രാഷ്‌ട്രീയത്തിന്‍റെ പിച്ചിൽ ക്രിക്കറ്റ് താരങ്ങളുടെ ഘോഷയാത്ര

ക്രിക്കറ്റിൽനിന്നു രാഷ്‌ട്രീയത്തിലേക്കു വന്നവരിൽ യൂസഫ് പഠാന്‍റെ പ്രമുഖരായ മുൻഗാമികളെ പരിചയപ്പെടാം.
യൂസഫ് പഠാൻ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്കൊപ്പം.
യൂസഫ് പഠാൻ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്കൊപ്പം.

രാഷ്‌ട്രീയത്തിൽ ഭാഗ്യ പരീക്ഷണത്തിനിറങ്ങുന്ന ക്രിക്കറ്റ് താരങ്ങളുടെ നിരയിലെ ഏറ്റവും പുതിയ പേരാണ് യൂസഫ് പഠാന്‍റേത്. പശ്ചിമ ബംഗാളിൽ കോൺഗ്രസിന്‍റെ ഉറച്ച മണ്ഡലമായ ബഹറാംപുരിൽനിന്നു മത്സരിക്കാൻ പഠാനെ നിയോഗിച്ചിരിക്കുന്നത് തൃണമൂൽ കോൺഗ്രസാണ്. കോൺഗ്രസ് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ലോക്‌സഭയിലെ പാർട്ടിയുടെ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി വീണ്ടും മത്സരിക്കാൻ തന്നെയാണ് സാധ്യത. 1999 മുതൽ ചൗധരിയാണ് ഇവിടെനിന്നുള്ള എംപി.

ക്രിക്കറ്റിൽനിന്നു രാഷ്‌ട്രീയത്തിലേക്കു വന്നവരിൽ പഠാന്‍റെ പ്രമുഖരായ മുൻഗാമികളെ പരിചയപ്പെടാം:

  • ഗൗതം ഗംഭീർ (ബിജെപി): ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള സിറ്റിങ് എംപി. തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്‌ട്രീയം ഉപേക്ഷിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു.

  • കീർത്തി ആസാദ് (തൃണമൂൽ കോൺഗ്രസ്): 1983ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗം. ബിജെപിയിലൂടെ രാഷ്‌ട്രീയത്തിലെത്തി. അവിടെനിന്നു കോൺഗ്രസിലേക്കും പിന്നീട് തൃണമൂലിലേക്കും മാറി. ഇക്കുറി ബംഗാളിലെ ദുർഗാപുരിൽ തൃണമൂൽ സ്ഥാനാർഥി.

  • നവജ്യോത് സിങ് സിദ്ധു (കോൺഗ്രസ്): ബിജെപിയുടെ പഞ്ചാബിലെ പ്രമുഖ നേതാവായിരുന്നു. പിന്നീട് കോൺഗ്രസിലേക്കു മാറി, പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനുമായിരുന്നു.

  • മനോജ് തിവാരി (തൃണമൂൽ കോൺഗ്രസ്): പശ്ചിമ ബംഗാളിലെ ശിബ്പൂരിൽനിന്നുള്ള സിറ്റിങ് എംഎൽഎ. മമത ബാനർജി മന്ത്രിസ‍ഭയിൽ അംഗം.

  • മുഹമ്മദ് അസറുദ്ദീൻ (കോൺഗ്രസ്): ഉത്തർ പ്രദേശിലെ മൊറാദാബാദിൽനിന്ന് 2009ൽ ലോക്‌സഭയിലെത്തി. കഴിഞ്ഞ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.

  • ചേതൻ ചൗഹാൻ (ബിജെപി): 2020 ഓഗസ്റ്റിൽ അന്തരിക്കുമ്പോൾ ഉത്തർ പ്രദേശ് മന്ത്രിസഭയിൽ അംഗമായിരുന്നു.

  • സച്ചിൻ ടെൻഡുൽക്കർ: 2012 മുതൽ 2018 വരെ രാജ്യസഭാംഗമായിരുന്നു. ഏറ്റവും കുറച്ച് തവണ സഭയിൽ ഹാജരായതിന്‍റെ റെക്കോഡ് സ്വന്തമാക്കി.

  • മറ്റുള്ളവർ: എസ്. ശ്രീശാന്ത് (ബിജെപി), അശോക് ദിൻഡ (ബിജെപി), മുഹമ്മദ് കൈഫ് (കോൺഗ്രസ്), മൻസൂർ അലിഖാൻ പട്ടോഡി (വിശാല ഹരിയാന പാർട്ടി), വിനോദ് കാംബ്ലി (ലോക് ഭാരതി പാർട്ടി), അമ്പാടി റായുഡു (വൈഎസ്ആർ കോൺഗ്രസ്‌).

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com