ചഹലിന് ഹാട്രിക് അടക്കം ഒറ്റ ഓവറിൽ നാല് വിക്കറ്റ്

രണ്ട് പന്തും നാല് വിക്കറ്റും ശേഷിക്കെ പഞ്ചാബ് വിജയ ലക്ഷ്യം മറികടന്നു. ഇതോടെ ചെന്നൈയുടെ പ്ലേ സാധ്യതകൾ അവസാനിക്കുകയും ചെയ്തു
Yuzvendra Chahal celebrates his hattrick for PBKS against CSK

ഹാട്രിക് തികച്ച യുസ്വേന്ദ്ര ചഹലിന്‍റെ ആഘോഷം

Updated on

ചെന്നൈ: ഇന്ത്യൻ സീനിയർ ടീമും രാജസ്ഥാൻ റോയൽസും തഴഞ്ഞ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹലിന് ഐപിഎല്ലിൽ ഹാട്രിക്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സിനു വേണ്ടി 19ാം ഓവർ എറിഞ്ഞ ചഹൽ, ഈ ഒറ്റ ഓവറിൽ നാല് വിക്കറ്റാണ് വീഴ്ത്തിയത്.

ആദ്യ പന്തിൽ ചഹലിനെ സ്റ്റെപ്പ് ഔട്ട് ചെയ്ത് സിക്സറിനു പറത്തിയ എം.എസ്. ധോണി രണ്ടാം പന്തിൽ വീണ്ടും സ്ട്രെയ്റ്റ് സിക്സിനു ശ്രമിച്ച് ലോങ് ഓഫിൽ നെഹാൽ വധേരയ്ക്കു ക്യാച്ച് നൽകി.

നാലാമത്തെ പന്ത് ദീപക് ഹൂഡ സ്ലൈസ് ചെയ്തത് നേരേ പോയിന്‍റിൽ ഫീൽഡ് ചെയ്ത പ്രിയാംശ് ആര്യയുടെ കൈകളിലേക്ക്.

ഇംപാക്റ്റ് സബ് ആയി ഇറങ്ങിയ അൻഷുൽ കാംഭോജ് അഞ്ചാം പന്തിൽ ക്ലീൻ ബൗൾഡ്. നൂർ അഹമ്മദ് ഉയർത്തിയടിച്ച അവസാന പന്ത് ലോങ് ഓഫിൽ നിന്ന് ഓടിവന്ന മാർക്കോ യാൻസൻ കൈയിലൊതുക്കിയതോടെ ഹാട്രിക് പൂർത്തിയായി.

ഐപിഎല്ലിൽ ചഹലിന്‍റെ രണ്ടാമത്തെ ഹാട്രിക്കാണിത്. ഈ സീസണിൽ ഹാട്രിക് നേടുന്ന ആദ്യ ബൗളറും ചഹൽ തന്നെ.

ഇരുനൂറിനു മുകളിലേക്ക് കുതിക്കുകയായിരുന്ന ചെന്നൈ ഇന്നിങ്സിനു ബ്രേക്കിട്ടതു പോലെയായിരുന്നു ചഹലിന്‍റെ ഈ ഓവർ. ഇതോടെ നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ചെന്നൈ 19.2 ഓവറിൽ 190 റൺസിന് ഓൾഔട്ടാകുകയും ചെയ്തു.

തുടക്കത്തിൽ ഷെയ്ക്ക് റഷീദിനെയും (11) ആയുഷ് മാത്രെയെയും (7) രവീന്ദ്ര ജഡേജയെയും (17) നഷ്ടപ്പെട്ട് തകർച്ചയെ നേരിട്ട ചെന്നൈയെ കരകയറ്റിയത് സാം കറനും (47 പന്തിൽ 88) ഡിവാൾഡ് ബ്രീവിസും (26 പന്തിൽ 32) ചേർന്നാണ്. അർഷ്ദീപ് സിങ്ങും മാർക്കോ യാൻസനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

രണ്ട് പന്തും നാല് വിക്കറ്റും ശേഷിക്കെ പഞ്ചാബ് വിജയ ലക്ഷ്യം മറികടന്നു. ഇതോടെ ചെന്നൈയുടെ പ്ലേ സാധ്യതകൾ അവസാനിക്കുകയും ചെയ്തു. 41 പന്തിൽ 72 റൺസെടുത്ത പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് പ്ലേയർ ഓഫ് ദ മാച്ച്. ഓപ്പണർ പ്രഭ്സിമ്രൻ സിങ്ങും (36 പങ്കിൽ 54) അർധ സെഞ്ചുറി നേടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com