ലഖ്നൗവിന് വൈഭവ് സൂര്യാഘാതം; രാജസ്ഥാൻ ജീവൻ നിലനിർത്തി

ഐപിഎല്ലിലെ ഡൂ ഓർ ഡൈ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ഏഴ് വിക്കറ്റ് വിജയം. ലഖ്നൗവിന്‍റെ കൂറ്റൻ സ്കോർ മറികടന്നത് വൈഭവ് സൂര്യവംശിയുടെ മികവിൽ.
RR vs LSG IPL 2026

ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരായ ഐപിഎൽ മത്സരത്തിൽ അർധ സെഞ്ചുറി ആഘോഷിക്കുന്ന രാജസ്ഥാൻ റോയൽസ് ഓപ്പണർ വൈഭവ് സൂര്യവംശി.

Updated on

ജയ്പുർ: ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരേ ഏഴ് വിക്കറ്റ് വിജയവുമായി രാജസ്ഥാൻ റോയൽസ് ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യത വർധിപ്പിച്ചു. രാജസ്ഥാൻ പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നതോടെ, ആദ്യ ഘട്ടത്തിൽ ലീഡ് ചെയ്തിരുന്ന പഞ്ചാബ് കിങ്സ് അഞ്ചാം സ്ഥാനത്തേക്ക് പതിച്ചു.

നിർണായക മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാന്‍റെ പകരക്കാരൻ ക്യാപ്റ്റൻ യശസ്വി ജയ്സ്വാൾ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തത്. ലഖ്നൗ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 220 റൺസും നേടി. എന്നാൽ, രാജസ്ഥാൻ --- ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം നേടുകയായിരുന്നു.

57 പന്തിൽ 96 റൺസെടുത്ത മിച്ചൽ മാർഷാണ് ലഖ്നൗവിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. പക്ഷേ, 38 പന്തിൽ 93 റൺസെടുത്ത കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ ഐതിഹാസിക ഇന്നിങ്സിനു മുന്നിൽ ഇതു നിഷ്പ്രഭമായി.

നേരത്തെ, മാർഷും ജോഷ് ഇംഗ്ലിസും ചേർന്ന് തകർപ്പൻ തുടക്കമാണ് ലഖ്നൗവിനു നൽകിയത്. 8.2 ഓവറിൽ സ്കോർ 109 എത്തിയപ്പോഴാണ് ഇംഗ്ലിസ് പുറത്താകുന്നത്. 29 പന്തിൽ 60 റൺസായിരുന്നു സമ്പാദ്യം. നിക്കോളാസ് പുരൻ 11 പന്തിൽ 16 റൺസുമായി മടങ്ങി. ക്യാപ്റ്റൻ ഋഷഭ് പന്ത് 23 പന്തിൽ 35 റൺസെടുത്തു.

സെഞ്ചുറിക്ക് നാല് റൺസ് അകലെ മാർഷ് റണ്ണൗട്ടാവുകയായിരുന്നു. മധ്യ ഓവറുകളിൽ നിയന്ത്രണത്തോടെ പന്തെറിഞ്ഞ രാജസ്ഥാന്‍റെ യുവ സ്പിന്നർ യഷ് രാജ് പുഞ്ജ 35 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തി. അവസാന ഓവറുകളിൽ ജോഫ്ര ആർച്ചറുടെ മികവും രാജസ്ഥാന് ഗുണം ചെയ്തു.

മറുപടി ബാറ്റിങ്ങിൽ യശസ്വി ജയ്സ്വാളിന്‍റെ കത്തിക്കാളലുമായാണ് രാജസ്ഥാൻ ഇന്നിങ്സ് തുടങ്ങിയത്. തുടക്കത്തിൽ താളം കണ്ടെത്താൻ അൽപ്പം ബുദ്ധിമുട്ടിയ സൂര്യവംശിയെ കടത്തിവെട്ടുന്ന സ്ട്രോക്ക്പ്ലേയാണ് രാജസ്ഥാൻ നായകൻ പുറത്തെടുത്തത്. 23 പന്തിൽ 43 റൺസുമായി ജയ്സ്വാൾ മടങ്ങുമ്പോൾ രാജസ്ഥാൻ സ്കോർ 6.3 ഓവറിൽ 75 റൺസ്.

തുടർന്ന് ധ്രുവ് ജുറലിനെ കാഴ്ചക്കാരനാക്കി ആഞ്ഞടിക്കുകയായിരുന്നു സൂര്യവംശി. മായങ്ക് യാദവിനെ ഒരു ഫോറിനും തുടരെ രണ്ടു സിക്സിനും ശിക്ഷിച്ചുകൊണ്ട് ജുറലും ഫോമിലേക്ക് ഉയർന്നതോടെ രാജസ്ഥാനെ പിടിച്ചാൽ കിട്ടാതായി.

സെഞ്ചുറിക്ക് ഏഴ് റൺസ് അകലെ സൂര്യവംശി, മൊഹ്സിൻ ഖാന്‍റെ പന്തിൽ ലോങ് ഓണിൽ അബ്ദുൾ സമദിനു പിടികൊടുത്തെങ്കിലും, അപ്പോഴേക്കും രാജസ്ഥാൻ ജയം ഉറപ്പിച്ചിരുന്നു. ഏഴ് ഫോറും പത്ത് സിക്സും ഉൾപ്പെട്ട ഇന്നിങ്സിലൂടെ സൂര്യവംശി ഓറഞ്ച് ക്യാപ്പ് പട്ടികയിൽ വീണ്ടും മുന്നിലെത്തി. സീസണിൽ അമ്പത് സിക്സറും പിന്നിട്ടു.

പിന്നീട് ദക്ഷിണാഫ്രിക്കയുടെ യുവതാരം ലുവാൻ ഡ്രെ പ്രിട്ടോറിയസിന്‍റെ (7) വിക്കറ്റ് കൂടി രാജസ്ഥാനു നഷ്ടമായി. എന്നാൽ, ഒരു വശത്ത് ഉറച്ചു നിന്ന ജുറൽ (53 നോട്ടൗട്ട്) ഡൊണോവൻ ഫെരേരയെ (16 നോട്ടൗട്ട്) കൂട്ടുപിടിച്ച് ടീമിന്‍റെ ജയം പൂർത്തിയാക്കി.

logo
Metro Vaartha
www.metrovaartha.com