
ഐപിഎൽ സ്കോർ ബോർഡിൽ ഓരോ ഡോട്ട് ബോളും കഴിയുമ്പോൾ ഒരു മരത്തിന്‍റെ അനിമേറ്റഡ് ചിത്രം തെളിഞ്ഞുവരുന്നത് ക്രിക്കറ്റ് പ്രേമികൾ ശ്രദ്ധിച്ചിട്ടുണ്ടാവും. എന്താണീ മരമെന്നു ചിന്തിച്ചു കാടുകയറിയവർ ഏറെ. ഏതെങ്കിലും ബ്രാൻഡിന്‍റെ പരസ്യമാണോ എന്നും ചിലരൊക്കെ സംശയിച്ചു.
എന്നാൽ, സംഗതി ഇതൊന്നുമല്ല. ഐപിഎല്ലിലെ ഓരോ ഡോട്ട് ബോളിനും രാജ്യത്ത് അഞ്ഞൂറ് മരം വീതം നടാനുള്ള ബിസിസിഐ തീരുമാനത്തിന്‍റെ ഭാഗമാണ് സ്കോർ ബോർഡിൽ തെളിയുന്ന മരം. സ്കോർ ബോർഡിൽ ഒരു മരം തെളിയുമ്പോൾ രാജ്യത്ത് അഞ്ഞൂറ് മരത്തൈകൾ നടുന്നു എന്നതാണ് ആശയം.
ബൗണ്ടറികൾക്കു പേരുകേട്ട ഇന്ത്യൻ പ്രീമിയർ ലീഗിൽ സിക്സിനും ഫോറിനും മരം വച്ചാൽ മുതലാവില്ലെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാവണം ഡോട്ട് ബോളുകൾക്ക് മരം വയ്ക്കാമെന്ന തീരുമാനത്തിൽ ബിസിസിഐ എത്തുന്നത്.
ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ നടന്ന ആദ്യ ക്വാളിഫയറിൽ 84 ഡോട്ട് ബോളുകളുണ്ടായിരുന്നു. അതായത്, 42000 മരങ്ങൾ!