
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വിജയിച്ച് കിരീടം നേടുന്ന ടീമിന് 1.6 ദശലക്ഷം ഡോളര്‍ (ഏകദേശം 13.21 കോടി രൂപ) ആണ് സമ്മാനമായി ലഭിക്കുന്നത്. റണ്ണേഴ്സ് അപ്പിന് എട്ട് ലക്ഷം ഡോളറാണ് (ഏകദേശം 6.61 കോടി രൂപ) സമ്മാനത്തുക. 3.8 ദശലക്ഷം ഡോളറാണ് (ഏകദേശം 32 കോടിയോളം രൂപ) ഒമ്പത് ടീമുകള്‍ക്കുമായി പങ്കിട്ട് നല്‍കുക.
വിജയികള്‍, റണ്ണേഴ്സ് അപ്പ് എന്നിവരുള്‍പ്പെടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ ഒമ്പത് ടീമുകള്‍ക്കും കൂടിയുള്ള പ്രതിഫലവും ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഫല തുക 2019-21 ചാംപ്യന്‍ഷിപ്പില്‍ നല്‍കിയതില്‍ നിന്നും മാറ്റമില്ലെന്ന് ഐസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ് അവസാനിക്കുന്നതിന് പിന്നാലെ ഇന്ത്യയെ കാത്തിരിക്കുന്നത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ്. അവസാന സീസണിലെ ഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റ ഇന്ത്യക്ക് ഇത്തവണ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് കപ്പടിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണ്. ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയെക്കാള്‍ മുന്‍തൂക്കം ഓസ്ട്രേലിയക്കാണ്. ഓസ്ട്രേലിയയെ നാട്ടില്‍ ടെസ്റ്റ് പരമ്പരയില്‍ തകര്‍ക്കാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യം ഇന്ത്യക്ക് വലിയ വെല്ലുവിളി തന്നെയാണ്.
മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡും ചില കളിക്കാരുമുള്പ്പെട്ട ഇന്ത്യയുടെ ആദ്യത്തെ സംഘം ഇതിനകം ഇംഗ്ലണ്ടിലെത്തിക്കഴിഞ്ഞു. ജൂണ്‍ ഏഴു മുതലാണ് ലോക കിരീടത്തിനായി ഇന്ത്യയും പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസ്ട്രേലിയയും കൊമ്പുകോര്‍ക്കുന്നത്.