വരുന്നു കോലിപ്പട; ഈ സാല കപ്പ് അടിക്കുമോ?

കോലിയും സംഘവും ആർസിബിക്കു വേണ്ടി ഐപിഎല്ലിൽ കന്നിക്കിരീടം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

ഐപിഎല്ലിൽ വ‍്യാഴാഴ്ച നടന്ന ക്വാളിഫയർ 1ൽ ശക്തരായ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ചതോടെ നേരിട്ട് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ആർസിബി. നീണ്ട 9 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ആർസിബി ഫൈനൽ ഉറപ്പാക്കിയത്. 3 തവണ ആർസിബി ഫൈനലിൽ പ്രവേശിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കീരീടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.

2009ൽ ഡെക്കാൻ ചാർജേഴ്സിനോടും 2011ൽ ചെന്നൈ സൂപ്പർ കിങ്സിനോടും 2016ൽ സൺറൈസേഴ്സ് ഹൈദരാബാദിനോടും ആർസിബി ഫൈനൽ തോൽവിയറിഞ്ഞിരുന്നു. ഇത്തവണ ഒരു മത്സരം കൂടി ജയിച്ചാൽ 17 വർഷത്തെ കാത്തിരിപ്പിന് വിട പറഞ്ഞ് കോലിപ്പടയ്ക്ക് സ്വപ്ന കീരിടം സ്വന്തമാക്കാം.

2014നു ശേഷം ആദ‍്യമായിട്ടാണ് പഞ്ചാബ് ഐപിഎൽ പ്ലേ ഓഫിൽ എത്തിയതെങ്കിലും സമ്മർദം മൂലം തകർന്നു വീഴുകയായിരുന്നു.

ക്വാളിഫയർ 1ൽ തോൽവിയറിഞ്ഞുവെങ്കിലും പഞ്ചാബിന് ഒരവസരം കൂടിയുണ്ട്. എലിമിനേറ്റർ പോരാട്ടത്തിലെ വിജയികളായിരിക്കും രണ്ടാം ക്വാളിഫയറിൽ പഞ്ചാബിന്‍റെ എതിരാളികൾ.

പഞ്ചാബ് ഉയർത്തിയ 102 റൺസ് വിജയലക്ഷ‍്യം 10 ഓവർ ബാക്കി നിൽക്കെയാണ് ആർസിബി വിജയം കണ്ടത്. മൂന്ന് വിക്കറ്റ് വീതം നേടിയ സുയാഷ് ശർമയും ജോഷ് ഹേസൽവുഡും, അർധ സെഞ്ചുറി നേടിയ ഫിൽ സോൾട്ടുമാണ് ആർസിബിക്ക് ഫൈനലിലേക്കുള്ള പ്രവേശനം അനായാസമാക്കിയത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com