
ദുബായ്: ഇന്ത്യയുുടെ ബാറ്റിങ് സെന്സേഷന് സൂര്യകുമാര്‍ യാദവ് ഐസിസിയുടെ ട്വന്റി 20 റാങ്കിംഗില്‍ വലിയ ഉയരത്തില്‍. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച റേറ്റിംഗ് പോയിന്റിലെത്തിയ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യക്ക് ഇപ്പോള്‍ 910 റേറ്റിങ് പോയിന്റാണുള്ളത്. ന്യൂസിലന്‍ഡിനെതിരെ റാഞ്ചിയില്‍ നടന്ന ആദ്യ ടി-20യില്‍ 47 റണ്‍സ് നേടിയതോടെയാണ് സൂര്യയുടെ പോയിന്റ് 910ലെത്തിയത്. രണ്ടാം മത്സരത്തില്‍ പുറത്താവാതെ 26 റണ്‍സും സൂര്യ നേടിയിരുന്നു. 2020ല്‍ 915 റേറ്റിംഗ് പോയിന്റിലെത്തിയ ഡേവിഡ് മലാന്റെ റെക്കോര്‍ഡ് തകര്‍ക്കാനൊരുങ്ങുകയാണ് സൂര്യകുമാര്‍ യാദവ്.
പുരുഷ ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയിന്റാണ് മലാന്റെ പേരിലുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ 239 റണ്‍സ് നേടിയതോടെയാണ് ടി20 ബാറ്റര്‍മാരില്‍ സൂര്യ തലപ്പത്ത് എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച പുരുഷ ടി20 ബാറ്റര്‍ക്കുള്ള ഐസിസിയുടെ പുരസ്കാരം ഇതോടെ സ്കൈ സ്വന്തമാക്കിയിരുന്നു. പുതിയ റാങ്കിംഗില്‍ സൂര്യകുമാര്‍ യാദവിന്റെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടിയിട്ടില്ല. കിവീസ് താരങ്ങളാണ് സൂര്യക്ക് വെല്ലുവിളിയായുള്ളത്. മൂന്നാം സ്ഥാനത്ത് ഡെവോണ്‍ കോണ്‍വെ തന്നെ തുടരുന്നു. പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാനാണ് രണ്ടാമത്. എട്ട് സ്ഥാനങ്ങളുയര്‍ന്ന കിവീസ് ഓപ്പണര്‍ ഫിന് അലന് പത്തൊമ്പതാമെത്തി.