#സ്പോര്‍ട്സ് ലേഖകന്‍
സച്ചിന് രമേഷ് ടെന്‍ഡുല്‍ക്കര്‍, ദി മാന്‍ ഫോര്‍ ഓള് സീസണ്. ഇന്ത്യ ഇത്രയധികം സ്നേഹിച്ച ഒരു വ്യക്തി ഉണ്ടാവില്ല. സച്ചിനെ കണ്ടും കേട്ടും അനുഭവിച്ചും ജനം നടന്ന ഒരു കാലഘട്ടമായിരുന്നു അത്. സച്ചിന് ഔട്ടായി ഇനി ടിവി ഓഫ് ചെയ്തു കിടക്കെടാ എന്ന് അമ്മമാര്‍ തന്റെ മക്കളോട് പറയുന്ന കാലഘട്ടം. സച്ചിന് ബാറ്റ് ചെയ്യുമ്പോള്‍ സെഞ്ചുറിക്കരികിലെങ്കില് സെഞ്ചുറി പൂര്‍ത്തിയാക്കാനായി ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നു കാലഘട്ടം. അങ്ങനെ ഇന്ത്യന്‍ ജനതയുടെ ദൈനം ദിന ജീവിതത്തില്‍ സച്ചിന് എന്നും നിറഞ്ഞു കളിച്ചിരുന്നു. ആ വലിയ ചെറിയ മനുഷ്യന് ഇന്ന് 50 വയസ് തികഞ്ഞു.
22 വാരയ്ക്കിടയില്‍ നിന്ന് അദ്ദേഹം വെട്ടിപ്പിടിച്ച സാമ്രാജ്യത്തിന്, വിരമിച്ച് 10 വര്‍ഷം കഴിയുമ്പോഴും പുതിയ ഭരണാധികാരിയില്ല എന്നത് തന്നെ സച്ചിന്റെ മഹത്വം എന്തെന്നു വിളിച്ചുപറയുന്നു. എത്രയെത്ര താരങ്ങള്‍ തിളങ്ങി നിന്നാലും സച്ചിന്റെ പ്രഭയ്ക്ക് ഒരു കുറവും സംഭവിക്കില്ല. അത്രയ്ക്കു പതിഞ്ഞ മുഖമാണ് നമുക്ക് സച്ചിന്റേത്. അമ്പതു വയസ് തികയുന്ന സച്ചിന് ജന്മദിനാശംസകള്
സച്ചിന്റെ ഇഷ്ടങ്ങളും താത്പര്യങ്ങളും സച്ചിനുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളും ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ ഒതുക്കിയാല്‍ എങ്ങനെയായിരിക്കുമെന്നു നോക്കാം.
എ ടു സെഡ് ഓഫ് സച്ചിന്
എ (അഞ്ജലി, അജിത്, അര്ജുന്)
സച്ചന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടവര്‍. സഹോദരന് അജിത് ആണ് സച്ചിനെ ക്രിക്കറ്റിലേക്ക് തിരിച്ചുവിട്ടത്. സച്ചിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ട് ഭാര്യ അഞ്ജലിയുമായി. സ്വന്തം ജോലി ഉപേക്ഷിച്ച് കരിയറിലുടനീളം സച്ചിനെ പിന്തുണച്ചു. സച്ചിന്റെ പാരമ്പര്യം നിലനിര്‍ത്താന്‍ അര്ജുന് ടെന്‍ഡുല്‍ക്കറും ക്രിക്കറ്റില്‍ സജീവം.
ബി (ബ്രിസ്റ്റോള്‍)
1999 ലോകകപ്പില്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ കെനിയയ്ക്കെതിരേ സെഞ്ചുറി നേടിയ വേദി. സച്ചിന്റെ അച്ഛന് പ്രഫ. രമേഷ് ടെന്‍ഡുല്‍ക്കര്‍ മരിച്ച ശേഷം ഒരാഴ്ചയ്ക്കുള്ളിലിയിരുന്നു സെഞ്ചുറി നേട്ടം. ആ സെഞ്ചുറി സച്ചിന് ഏറെ വൈകാരികമായി.
സി (സെഞ്ചൂറിയന്‍)
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളില്‍ ഒന്ന് പിറന്ന വേദി. 2003 ലോകകപ്പ് സെമിയില്‍ പാക്കിസ്ഥാനെതിരേയായിരുന്നു ഇത്. ഷോയ്ബ് അക്തറെയും വഖാര്‍ യൂനിസിനെയും നിലംപരിശാക്കിയ പ്രകടനം.
