ആർസിബിയെ വിറപ്പിച്ച് ഗുജറാത്ത്

വിരാട്-ദേവദത്ത് തുടക്കത്തിൽ തിളങ്ങിയെങ്കിലും മധ്യനിര തകർച്ചയിൽ ആർസിബി 155ൽ ഒതുങ്ങി
GT vs RCB IPL 2026

ഗുജറാത്ത് ടൈറ്റൻസ് താരങ്ങൾ ശുഭ്മൻ ഗിൽ, ജേസൺ ഹോൾഡർ, കാഗിസോ റബാദ, ആർസിബിക്കെതിരായ മത്സരത്തിനിടെ.

Updated on

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിന്‍റെ ബൗളിങ് കരുത്തിനു മുന്നിൽ മുട്ടുവിറച്ച് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ബാറ്റിങ് പവർഹൗസ്. ഐപിഎൽ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ആർസിബി 19.2 ഓവറിൽ 155 റൺസിന് ഓൾഔട്ടായി. തകർത്തടിച്ച ഗുജറാത്ത് വെറും 15.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യവും നേടി.

അഞ്ച് പന്തിൽ അഞ്ച് റൺസെടുത്ത ഇംഗ്ലിഷ് ഓപ്പണർ ജേക്കബ് ബഥേലിന്‍റെ വിക്കറ്റാണ് ആദ്യം വീണത്. എങ്കിലും വിരാട് കോലിയും ദേവദത്ത് പടിക്കലും ചേർന്ന് സ്കോറിങ്ങിനു കുതിപ്പേകി. വെറും 13 പന്തിൽ 28 റൺസെടുത്ത കോലി വീണതോടെ അതു കഴിഞ്ഞു.

ദേവദത്ത് പ്രതീക്ഷയുണർത്തിയെങ്കിലും 24 പന്തിൽ 40 റൺസുമായി മടങ്ങി. തുടർന്നെത്തിയവർ ക്യാപ്റ്റൻ രജത് പാട്ടീദാർ (19), റൊമാരിയോ ഷെപ്പേർഡ് (17), വെങ്കടേഷ് അയ്യർ (12), ഭുവനേശ്വർ കുമാർ (15) എന്നിവർക്കു മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്.

ഗുജറാത്ത് ടൈറ്റൻസിനു വേണ്ടി ഇടങ്കയ്യൻ പേസ് ബൗളർ അർഷദ് ഖാൻ 22 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ജേസൺ ഹോൾഡർ, റാഷിദ് ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോൾ, മുഹമ്മദ് സിറാജിനും കാഗിസോ റബാദയ്ക്കും ഓരോ വിക്കറ്റ്.

ഗുജറാത്തിന്‍റെ‌ മറുപടി ബാറ്റിങ്ങിൽ ഇൻ ഫോം ഓപ്പണർ സായ് സുദർശൻ (6) പെട്ടെന്നു മടങ്ങിയെങ്കിലും, സ്കോറിങ് നിരക്ക് ഉയർത്തുന്നതിൽ ശുഭ്മൻ ഗിൽ പതിവില്ലാത്ത ആവേശം കാണിച്ചു. 18 പന്തിൽ നാല് ഫോറും മൂന്നു സിക്സും സഹിതം 43 റൺസെടുത്ത് ക്യാപ്റ്റൻ മടങ്ങുമ്പോൾ അഞ്ചോവറിൽ 57 റൺസായിരുന്നു. ജോസ് ബട്ലറും (19 പന്തിൽ 39) രാഹുൽ തേവാത്തിയയും (17 പന്തിൽ 27 നോട്ടൗട്ട്) കൂടി തകർത്തടിച്ചതോടെ നെറ്റ് റൺറേറ്റ് ബൂസ്റ്റ് ചെയ്യുന്ന വിജയത്തിലേക്ക് ഗുജറാത്ത് എത്തിച്ചേരുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com