മത്സരത്തിനിടെ സഞ്ജുവിന് എന്തുപറ്റി? സൂപ്പർ ഓവർ കളിക്കാൻ പരാഗ് എന്തിനു വന്നു?

ഡൽഹി ക്യാപ്പിറ്റൽസിനെതിരേ രാജസ്ഥാൻ റോയൽസിനു സംഭവിച്ചത് തന്ത്രപരമായ വീഴ്ച? പരാഗും ഹെറ്റ്മെയറും പരാജയം, രാഹുൽ ദ്രാവിഡിന്‍റെ പദ്ധതി പാളി.
What happened to Sanju Samson, Why Riyan Parag in super over

സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ്

Updated on

സൂപ്പർ ഓവറിൽ വിജയികളെ നിർണയിച്ച ഡൽഹി ക്യാപ്പിറ്റൽസ് - രാജസ്ഥാൻ റോയൽസ് മത്സരത്തിൽ നിർണായകമായ് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെ പരുക്ക്. ഡൽഹി ക്യാപ്പിറ്റൽസ് മുന്നോട്ടുവച്ച 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന്‍റെ ഇന്നിങ്സ് ആറാം ഓവറിലെത്തിയപ്പോഴാണ് സഞ്ജുവിനു പരുക്കേൽക്കുന്നത്. 5.3 ഓവറിൽ ടീം സ്കോർ 61 റൺസ് എത്തിയിരുന്നു.

ലെഗ് സ്പിന്നർ വിപ്രജ് നിഗമിന്‍റെ പന്ത് കട്ട് ചെയ്യാൻ ശ്രമിച്ച് മിസ്സായ സഞ്ജു പെട്ടെന്ന് ഇടതുവശത്തെ വാരിയെല്ലിന്‍റെ ഭാഗത്ത് അമർത്തിപ്പിടിച്ച് ടീം ഫിസിയോയുടെ സഹായം തേടി.

നിഗം അവസാനം എറിഞ്ഞ പന്ത് നോബോളായിരുന്നതിനാൽ ബ്രേക്കിനു ശേഷം ഫ്രീ ഹിറ്റ്. ലോങ് ഓഫിലേക്ക് കളിച്ച സഞ്ജു റണ്ണെടുക്കാൻ ഓടാൻ പോലുമാകാതെ പിച്ചിന്‍റെ സൈഡിലേക്ക് മാറി വീണ്ടും വാരിയെല്ലിന്‍റെ ഭാഗത്ത് അമർത്തിപ്പിടിച്ചു നിന്നു. പിന്നെ ബാറ്റിങ് തുടരാതെ പവലിയനിലേക്കു മടങ്ങി. 19 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സും സഹിതം 31 റൺസാണ് സഞ്ജുവിന്‍റെ അക്കൗണ്ടിലുണ്ടായിരുന്നത്.

സഞ്ജുവിനു പകരം കളിക്കാനിറങ്ങിയത് ഫോമൗട്ടായ റിയാൻ പരാഗ്. ലെഫ്റ്റ് - റൈറ്റ് കോംബിനേഷൻ വേണമെന്ന വാശിയിൽ കോച്ച് രാഹുൽ ദ്രാവിഡ് ഇൻഫോം ബാറ്റർ നിതീഷ് റാണയെ അപ്പോഴും പവലിയനിൽ ഇരുത്തിയിട്ടുണ്ടായിരുന്നു. 11 പന്തിൽ 8 റൺസ് മാത്രം നേടിയ പരാഗിന്‍റെ ഇന്നിങ്സ് അന്തിമ ഫലത്തിൽ ഡൽഹിക്ക് ഏറെ സഹായകമായി.

റൺ ചെയ്സ് നിർണായക ഘട്ടത്തിലെത്തിയിട്ടും സഞ്ജുവിന് ബാറ്റിങ്ങിനിറങ്ങാനാവാത്തത് പരുക്കിന്‍റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നതായിരുന്നു. കളി സൂപ്പർ ഓവറിലേക്കു നീണ്ടപ്പോഴും ബാറ്റ് ചെയ്യാനിറങ്ങിയത് ഫോമിലല്ലാത്ത റിയാൻ പരാഗ് തന്നെ! മത്സരത്തിൽ മിച്ചൽ സ്റ്റാർക്കിന്‍റെ യോർക്കറുകൾക്കു മറുപടിയില്ലാതെ നിന്ന ഷിമ്രോൺ ഹെറ്റ്മെയർ ആയിരുന്നു കൂടെ. അർധ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളും നിതീഷ് റാണയും അപ്പോഴും പുറത്തിരുന്നു. നാലാം പന്തിൽ പരാഗ് റണ്ണൗട്ടായപ്പോഴാണ് ജയ്സ്വാൾ ഇറങ്ങിയത്. അടുത്ത പന്തിൽ ജയ്സ്വാളും റണ്ണൗട്ട്!

മത്സരത്തിൽ തീരെ കണക്ഷൻ കിട്ടാതിരുന്ന ഹെറ്റ്മെയറെ സൂപ്പർ ഓവർ കളിക്കാനിറക്കിയത് തന്നെ അദ്ഭുതപ്പെടുത്തിയെന്ന് മത്സരശേഷം ഡൽഹി ക്യാപ്റ്റൻ അക്ഷർ പട്ടേൽ പോലും പറഞ്ഞു. എന്തായാലും അതു തങ്ങൾക്കു ഗുണമായെന്നും അക്ഷർ കൂട്ടിച്ചേർത്തു.

സ്റ്റാർക്കിനെതിരേ മികച്ച റെക്കോഡുള്ള ജയ്സ്വാൾ ആദ്യം തന്നെ ബാറ്റിങ്ങിനിറങ്ങണമെന്ന അഭിപ്രായമാണ് ചേതേശ്വർ പുജാരയും ഇയാൻ ബിഷപ്പും പങ്കുവച്ചത്. സൂപ്പർ ഓവർ കളിക്കേണ്ട മൂന്നു പേരിൽ ജയ്സ്വാളിനൊപ്പം നിതീഷ് റാണ എന്തായാലും വേണ്ടിയിരുന്നു എന്നുകൂടി ബിഷപ് കൂട്ടിച്ചേർക്കുകയും ചെയ്തു.

സഞ്ജു സാംസണ് പരുക്കേറ്റിരുന്നില്ലെങ്കിൽ രാജസ്ഥാന് 20 ഓവറിൽ തന്നെ കളി തീർക്കാൻ സാധിക്കുമായിരുന്നു എന്നു കരുതുന്നവർ ഏറെയാണ്. അവസാന ഓവറുകളിൽ ധ്രുവ് ജുറലും ഹെറ്റ്മെയറും റൺ നിരക്ക് ഉയർത്താൻ ബുദ്ധിമുട്ടി. സഞ്ജു ഉണ്ടെങ്കിൽ സൂപ്പർ ഓവറിൽ പരാഗിനെ ഇറക്കേണ്ടി വരില്ലായിരുന്നു എന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പരുക്ക് പ്രശ്നമായതിനാലാണ് തനിക്ക് പിന്നീട് ബാറ്റിങ്ങിനിറങ്ങാൻ സാധിക്കാതിരുന്നതെന്ന് സഞ്ജു സാംസൺ മത്സരശേഷം പറഞ്ഞു. തത്കാലം പ്രശ്നം തോന്നുന്നില്ല, ഒരു ദിവസം കൂടി നോക്കിയ ശേഷം അടുത്ത മത്സരം കളിക്കുന്ന കാര്യം തീരുമാനിക്കുമെന്നും സഞ്ജു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com