ഡി (ദി ഡോണ്‍)
ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റര്‍ സണ്‍ ഡൊണാള്‍ഡ് ബ്രാഡ്മാനുമായി സാദൃശ്യമുള്ള ബാറ്റിങ് പ്രകടനമാണ് സച്ചിന്റേത്. ഇത് ബ്രാഡ്മാന് തന്നെയാണ് പറഞ്ഞത്. ബ്രാഡ്മാനുശേഷം ക്രിക്കറ്റ് കണ്ട മികച്ച ബാറ്ററായാണ് സച്ചിന് വിലയിരുത്തപ്പെടുന്നത്.
ഇ (ഈഡന് ഗാര്‍ഡന്‍സ്)
വാംഖഡെ സ്റ്റേഡിയത്തിലാണ് തന്റെ കരിയറിലെ 200-ാം ടെസ്റ്റ് കളിച്ചതെങ്കില്‍ 199-ാമത്തേത് കോല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സിലായിരുന്നു. 1993 ഹീറോ കപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ അവിശ്വസീനയ ബൗളിങ് പ്രകടനത്തിലൂടെ ഇന്ത്യക്ക് സച്ചിന് വിജയം സമ്മാനിച്ച വേദി. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ അഞ്ച് റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ സച്ചിന് വഴങ്ങിയത് മൂന്നു റണ്‍സ് മാത്രം. എഫ് (ഫെറാരി)
ഫോര്‍മുല വണ്ണില്‍ സച്ചിന്റെ ഇഷ്ട ടീം. ഡോണ്‍ ബ്രാഡ്മാന്റെ സെഞ്ചുറി നേട്ടത്തിന് (29) ഒപ്പമെത്തിയപ്പോള്‍ ഫെറാരി കാറാണ് കമ്പനി സച്ചിന് സമ്മാനമായി നല്‍കിയത്. പിന്നീട് ഈ കാറിന്റെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉടലെടുത്തിരുന്നു.
ജിഗുന്ജന്വാല
പാക്കിസ്ഥാനിലെ ഗുന്ജന്വാലയിലെ വേദിയിലാണ് സച്ചിന്റെ ഏകദിന കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് 463 ഏകദിനങ്ങളില്‍ കളിച്ച സച്ചിന് എണ്ണിയാലൊടുങ്ങാത്ത റെക്കോഡുകള്‍ മറികടന്നു.
എച്ച് (ഹാരിസ് ഷീല്‍ഡ്)
മുംബൈയിലെ സ്കൂള്‍ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിന്റെ പേര്. ഇവിടെയാണ് വളരെ ചെറുപ്പത്തില്‍ സച്ചിനും വിനോദ് കാംബ്ലിയും ചേര്‍ന്ന് 664 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്. ദീര്‍ഘകാലം ഇത് റെക്കോഡായിരുന്നു.
ഐ(ഇന്‍സമാം ഉള് ഹഖ്)
മുന്‍ പാക് നായകന് ഇന്‍സമാം ഉള് ഹഖിന്റെ ആരാധനാപാത്രമാണ് സച്ചിന് ടെന്‍ഡുല്‍ക്കര്‍. 2004ലെ പാക് പര്യടനത്തിലെ പരിശീലനത്തിനിടെ ഇന്‍സമാം തന്റെ മകനെ സച്ചിന് പരിചയപ്പെടുത്തിക്കൊടുത്തു.
ജെ (ജോണ്‍ മക്കന്‍ റോ)
കൗമാര കാലഘട്ടത്തില്‍ സച്ചിന്റെ ടെന്നീസ് ഹീറോ. അമേരിക്കയുടെ ജോണ്‍ മക്കന്‍ റോയുടെ ചേഷ്ടകളും മറ്റും സച്ചിന് അനുകരിച്ചിരുന്നു.
കെ (കാംബ്ലി)
സച്ചിന്റെ ബാല്യകാല സുഹൃത്ത്. ഹാരിസ് ഷീല്‍ഡില്‍ കാംബ്ലിക്കൊപ്പം ലോക റെക്കോഡ് കൂട്ടുകെട്ടാണ് (664) സച്ചിന് പടുത്തുയര്‍ത്തിയത്. 'സച്ചിന് ലിഫ്റ്റില്‍ കയറി മുകളിലേക്ക് പോയി. എനിക്ക് സ്റ്റെയര്‍കേസ് കയറണം'. ഇതായിരുന്നു മത്സരത്തെക്കുറിച്ച് കംബ്ലി അന്നു പറഞ്ഞത്.
