
മികച്ച പ്രകടനവും ക്യാപ്റ്റന്‍സിയുമായി രാജസ്ഥാന് റോയല്‍സിനെ നയിക്കുന്ന സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍ അവസരമൊരുക്കണമെന്ന ആവശ്യമായി മുന്‍ താരങ്ങളും ആരാധകരും രംഗത്ത്. പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ സഞ്ജുവിനെ ടീമിലെടുക്കാന്‍ ഇനിയും വൈകരുതെന്ന് പറഞ്ഞു. ഇന്ത്യന്‍ ടി-20 ടീമില്‍ സഞ്ജുവിനെ കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞാനായിരുന്നെങ്കില്‍ സഞ്ജുവെ എന്നും ഇന്ത്യന്‍ ടി-20 ടീമില്‍ കളിപ്പിച്ചേനേ.- ഹര്‍ഷ ഭോഗ്ലെ പറഞ്ഞു.
അതുപോലെ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കണമെന്ന് സ്പിന്‍ ഇതിഹാസം ഹര്ഭജന് സിങ് വ്യക്തമാക്കി. 'വമ്പന്‍ പ്രകടനം. ക്യാപ്റ്റന്റെ കളി. ഇത്തരമൊരു പ്രകടനം പുറത്തെടുക്കണമെങ്കില്‍ മറ്റ് താരങ്ങളേക്കാള്‍ ധൈര്യം വേണം. സഞ്ജു ഒരു സ്പെഷ്യല്‍ താരമാണ്. ഷിമ്രോന്‍ ഹെറ്റ്മെയറേക്കാള്‍ ഇംപാക്ട് സഞ്ജു മത്സരത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. സഞ്ജു കൈപ്പിടിയിലൊതുക്കിയ മത്സരമാണ് ഹെറ്റ്മെയര്‍ ഫിനിഷ് ചെയ്തത്.
നിങ്ങള്‍ക്ക് നിങ്ങളുടെ കഴിവില്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ മത്സരം അവസാനം വരെ കൊണ്ടുപോകാം. എം എസ് ധോണി അങ്ങനെ മത്സരം കൊണ്ടുപോവുകയും ഫിനിഷ് ചെയ്യുകയും ചെയ്യുന്നയാളാണ്. ധോണിക്ക് തന്റെ കഴിവില്‍ വിശ്വാസമുണ്ട്. അവസാന ഓവര്‍ വരെ നിന്നാല്‍ മത്സരം ഫിനിഷ് ചെയ്യാമെന്ന ആത്മവിശ്വാസമുണ്ട് ധോണിക്കും സഞ്ജുവിനും. ഹെറ്റ്മെയറും അതുതന്നെയാണ് ചെയ്തത്. അവസാനം വരെ നിന്ന് മത്സരം ഫിനിഷ് ചെയ്തു. എന്നാല്‍ മത്സരം അവസാനം വരെ എത്തിച്ചത് സഞ്ജു സാംസണാണ്. സഞ്ജുവിന് ഏറെ കഴിവുണ്ട്. അദേഹം ഇന്ത്യക്കായി കളിക്കണം' എന്നും ഹര്ഭജന് സിംഗ് വ്യക്തമാക്കി.
അതിനിടെ, രാജസ്ഥാന് റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയതോടെ ഭാവിയിലെ ഇന്ത്യന്‍ ക്യാപ്റ്റനെ കുറിച്ചുള്ള ചര്‍ച്ചയും തുടങ്ങി. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയെ നയിക്കുന്നത് ഹാര്‍ദിക് പാണ്ഡ്യയാണ്.
എന്നാല്‍ ഹാര്‍ദിക്കിനേക്കാള്‍ നല്ലത് രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണാണെന്നുള്ള വാദമാണ് ഒരുഭാഗത്ത് നിന്ന് ഉയരുന്നത്. എന്നാല്‍ സഞ്ജുവിന് ടി20 ടീമില്‍ ഒരു ലോങ് റണ്‍ പോലും നല്‍കുന്നില്ലെന്നുള്ളതാണ് വാസ്തവം. അതിന് പറയത്തക്ക കാരണങ്ങളുമുണ്ട്.
ഹാര്‍ദിക്കിന്റെ ചൂടന്‍ സ്വഭാവമാണ് അദ്ദേഹത്തെ അകറ്റിനിര്‍ത്തുന്നത്. ഇത്തരത്തില്‍ സഹതാരങ്ങളോട് കയര്‍ത്ത് സംസാരിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ക്യാപ്റ്റനെ അല്ല ഇന്ത്യന്‍ വേണ്ടതെന്നാണ് ആരാധകരുടെ പക്ഷം. തീര്‍ത്തും പക്വതയില്ലായ്മയാണ് ഹാര്‍ദിക്ക് കളത്തില്‍ കാണിക്കുന്നത്. ഇന്നലെ സഞ്ജുവിനെ അനാവശ്യമായി പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമായിരുന്നു. ഇതെല്ലാം ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, മുന്‍ മത്സരത്തില്‍ കോച്ച് ആശിഷ് നെഹ്റയോടും ഹാര്‍ദിക് മോശമായി സംസാരിച്ചിരുന്നു.
എന്നാല്‍ ഹാര്‍ദിക്കിന്റെ നേരെ വിപരീതമാണ് സഞ്ജു. കളത്തില്‍ തീര്‍ത്തും ശാന്തന്. തന്ത്രങ്ങളൊരുക്കുന്നില്‍ ഇപ്പോള്‍ തന്നെ സഞ്ജുവിനെ ധോണിയോടാണ് ഉപമിക്കുന്നത്. ധോണിക്ക് ശേഷം ഇന്ത്യയെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ സഞ്ജുവാണെന്ന് ഒരു കൂട്ടം ആരാധകര്‍ വാദിക്കുന്നത്. സഞ്ജു എടുത്തുചാടി തീരുമാനങ്ങളെടുക്കില്ല.
തന്റെ താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനും എങ്ങനെ ഉപയോഗിക്കണമെന്നും സഞ്ജുവിനു നല്ലത് പോലെ അറിയാമെന്നും ക്രിക്കറ്റ് ആരാധകുടെ വാദം.