
മുംബൈ: ക്രിക്കറ്റില്‍ വനിതകളുടെ വിപ്ലവം പ്രതീക്ഷിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വനിതാ ഐപിഎല്ലിന് ഇന്നു തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ജയന്റ്സിനെ നേരിടും. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ഗുജറാത്ത് ജയന്റ്സ്, യു പി വാരിയേഴ്സ് എന്നീ അഞ്ചു ടീമുകളാണ് ആദ്യപതിപ്പില്‍ മാറ്റുരയ്ക്കുന്നത്. എല്ലാ ടീമുകളും പരസ്പരം രണ്ടുതവണ വീതം ഏറ്റുമുട്ടും.
പോയിന്റ് പട്ടികയിലെ ആദ്യസ്ഥാനക്കാര്‍ നേരിട്ട് ഫൈനലിലേക്ക്. രണ്ടും മൂന്നും സ്ഥാനക്കാര്‍ സെമി ഫൈനലില്‍ ഏറ്റുമുട്ടും. മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലും ബ്രാബോണ്‍ സ്റ്റേഡിയത്തിലുമായി നടക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 22 മത്സരങ്ങളുണ്ട്. താരലേല പട്ടികയില്‍ ഇടംപിടിച്ചത് 448 പേര്. അഞ്ചുടീമുകള്‍ ഇവരില്‍ നിന്ന് സ്വന്തമാക്കിയത് 87 താരങ്ങളെ. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കാണ് ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ സ്മൃതി മന്ദാന നയിക്കും. മുംബൈ ഇന്ത്യന്‍സിനെ ഹര്‍മന്‍പ്രീത് കൗറുമാണ് നയിക്കുന്നത്.
മൂന്ന് ഓസ്ട്രേലിയന്‍ താരങ്ങളും ടീമുകളെ നയിക്കുന്നുണ്ട്. യുപി വാരിയേഴ്സിന്റെ ക്യാപ്റ്റന്‍ അലിസ ഹീലിയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ മെഗ് ലാനിംഗും ഗുജറാത്ത് ജയന്റ്സിനെ ബേത് മൂണിയും നയിക്കും. ഡല്‍ഹിയുടെ മിന്നു മണിയാണ് ലീഗിലെ ഏക കേരളതാരം. ബിജുജോര്‍ജ് ഡല്‍ഹിയുടെ ഫീല്‍ഡിംഗ് പരിശീലകനും. ജുലന് ഗോസ്വാമി, മിതാലി രാജ്, അന്‍ജു ജെയ്ന്‍ തുടങ്ങിയവര്‍ പരിശീലകരുടെ റോളിലും വനിതാ പ്രീമിയര്‍ ലീഗിന്റെ പ്രഥമ പതിപ്പിന്റെ ഭാഗമാവും. മാര്‍ച്ച് ഇരുപത്തിയാറിനാണ് ഫൈനല്‍.
പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സയും ഐപിഎല്ലിന്റെ ഭാഗമാണ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഉപദേശകയാണ് സാനിയ. ട്വിറ്ററിലൂടെയാണ് സാനിയയയെ ടീമിന്റെ മെന്ററായി നിയമിച്ച കാര്യം ആര്‍സിബി അറിയിച്ചത്. ഇന്ത്യയുടെ വനിതാ കായിക താരങ്ങളില്‍ മുന്‍നിരയിലുള്ള സാനിയ യവതാരങ്ങള്ക്ക് പ്രചോദനവും, കരിയറില്‍ ഉടനീളം പ്രതിബന്ധങ്ങളെ ഭേദിച്ച് മുന്നേറിയ താരങ്ങളിലൊരാളുമാണെന്ന് ആര്‍സിബി ട്വീറ്റില്‍ പറയുന്നു.
ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് വനിതകള്‍ ഗുജറാത്ത് ജയന്റ്സിനെയാണ് നേരിടുന്നത്. മത്സരം രാത്രി 7.30ന് ആരംഭിക്കും. ഇന്ത്യന്‍ നായിക ഹര്മന് പ്രീത് കൗറും ഓസ്ട്രേലിയന്‍ ഓപ്പണറും ടി-20 ലോകകപ്പില്‍ ഓസ്ട്രേലിയയെ വിജയത്തിലേക്കു നയിക്കുകയും ചെയ്ത ബാറ്റര്‍ ബേത് മൂണിയും തമ്മിലുള്ള പോരാട്ടം കൂടിയാണ് ഇന്നത്തേത്. മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തിന്റെ ടിക്കറ്റുകളില്‍ ഭൂരിഭാഗവും വിറ്റഴിഞ്ഞതുകൊണ്ടുതന്നെ ടൂര്‍ണമെന്റ് വലിയ വിജയത്തിലേക്കു നീങ്ങുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.