എല്‍ (ലാറ)
സച്ചിനാണോ ലാറയാണോ കേമന്‍? ഈ തര്‍ക്കം തുടരുമ്പോഴും ഇരുവര്‍ക്കുമിടയിലെ സൗഹൃദം ലോക ശ്രദ്ധയാകര്‍ഷിച്ചു. പരസ്പര ബഹുമാനത്തോടെ ഇരുവരും കണ്ടു. ലാറയ്ക്ക് സച്ചിനായിരുന്നു ഏറെ ഇഷ്ടമുള്ള ബാറ്റ്സ്മാന്. സച്ചിനാകട്ടെ, വിവിയന്‍ റിച്ചാര്‍ഡ്സ്.
എം (മക് ഗ്രാത്ത്)
സച്ചിന് ടെന്‍ഡുല്‍ക്കറും ഓസ്ട്രേലിയയുടെ ഗ്ലെന്‍ മക് ഗ്രാത്തുമായിരുന്നു ക്രിക്കറ്റിലെ ഏറ്റവും ശക്തരായ എതിരാളികള്‍. തൊണ്ണൂറുകളില്‍ ഇവര്‍ തമ്മിലുള്ള പോരാട്ടം ആരാധകരുടെ സിരകള്‍ക്ക് തീ പിടിപ്പിച്ചിരുന്നു.
എന്‍ (നര്‍സിങ് ഡിയോനരെയ്ന്‍)
സച്ചിന്റെ ക്രിക്കറ്റ് കരിയറില്‍ അവസാനം നേരിട്ട ബൗളര്‍. വെസ്റ്റ് ഇന്‍ഡീസിന്റെ നര്‍സിങ് ഡിയോനരെയ്ന്‍. സച്ചിന്റെ വിക്കറ്റ് വീഴ്ത്തിയ താരം. 2013ല്‍ വാംഖഡെയില്‍ നടന്ന ടെസ്റ്റില്‍ 74 റണ്‍സ് നേടിയ സച്ചിനെ പുറത്താക്കിയായിരുന്നു നര്‍സിങ് കഴിവു തെളിയിച്ചത്.
ഒ (ഓള്‍ഡ് ട്രഫോര്‍ഡ്)
മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയം സച്ചിനെ സംബന്ധിച്ച് ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. കരിയറിലെ ആദ്യ സെഞ്ചുറി പിറന്ന വേദി. ഇംഗ്ലണ്ടിനെതിരേ 1990ല്‍ 119 റണ്‍സാണ് 17കാരനായ സച്ചിന് അന്നു നേടിയത്. പിന്നീട് 100 സെഞ്ചുറികള്‍ സച്ചിന് പൂര്‍ത്തിയാക്കി എന്നതു ചരിത്രം.
പി (പെഷവാര്‍)
സച്ചിന്റെ തുടക്കം. പാക് പര്യടനത്തില്‍ ലോകോത്തര ബൗളര്‍മാര്‍ക്കെതിരായ ഏകദിന പോരാട്ടത്തില്‍ 18 പന്തില്‍ 53 റണ്‍സ് നേടി. 17 വയസ് തികയുന്നതിനു മുമ്പായിരുന്നു സച്ചിന്റെ ഈ പ്രകടനം. ടി-20 എന്ന ചിന്ത പോലും ഇല്ലാതിരുന്ന കാലത്തായിരന്നു സച്ചിന്റെ ഈ പ്രകടനം.
ക്യു (അബ്ദുള്‍ ഖാദിര്‍)
പെഷവാറില്‍ സച്ചിന് എന്ന കൗമാരക്കാരനെ നിരന്തരം സ്ലെഡ്ജ് ചെയ്ത് കളിയാക്കിയ ലോകോത്തര ബൗളറായ പാക്കിസ്ഥാന്റെ അബ്ദുള്‍ ഖാദിറിന്റെ ഒരോവറില്‍ 28 റണ്‍സ് അടിച്ചെടുത്താണ് അദ്ദേഹത്തിനുള്ള മറുപടി സച്ചിന് നല്‍കിയത്.
ആര് (രാഹുല്‍ ദ്രാവിഡ്)
സച്ചിന്റെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റ് പങ്കാളി. 20 തവണ ഇരുവക്കുമിടയില് സെഞ്ചുറിയോ അതിനു മുകളിലോ കൂട്ടുകെട്ടുണ്ടായിട്ടുണ്ട്. 6920 റണ്‍സും ഇരുവര്‍ക്കുമിടയില്‍ പിറന്നു.
