റൺ നിരക്ക് ഉയർത്താൻ സാധിക്കാത്തത് വിനയായി.

ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്വാദ് (1) പുറത്തായ ശേഷം വന്ന ശിവം ദുബെ (27 പന്തിൽ 42) പൊരുതി നോക്കിയെങ്കിലും പോരാതെ വന്നു. അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങിയ എം.എസ്. ധോണിക്ക് (12 പന്തിൽ 27) പിന്നെ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നതുമില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com