ഒടുവിൽ പഞ്ചാബും വീണു

ഐപിഎൽ സീസണിൽ പഞ്ചാബ് കിങ്സിന്‍റെ അപരാജിത കുതിപ്പിന് രാജസ്ഥാൻ റോയൽസിനു മുന്നിൽ അന്ത്യം
PBKS vs RR IPL 2026

പഞ്ചാബ് കിങ്സിനെതിരേ ഹെലികോപ്റ്റർ ഷോട്ടിലൂടെ സിക്സർ പറത്തുന്ന രാജസ്ഥാൻ റോയൽസ് ഓപ്പണർ വൈഭവ് സൂര്യവംശി.

Updated on

ന്യൂ ചണ്ഡിഗഡ്: ഐപിഎൽ സീസണിൽ പഞ്ചാബ് കിങ്സിന്‍റെ തോൽവിയറിയാത്ത കുതിപ്പിന് രാജസ്ഥാൻ റോയൽസ് അന്ത്യം കുറിച്ചു. എങ്കിലും എട്ട് മത്സരങ്ങളിൽ 13 പോയിന്‍റുമായി അവർ പോയിന്‍റ് പട്ടികയിൽ മുന്നിൽ തന്നെ. ആറ് മത്സരങ്ങൾ ജയിപ്പോൾ പഞ്ചാബിന്‍റെ ഒരു മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.

ഇത്തവണ രാജസ്ഥാൻ റോയൽസിനെതിരേ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ്, നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 222 റൺസാണ് സ്കോർ ചെയ്തത്. എന്നാൽ, നാല് പന്ത് ശേഷിക്കെ രാജസ്ഥാൻ ആറ് വിക്കറ്റ് ജയം പിടിച്ചെടുക്കുകയായിരുന്നു. രാജസ്ഥാനു വേണ്ടി ധ്രുവ് ജുറൽ ഒഴികെ ക്രീസിലിറങ്ങിയ എല്ലാ ബാറ്റർമാരും നിർണായക സംഭാവന നൽകി. കൗമാര ഓപ്പണർ വൈഭവ് സൂര്യവംശിയുടെ മറ്റൊരു വെടിക്കെട്ട് പ്രകടനവും യശസ്വി ജയ്സ്വാളിന്‍റെയും ഡൊണോവൻ ഫെരേരയുടെ അർധ സെഞ്ചുറികളും കരുത്തായി.

നേരത്തെ, ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബിനു വേണ്ടി ഇടങ്കയ്യൻ ഓപ്പണർ പ്രിയാംശ് ആര്യ മറ്റൊരു ബാറ്റിങ് വെടിക്കെട്ടിനു കൂടി തിരി കൊളുത്തിയെങ്കിലും, 11 പന്തിൽ 29 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ കൂപ്പർ കൊണോലിയും (14 പന്തിൽ 30) മോശമാക്കിയില്ല.

അതേസമയം, മറുവശത്ത് പ്രഭ്സിമ്രൻ സിങ്ങിന് സ്ട്രൈക്ക് റേറ്റ് ഉയർത്താൻ കഴിയാതിരുന്നത് പഞ്ചാബ് കിങ്സിന്‍റെ സ്കോറിങ്ങിനു തുടക്കത്തിൽ ബ്രേക്കിട്ടു. പ്രഭ്സിമ്രൻ അർധ സെഞ്ചുറി നേടിയെങ്കിലും, 44 പന്തിൽ 59 റൺസ് മാത്രമാണ് നേടിയത്. സ്ട്രൈക്ക് റേറ്റ് 134 മാത്രം. ആറ് ഫോറും ഒരു സിക്സറും ഉൾപ്പെട്ടതായിരുന്നു പ്രഭ്സിമ്രന്‍റെ ഇന്നിങ്സ്.

അടിച്ചു തകർക്കാൻ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ രാജസ്ഥാൻ ബൗളർമാർ അനുവദിച്ചില്ല. 27 പന്തിൽ 30 റൺസ് മാത്രമാണ് ശ്രേയസിനു നേടാനായത്. അവസാന ഓവറുകളിൽ ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയ്നിസ് നടത്തിയ കടന്നാക്രമണമാണ് പഞ്ചാബിന്‍റെ ഇമേജ് കാത്തത്. വെറും 22 പന്ത് നേരിട്ട സ്റ്റോയ്നിസ് ആറ് സിക്സും നാല് ഫോറും സഹിതം 62 റൺസെടുത്ത് പുറത്താകാതെ നിന്നു.

PBKS vs RR IPL 2026

പഞ്ചാബ് കിങ്സിനെതിരേ രാജസ്ഥാൻ റോയൽസ് താരം മാർക്കസ് സ്റ്റോയ്നിസിന്‍റെ ഷോട്ട്.

മറുപടി ബാറ്റിങ്ങിൽ അർഷ്‌ദീപ് സിങ്ങും ലോക്കി ഫെർഗൂസനും മാർക്കോ യാൻസനും അടക്കമുള്ള അന്താരാഷ്ട്ര ബൗളർമാരെ നിരന്തരം ഗ്യാലറിയിലേക്കു പറത്തിക്കൊണ്ട് സൂര്യവംശിയുടെ അഴിഞ്ഞാട്ടം. 16 പന്തിൽ 43 റൺസെടുത്ത് മടങ്ങുമ്പോൾ മൂന്നു ഫോറും അഞ്ച് സിക്സറും പിറന്നു കഴിഞ്ഞിരുന്നു.

ഇതോടെ ജയ്സ്വാൾ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 20 പന്തിൽ 16 റൺസ് മാത്രം നേടിയ ധ്രുവ് ജുറലിന്‍റെ പ്രകടനം ഇന്നിങ്സിന്‍റെ വേഗം കുറയ്ക്കാൻ കാരണമായി. എന്നാൽ, തുടർന്നെത്തിയ ക്യാപ്റ്റൻ റിയാൻ പരാഗ് 16 പന്തിൽ 29 റൺസുമായി കത്തിക്കയറി.

ജയ്സ്വാൾ 27 പന്തിൽ 51 റൺസുമായി പുറത്തായെങ്കിലും ഫെരേരയുടെയും (26 പന്തിൽ 52*) ശുഭം ദുബെയുടെയും (12 പന്തിൽ 31*) അവസരോചിതമായ ബാറ്റിങ് പ്രകടനങ്ങൾ ടീമിന്‍റെ ജയം ഉറപ്പാക്കി.

അപരാജിതമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ 77 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്. ഫെരേര പ്ലെയർ ഓഫ് മാച്ച് ആയും തെരഞ്ഞെടുക്കപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com