എസ്(ശിവാജി പാര്‍ക്ക് ജിംഖാന)
രമാകാന്ത് അച്ചരേക്കറുടെ കണ്ണ് സച്ചിനില്‍ പതിഞ്ഞ സ്ഥലം. ഇവിടെനിന്നാണ് സച്ചിനെ രമാകാന്ത് പരിശീലിപ്പിച്ച് തുടങ്ങിയത്.
ടി (ടൊറന്റോ)
കാനഡയിലെ ടൊറന്റോയിലുള്ള സ്കേറ്റിങ് ആന്‍ഡ് കേര്‍ലിങ് ക്ലബ് ഗ്രൗണ്ട് സച്ചിന് എന്നും സ്പെഷലാണ്. ഏകദിനത്തില്‍ ആദ്യത്തെ മാന്‍ ഓഫ് ദ മാച്ച് ലഭിച്ച വേദി. പാക്കിസ്ഥാനെതിരേ 89 പന്തില്‍ 89 റണ്‍സാണ് സച്ചിന് നടിയത്.
യു ( യു2)
സച്ചിന് തലാ മങ്കേഷ്കറുടെ കടുത്ത ആരാധകനാണ്. എന്നാല്‍, ഇംഗ്ലീഷ് പാട്ടുകളുടെ കാര്യമെടുത്താല്‍ ഐറിഷ് റോക്ക് ബാന്‍ഡായ യു2വിന്റെ ആരാധകനാണ് സച്ചിന്. അവരുടെ വേര് സ്ട്രീറ്റ്സ് ഹാവ് നോ നെയിം .എന്ന് സോങ്ങാണ് വളരെ പ്രിയപ്പെട്ടത്.
വി (വിരാട് കോലി)
സച്ചിന് വിരമിച്ച ദിവസം വിരാട് കോലിക്ക് ഒരു ചെയിനാണ് സച്ചിന് സമ്മാനിച്ചത്. സച്ചിന്റെ പിതാവ് നല്കിയ ചെയിനാണ് അന്ന് വിരാടിന് സച്ചിന് സമമ്മാനിച്ചത്.
ഡബ്ല്യു(വിംബിള്‍ഡണ്‍)
വിംബിള്‍ഡണ്‍ ടെന്നീസിന്റെ വലിയ ആരാധകനാണ് സച്ചിന്. പലപ്പോഴും സെന്റര്‍കോര്‍ട്ടിലെ വിഐപി ഗാലറിയില്‍ സച്ചിന് കളി കാണാനെത്തും. അത് ഇന്നും തുടരുന്നു.
എക്സ് (സെന്റ് സേവ്യേഴ്സ് സ്കൂള്‍)
സച്ചിനും വിനോദ് കാംബ്ലിയും ചേര്‍ന്നുള്ള ലോകറെക്കോഡ് കൂട്ടുകെട്ട് (664 റണ്‍സ്) പടുത്തുയര്‍ത്തിയത് ശാരദാശ്രം വിദ്യാമന്ദിറില്‍ പഠിക്കുമ്പോഴായിരുന്നു. എന്ന് എതിരാൡയായി വന്നത് സെന്റ് സേവ്യേഴ്സ് സ്കൂള്‍ ആയിരുന്നു.
വൈ (യോര്‍ക്ക്ഷയര്‍)
ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബായ യോര്‍ക്ക്ഷയറിനു വേണ്ടി കളിക്കുന്ന ആദ്യ വിദേശതാരമായിരുന്നു സച്ചിന് ടെന്‍ഡുല്‍ക്കര്‍. വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ക്ലബ് എന്ന ദുഷ്പേര് ഉണ്ടായിരുന്ന ക്ലബ്ബിന്റെ ആ പേര് മാറിയത് സച്ചിന് അവിടെയെത്തിയ ശേഷമായിരുന്നു.
സെഡ് (സിംബാബ്വെ)
സിംബാബ് വെ താരം ഹെന് റി ഒളോംഗയുമായുള്ള സച്ചിന്റെ വൈരം ലോകപ്രശസ്തമാണ്. 1998 ചാംപ്യന്‍സ് ട്രോഫിയില്‍ ഷാര്‍ജയില്‍ വച്ച് ഒളോംഗയ്ക്കെതിരായ സച്ചിന്റെ ബാറ്റിങ് പ്രകടനം ഇന്നും ആവേശത്തിരയിളക്കും. --