
ഓസ്ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡിനെ പുറത്താക്കിയതോടെ ജഡേജ രാജ്യാന്തര ക്രിക്കറ്റില്‍ 500 വിക്കറ്റെന്ന നാഴികക്കല്ല് പിന്നിട്ടു. മൂന്ന് ഫോര്‍മാറ്റിലുമായി 5000 ലേറെ റണ്‍സും നേടിയ ജഡേജ രാജ്യാന്തര ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിച്ച താരങ്ങളുടെ എലൈറ്റ് ലിസ്റ്റിലും ഇടം നേടി. ഓസീസിനെതിരേ നാലു വിക്കറ്റ് സ്വന്തമാക്കിയതോടെയാണ് ജഡേജ അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കിയത്.
ഇന്ത്യന്‍ താരങ്ങളില്‍ കപില്‍ ദേവ് മാത്രമാണ് ജഡേജക്ക് മുമ്പ് രാജ്യാന്തര ക്രിക്കറ്റില്‍ 500 വിക്കറ്റും 5000 റണ്‍സും നേടിയിട്ടുള്ള ഒരേയൊരു കളിക്കാരന്.ടെസ്റ്റിലും ഏകദിനത്തിലുമായി ഇന്ത്യക്കായി കളിച്ച 356 മത്സരങ്ങളില്‍ നിന്ന് 687 വിക്കറ്റും 9031 റണ്‍സുമാണ് കപിലിന്റെ പേരിലുള്ളത്.ഇന്ത്യന്‍ കുപ്പായത്തില്‍ 298-മത്തെ മത്സരത്തിലാണ് 34കാരനായ ജഡേജ അപൂര്‍വ ഡബിളിന് ഉടമയായത്. ജഡേജയ്ക്കും കപിലിനും പുറമെ വസീം അക്രം, ജാക്വസ് കാലിസ്, ഇമ്രാന് ഖാന്, ഷാക്കിബ് അല്ഹസന്, ഷാഹിദ് അഫ്രീദി, ഡാനിയേല്‍ വെറ്റോറി, ചാമിന്ദ വാസ്, ഷോണ്‍ പൊള്ളോക്ക് എന്നിവരാണ് രാജ്യാന്തര ക്രിക്കറ്റില്‍ 500 വിക്കറ്റും 5000 റണ്‍സും തികച്ച മറ്റ് താരങ്ങള്‍. ഇന്‍ഡോര്‍ ടെസ്റ്റില്‍ ട്രാവിസ് ഹെഡിന്റെ വിക്കറ്റിന് പുറമെ മാര്‍നസ് ലാബുഷെയ്ന്, ഉസ്മാന് ഖവാജ, സ്റ്റീവ് സ്മിത്ത് എന്നിവരെ കൂടി ജഡേജ പുറത്താക്കിയിരുന്നു.