പഞ്ചാബ് കിങ്സിന് ആദ്യ പരാജയം; രാജസ്ഥാൻ റോയൽസിന് 50 റൺസ് ജയം

രാജസ്ഥാൻ 20 ഓവറിൽ നാല് വിക്കറ്റിന് 205 റൺസെടുത്തു. പഞ്ചാബിന്‍റെ മറുപടി 155/9 എന്ന നിലയിൽ ഒതുങ്ങി.
Punjab Kings captain Shreyas Iyer and Rajasthan Royals captain Sanju Samson after the IPL match

പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണും മത്സരശേഷം.

Updated on

മുല്ലൻപുർ: ഐപിഎൽ പതിനെട്ടാം സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച പഞ്ചാബ് കിങ്സിന്‍റെ കുതിപ്പ് മൂന്നാം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് അവസാനിച്ചു. സീസണിലെ രണ്ടാം ജയം കണ്ടെത്തിയ സഞ്ജു സാംസണിന്‍റെ ടീം 50 റൺസിനാണ് എതിരാളികളെ മറികടന്നത്.

ടോസ് നേടിയ പഞ്ചാബ് ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തത്. രാജസ്ഥാന്‍റെ തുടക്കം അൽപ്പം മെല്ലെയായിരുന്നെങ്കിലും 20 ഓവറിൽ നാല് വിക്കറ്റിന് 205 റൺസ് സ്കോർ ചെയ്യാൻ അവർക്കു സാധിച്ചു. പഞ്ചാബിന്‍റെ മറുപടി 155/9 എന്ന നിലയിൽ ഒതുങ്ങി.

സഞ്ജു സാംസണും യശസ്വി ജയ്സ്വാളും ചേർന്ന ഓപ്പണിങ് സഖ്യം രാജസ്ഥാനെ 10.2 ഓവറിൽ 89 റൺസ് വരെയാണ് എത്തിച്ചത്. 26 പന്തിൽ ആറു ഫോർ ഉൾപ്പെടെ 38 റൺസെടുത്ത സഞ്ജു മടങ്ങിയ ശേഷമെത്തിയ റിയാൻ പരാഗിന് തുടക്കത്തിൽ റൺ നിരക്ക് ഉയർത്താൻ സാധിച്ചില്ല.

എന്നാൽ, മറുവശത്ത് മികച്ച ഫോമിലെത്തിക്കഴിഞ്ഞിരുന്ന ജയ്സ്വാൾ 67 റൺസിനും പുറത്തായി. 45 പന്ത് നേരിട്ട ഇന്ത്യൻ താരം മൂന്ന് ഫോറും അഞ്ച് സിക്സും പറത്തി. നിതീഷ് റാണ നന്നായി തുടങ്ങിയെങ്കിലും 7 പന്തിൽ 12 റൺസെടുത്ത് പുറത്തായി.

അപ്പോഴേക്കും താളം കണ്ടെത്തിയ പരാഗ് അവസാന ഓവറുകളിൽ ആഞ്ഞടിച്ചു. 25 പന്തിൽ മൂന്നു വീതം ഫോറും സിക്സും നേടിയ പരാഗ് 43 റൺസെടുത്ത് പുറത്താകാതെ നിന്നു. ഷിമ്രോൺ ഹെറ്റമെയർ 12 പന്തിൽ 20 റൺസെടുത്തപ്പോൾ, ധ്രുവ് ജുറൽ 5 പന്തിൽ 13 റൺസുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിൽ, ആദ്യ പന്തിൽ തന്നെ പ്രിയാംശ് ആര്യയെ (0) പഞ്ചാബിനു നഷ്ടമായി. ജോഫ്ര ആർച്ചറുടെ പന്തിൽ ക്ലീൻ ബൗൾഡ്. പിന്നാലെ ശ്രേയസ് അയ്യരെയും (10) ആർച്ചർ തന്നെ മടക്കി. 43 റൺസ് എടുക്കുമ്പോഴേക്കും വിലപ്പെട്ട നാല് വിക്കറ്റാണ് പഞ്ചാബ് നഷ്ടപ്പെടുത്തിയത്.

അതിനു ശേഷം നെഹാൽ വധേരയും (41 പന്തിൽ 62) ഗ്ലെൻ മാക്സ്വെല്ലും (21 പന്തിൽ 30) ഒരുമിച്ച 88 റൺസ് കൂട്ടുകെട്ട്. വധേരയെ വനിന്ദു ഹസരംഗയും മാക്സ്വെല്ലിനെ മഹീഷ് തീക്ഷണയും പുറത്താക്കിയതോടെ ആ പോരാട്ടവും അവസാനിച്ചു. 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആർച്ചറാണ് പ്ലെയർ ഒഫ് ദ മാച്ച്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com