
കേപ്ടൗണ്‍: 2023 വനിതാ ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനല്‍ ലൈനപ്പായി. ആതിഥേയരായ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ നേരിടുമ്പോൾ ഇന്ത്യക്ക് കരുത്തരായ ഓസ്ട്രേലിയയാണ് എതിരാളികൾ. ബംഗ്ലാദേശിനെ തകര്‍ത്താണ് ദക്ഷിണാഫ്രിക്ക സെമി ഫൈനലിലെത്തിയത്. ഇതോടെ ദക്ഷിണാഫ്രിക്ക രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടും. ഫെബ്രുവരി 24 നാണ് മത്സരം. ഇന്നു നടക്കുന്ന സെമിയിൽ ഇന്ത്യ ഓസീസിനെ നേരിടും. വൈകിട്ട് 6.30 നാണ് മത്സരം.
ഹർമൻ പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ പ്രധാന പ്രശ്നം സ്ഥിരതയില്ലായ്മയാണ്.
ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് മെഗ് ലാനിങ് നയിക്കുന്ന ഓസ്ട്രേലിയ സെമിയിലെത്തിയിരിക്കുന്നത്. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ വ്യക്തമായ മാര്‍ജിനില്‍ പരാജയപ്പെടുത്തിയിരുന്നു. ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. അവസാന മത്സരത്തില്‍ അയര്‍ലന്‍ഡിനെ പരാജപ്പെടുത്തിയതോടെ സെമിയിലെത്തി.
ബംഗ്ലാദേശിനെ 10 വിക്കറ്റിന് തകര്‍ത്താണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയത്. ലോറ വോള്‍വാര്‍ഡിന്റെ മികച്ച ബാറ്റിങ്ങും കണിശതയോടെ പന്തെറിഞ്ഞ ബൗളര്‍മാരുടെ പ്രകടനവും ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് മാത്രമാണ് നേടിയത്. 30 റണ്‍സെടുത്ത നായിക നിഗര്‍ സുല്‍ത്താനയാണ് ടീമിന്റെ ടോപ് സ്കോറര്‍. 27 റണ്‍സ് നേടിയ ശോഭന മൊസ്താരിയും തിളങ്ങി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മരിസാനെ കാപ്പും അയബോംഗ ഖാക്കയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ അനായാസം കളിച്ച ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ വിജയത്തിലെത്തി. ഓപ്പണര്‍മാരായ ലോറയും താസ്മിന്‍ ബ്രിട്ട്സും 117 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ലോറ 56 പന്തില്‍ നിന്ന് 66 റണ്‍സെടുത്തും ബ്രിട്ട്സ് 51 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.