
മുംബൈ: ഇന്‍ഡോര്‍ ടെസ്റ്റില്‍ പാറ്റ് കമ്മിന്‍സും കളിക്കില്ല. ഇതോടെ വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താകും ഓസ്ട്രേലിയന്‍ ടീമിനെ നയിക്കുക. അതുപോലെ ഫിറ്റ്സസ് വീണ്ടെടുത്ത കാമറൂണ്‍ ഗ്രീനും മിച്ചല്‍ സ്റ്റാര്‍ക്കും കൂടി ടീമിലെത്തുമ്പോള്‍ ഓസ്ട്രേലിയ കൂടുതല്‍ കരുത്തരാകും.
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് മുന്‍ നായകനായ സ്റ്റീവ് സ്മിത്തിന് രണ്ട് വര്‍ഷത്തെ ക്യാപ്റ്റന്‍സി വിലക്ക് നേരിട്ടിരുന്നു. പിന്നീട് കമിന്‍സിന് കീഴില്‍ ഓസ്ട്രേലിയയുടെ വൈസ് ക്യാപ്റ്റനായ സ്മിത്ത് കമിന്‍സിന്റെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെയും ആഷസില്‍ ഇംഗ്ലണ്ടിനെതിരെയും ഓരോ ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ താല്‍ക്കാലിക നായകനായി ടീമിനെ നയിച്ചിട്ടുണ്ട്.
ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിയിലെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച് ഇന്ത്യ പരമ്പരയില്‍ 2-0ന് മുന്നിലാണ്. മാര്‍ച്ച് ഒന്ന് മുതല്‍ ഇന്‍ഡോറിലാണ് മൂന്നാം ടെസ്റ്റ്. ഇതിന് ശേഷം ഒന്‍പതാം തിയതി അഹമ്മദാബാദില്‍ നാലാമത്തെയും അവസാനത്തേയും ടെസ്റ്റ് നടക്കും.
അസുഖ ബാധിതയായി ചികിത്സയില്‍ കഴിയുന്ന മാതാവിനെ കാണാനായാണ് രണ്ടാം ടെസ്റ്റിനുശേഷം കമിന്‍സ് നാട്ടിലേക്ക് തിരിച്ചത്.
അമ്മ പാലിയേറ്റീവ് കെയറിലാണെന്നും ഈ സമയം കുടുംബത്തിനൊപ്പം നില്‍ക്കാനാണ് താന്‍ താല്പര്യപെടുന്നതെന്നും കമിന്‍സ് വ്യക്തമാക്കി. ക്രിക്കറ്റ് ഓസ്ട്രേലിയയും ആരാധകരും നല്കുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും കമിന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.