
വനിന്ദു ഹസരംഗ
ഗോഹട്ടി: നിതീഷ് റാണയുയും വനിന്ദു ഹസരംഗയും ചേർന്ന് രാജസ്ഥാൻ റോയൽസിനെ ഇത്തവണത്തെ ഐപിഎൽ സീസണിൽ ആദ്യ ജയത്തിലേക്കു നയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി 182 റൺസാണെടുത്തത്. ചെന്നൈയുടെ മറുപടി ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് വരെ മാത്രമാണെത്തിയത്.
യശസ്വി ജയ്സ്വാളും (4) സഞ്ജു സാംസണും (20) വീണ്ടും നിരാശപ്പെടുത്തിയപ്പോൾ, നിതീഷ് റാണയും ക്യാപ്റ്റൻ റിയാൻ പരാഗും ഒരുമിച്ച മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് രാജസ്ഥാനു പൊരുതാവുന്ന സ്കോർ ഉറപ്പാക്കിയത്. 36 പന്ത് നേരിട്ട റാണ 10 ഫോറും അഞ്ച് സിക്സും സഹിതം 81 റൺസെടുത്തു. 28 പന്തിൽ രണ്ടു ഫോറും രണ്ടു സിക്സും സഹിതം 37 റൺസായിരുന്നു പരാഗിന്‍റെ സംഭാവന.
എന്നാൽ, തുടർന്നെത്തിയവരിൽ ഷിംറോൺ ഹെറ്റ്മെയർക്കു (19) മാത്രമാണ് രണ്ടക്ക സ്കോർ നേടാനായത്. ചെന്നൈക്കു വേണ്ടി ഖലീൽ അഹമ്മദ്, നൂർ അഹമ്മദ്, മതീശ പതിരണ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിൽ ചെന്നൈക്ക് നല്ല തുടക്കം നൽകാൻ രചിൻ രവീന്ദ്രയ്ക്കും (0) രാഹുൽ ത്രിപാഠിക്കും (23) സാധിച്ചില്ല. മൂന്നാം നമ്പറിലെത്തിയ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്വാദ് (44 പന്തിൽ 68) പൊരുതി നോക്കിയെങ്കിലും മറുവശത്ത് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. പിന്നീട് വന്നവരിൽ രവീന്ദ്ര ജഡേജയ്ക്കു (22 പന്തിൽ 32) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്.
ബാറ്റിങ് ഓർഡറിൽ ഏഴാം നമ്പറിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ട എം.എസ്. ധോണി 11 പന്തിൽ 16 റൺസെടുത്ത് മടങ്ങി. നാലോവറിൽ 35 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് സ്വന്തമാക്കിയ വനിന്ദു ഹസരംഗയാണ് ചെന്നൈ ചെയ്സിന്‍റെ താളം തെറ്റിച്ചത്.