
കൊല്‍ക്കത്ത: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന് റോയല്‍സിന് കൂറ്റൻ വിജയം. 150 റണ്‍സിൻ്റെ വിജയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 13.1 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ജോസ് ബട്ലറുടെ (0) വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്.
ഇതോടെ 12 മത്സരങ്ങളിൽ 6 ജയവുമായി 12 പോയിന്റുകളോടെ രാജസ്ഥാൻ മൂന്നാം സ്ഥാനത്തെത്തി. ടേബിളിൽ രാജസ്ഥാന് മുന്നിൽ 15 പോയിന്റുമായി ചെന്നൈ രണ്ടാം സ്ഥാനത്തും 16 പോയിന്റുമായി ഗുജറാത്ത് ഒന്നാം സ്ഥാനത്തുമാണുള്ളത്. 10 പോയിന്റുമായി കൊൽക്കത്ത ഏഴാം സ്ഥാനത്താണുള്ളത്.
യഷസ്വി ജയ്സ്വാളിന്റെ ഗംഭീര പ്രകടനമാണ് രാജസ്ഥാന് മിന്നുന്ന വിജയം സമ്മാനിച്ചത്. താരം 47 പന്തില്‍ പുറത്താവതാെ 98 റൺസ് നേടി. ജയ്സ്വാളിനൊപ്പം മികച്ച കൂട്ടുകെട്ടുമായി നായകൻ സഞ്ജു സാംസൺ ക്രീസിൽ നിലകൊണ്ടു. 29 പന്തില്‍ 48 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്.
തുടക്കം മുതൽ വെടിക്കെട്ട് നടത്തിയ യശസ്വി ജയ്സ്വാൾ ഐപിഎല്ലിലെ പുതിയൊരു റെക്കോർഡും സ്വന്തമാക്കി. 13 പന്തിൽ നിന്ന് അര്‍ധ സെഞ്ചുറി നേടിയ ജയ്സ്വാൾ 2018-ല്‍ പഞ്ചാബിനെതിരെ 14 പന്തില്‍ നിന്ന് 50 തികച്ച കെ.എല്‍ രാഹുലിൻ്റെ റെക്കോർഡാണ് പഴങ്കഥയാക്കിയത്. 2022-ല്‍ കൊല്‍ക്കത്തയ്ക്കെതിരെ പാറ്റ് കമ്മിന്‍സും അതിവേഗ അര്‍ധ സെഞ്ചുറി സ്വന്തമാക്കിയിരുന്നു.
നാലു വിക്കറ്റ് നേടി മിന്നും പ്രകടനം കാഴ്ചവച്ച യൂസ്വേന്ദ്ര ചാഹല്ലിന്റെ ബൗളിങ് പ്രകടനം രാജസ്ഥാൻ്റെ വിജയം അസാധ്യമാക്കാൻ സഹായിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കോല്‍ക്കത്ത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. കൊല്‍ക്കത്തയ്ക്കായി വെങ്കടേഷ് അയ്യര്‍ (42 പന്തില്‍ 57) മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന താരമാവാനും ചാഹലിന് സാധിച്ചു. നാല് ഓവറില്‍ 25 റണ്‍സ് മാത്രമാണ് ചാഹല്‍ വഴങ്ങിയത്. ട്രന്റ് ബോള്‍ട്ടിന് രണ്ട് വിക്കറ്റുണ്ട്.
കൊല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ റോയ് മടങ്ങുന്നത്. ബോള്‍ട്ടിന്റെ പന്തില്‍ ബൗണ്ടറി ലൈനില്‍ ഷിംറോ ഹെറ്റ്മെയറുടെ അവിശ്വനീയ ക്യാച്ച്.
അപ്പോള്‍ സ്കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. അഞ്ചാം ഓവറില്‍ സഹഓപ്പമര്‍ റഹ്മാനുള്ള ഗുര്‍ബാസിനേയും (18) ബോള്‍ട്ട് മടക്കി. ഇത്തവണ സന്ദീപ് ശര്‍മയ്ക്ക് ക്യാച്ച്. തുടര്‍ന്ന് വെങ്കടേഷ്- നിതീഷ് റാണ (22) സഖ്യമാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ റാണയെ പുറത്താക്കി ചാഹല്‍ ബ്രേക്ക് ത്രൂ നല്കി. പിന്നീട് ക്രീസിലെത്തിയ ആന്ദ്രേ റസ്സല്‍ (10), ഷാര്‍ദുല്‍ ഠാക്കൂര്‍ (1), റിങ്കു സിംഗ് (16), സുനില്‍ നരെയ്ന് (6), എന്നിവര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചില്ല. അനുകൂല്‍ റോയ് (6) പുറത്താവാതെ നിന്നു.