
അഹമ്മദാബാദ്: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ നിലവിലുള്ള ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന് ഹൈദരാബാദ് സണ്‍ റൈസേഴ്സിനെതിരേ 34 റൺസിൻ്റെ മിന്നും ജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിൽ സണ്‍റൈസേസ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 154 റൺസിന് കീഴടങ്ങുകയായിരുന്നു. ജയത്തോടെ 18 പോയിന്റുമായി ഗുജറാത്ത് ഒന്നാം സ്ഥാനത്താണുള്ളത്. 12 മത്സരങ്ങളിൽ 8 പോയിന്റുമായി ഹൈദരാബാദ് ഒൻപതാം സ്ഥാനത്താണുള്ളത്.
സണ്‍റൈസേഴ്സിൻ്റെ ബാറ്റർമാർ തുടക്കത്തിൽ തന്നെ പതറുന്ന കാഴ്ച്ചയാണ് കണ്ടത്. ആദ്യ പത്ത് ഓവറിനുള്ളിൽ ഹൈദരാബാദിൻ്റെ 7 വിക്കറ്റുകൾ ഗുജറാത്ത് നേടി കഴിഞ്ഞിരുന്നു. ഹെൻറിച്ച് ക്ലാസ്സെനൊഴികെ വേറെ ആർക്കും സ്കോർ കണ്ടെത്താൻ കഴിഞ്ഞില്ല. 44 പന്തിൽ 3 സിക്സറും 4 ഫോറുമടക്കം 64 റൺസ് താരം നേടി. ഭുവനേശ്വർ കുമാർ 26 പന്തിൽ 27 റൺസ് നേടി ബേധപ്പെട്ട പ്രകടനം കാഴ്ചവച്ചു.
അൻമോൽപ്രീത് സിംഗ്(5), അഭിഷേക് ശർമ (5), മാർക്രം (10), രാഹുൽ ത്രിപതി (1), സൻവിർ സിംഗ് (7), അബ്ദുൾ സമദ് (4), മാർക്കോ ജെൻസൻ (3), മയാങ്ക് മാർകണ്ഡേ (18 നോട്ട് ഔട്ട്), ഫസൽഹഖ് ഫാറൂഖി (1 നോട്ട് ഔട്ട്) എന്നിങ്ങനെയാണ് മറ്റു സ്കോറുകൾ. ഗുജറാത്തിനായി മോഹിത് ശർമ, മുഹമ്മദ് ഷമിഎന്നിവർ 4 വിക്കറ്റുകൾ വീഴ്ത്തി.
സെഞ്ചുറി നേടി മികച്ച ഫോം തുടരുന്ന ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന്റെ സെഞ്ചുറി മികവിലാണ് ഗുജറാത്ത് ഭേദപ്പെട്ട സ്കോര്‍ നേടിയത്. 58 പന്തില്‍ 13 ബൗണ്ടറികളും ഒരു സിക്സുമടക്കം 101 റണ്‍സ് റണ്‍സാണ് ഗില്ലിന്റെ ക്ലാസിക് ഇന്നിങ്സില്‍ പിറന്നത്. സായി സുദര്ശന് 36 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്സുമടക്കം 47 റണ്‍സ് നേടി. ഇരുവര്ക്കുമൊഴികേ മറ്റൊരു ബാറ്റര്‍ക്കും രണ്ടക്കം പോലും കാണാനായില്ല.
ഒരു ഘട്ടത്തില്‍ 200-ലേറെ റണ്‍സ് പിറക്കുമെന്നു തോന്നിപ്പിച്ച ശേഷമാണ് ഗുജറാത്ത് ഇങ്ങനെ പുറത്തായത്. ഗുജറാത്തിന്റെ നാല് ബാറ്റര്‍മാരാണ് പൂജ്യത്തിനു പുറത്തായത്. ഹൈദരാബാദിനു വേണ്ടി ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 30 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് സ്വന്തമാക്കി. മാര്‍കോ ജാന്സണ്, ഫറൂഖി, നടരാജന് എന്നിവര്‍ ഓരോ വിക്കറ്റും നേടി.