

ഡ്രസ്സിങ് റൂമിലിരുന്ന് ഇ- സിഗരറ്റ് പുകച്ച് റിയാൻ പരാഗ്; പക്വതയില്ലെന്ന് വിമർശനം| Video
ചണ്ഡീഗഡ്: ഐപിഎൽ മത്സരത്തിനിടെ ഇ സിഗരറ്റ് വലിക്കുന്ന രാജസ്ഥാൻ റോയൽസ് ക‍്യാപ്റ്റൻ റിയാൻ പരാഗിന്‍റെ വിഡിയോ വൈറൽ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഡ്രസ്സിങ് റൂമിലിരുന്ന് ഇ- സിഗരറ്റ് വലിക്കുന്നതിന്‍റെ ദൃശ‍്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
സംഭവത്തിൽ ഇതുവരെ ബിസിസിഐ റിയാൻ പരാഗിനെതിരേ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെങ്കിലും അച്ചടക്ക നടപടിക്ക് സാധ‍്യതയുണ്ടെന്നാണ് വിവരം. സംഭവത്തിന്‍റെ ദൃശൃങ്ങൾ സമൂഹമാധ‍്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വിവാദങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
15കാരൻ വൈഭവ് സൂര‍്യവംശിക്കുള്ള പക്വത പോലും റിയാൻ പരാഗിനില്ലെന്നും സ്പോർട്സ്മാൻ സ്പിരിറ്റിന് നിരക്കാത്ത പ്രവൃത്തിയാണിതെന്നും വിമർശനം ഉയർന്നു. മത്സരത്തിന്‍റെ 16-ാം ഓവറിൽ ബ്രോഡ്കാസ്റ്റ് ക‍്യാമറ ഡ്രസ്സിങ് റൂമിലേക്ക് തിരിഞ്ഞതാണ് റിയാൻ പരാഗിന് തിരിച്ചടിയായത്.
നേരത്തെ യുസ്‌വേന്ദ്ര ചഹൽ വാഹനം ഓടിച്ചുകൊണ്ടിരിക്കെ സിഗരറ്റ് കുറ്റി പുറത്തേക്ക് വലിച്ചെറിഞ്ഞത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് റിയാൻ പരാഗും സമാന വിമർശനം നേരിടുന്നത്.