ഫുട്ബോൾ ചരിത്രത്തിലെ ആദ്യ ബില്യണറായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ശമ്പളം, പരസ്യക്കരാറുകൾ, വിജയകരമായ ബിസിനസുകൾ എന്നിവയിലൂടെയാണ് ക്രിസ്റ്റ്യാനോയുടെ ആസ്തി കുതിച്ചുകയറിയത്.
Cristiano Ronaldo becomes the first billionaire in football history
ക്രിസ്റ്റ്യാനോ റൊണാൾഡോ
Updated on

ന്യൂയോർക്ക്: ഫുട്ബോൾ ചരിത്രത്തിലെ ആദ്യ ബില്യണറായി പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇതാദ്യമായി സിആർ7 ബ്ലൂംബർഗ് ബില്യണേഴ്സ് ഇൻഡെക്സിൽ ഇടംപിടിച്ചു. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം ക്രിസ്റ്റ്യാനോയുടെ നിലവിലെ ആസ്തി മൂല്യം 140 കോടി ഡോളറാണ് (ഏകദേശം 12,460 കോടി രൂപ). ലോകത്ത് ഏറ്റവുമധികം വരുമാനമുള്ള കായിക താരമെന്ന റെക്കോഡും ഇതോടെ ക്രിസ്റ്റ്യാനോ അരക്കിട്ടുറപ്പിച്ചു. കളത്തിലെ കടുത്ത എതിരാളിയായ അർജന്‍റൈൻ ലെജൻഡ് ലയണൽ മെസിയെ സമ്പത്തിന്‍റെ കാര്യത്തിൽ ബഹുദൂരം പിന്തള്ളാനായതും റോണോയുടെ നേട്ടം.

ശമ്പളം, പരസ്യക്കരാറുകൾ, വിജയകരമായ ബിസിനസുകൾ എന്നിവയിലൂടെയാണ് ക്രിസ്റ്റ്യാനോയുടെ ആസ്തി കുതിച്ചുകയറിയത്. യൂറോപ്യൻ ക്ലബ്ബുകളിൽ കളിച്ചിരുന്ന കാലത്ത് മെസിയുടെയും ക്രിസ്റ്റ്യാനോയുടെയും വരുമാനം ഏറെക്കുറെ സമാനമായിരുന്നു. എന്നാൽ 2023ൽ സൗദി ക്ലബ്ബ് അൽ നസ്റിലേക്ക് ക്രിസ്റ്റ്യാനോ കൂടുമാറിയതോടെ സ്ഥിതിഗതികൾ മാറിമറിഞ്ഞു.

പ്രതിവർഷം 200 മില്യൺ ഡോളർ (1775 കോടി രൂപയിലേറെ) ശമ്പളവും ബോണസുകളുമാണ് (നികുതി ഒഴിവാക്കി) അൽ നസ്റിൽ നിന്ന് ക്രിസ്റ്റ്യാനോ കൈപ്പറ്റുന്നത്. കൂടാതെ 30 മില്യൺ ഡോളർ (266 കോടിയിലേറെ രൂപ) സൈനിങ് ബോണസും ക്ലബ്ബിന്‍റെ ഓഹരിയും സ്വകാര്യ ജെറ്റ് പോലുള്ള ആഡംബര സൗകര്യങ്ങളും അൽ നസ്ർ ക്രിസ്റ്റ്യാനോയ്ക്ക് നൽകുന്നു. 2002 മുതൽ 2023 വരെ ശമ്പളമായി മാത്രം 550 മില്യൺ ഡോളറിലധികം (4881 കോടി രൂപയോളം) പോർച്ചുഗീസ് സ്റ്റാർ സമ്പാദിച്ചിട്ടുണ്ട്.

പരസ്യക്കരാറുകളും ക്രിസ്റ്റ്യാനോയുടെ ആ‌സ്തി വർധനവിൽ നിർണായക പങ്കുവഹിച്ചു. നൈക്കുമായുള്ള ദശാബ്ദങ്ങളായുള്ള പങ്കാളിത്തം വർഷംതോറും ഏകദേശം 18 മില്യൺ ഡോളർ (160 കോടിയോളം രൂപ) താരത്തിന്‍റെ പോക്കറ്റിലെത്തിക്കുന്നു. അർമാനി, കാസ്ട്രോൾ തുടങ്ങിയ ബ്രാൻഡുകളുമായുള്ള കരാറുകൾ വഴി ഏകദേശം 175 മില്യൺ ഡോളറും (1553 കോടിയിലേറെ രൂപ) ലഭിക്കുന്നു. റൊണാൾഡോയുടെ "CR7' ബ്രാൻഡ് വൻ വിജയമായിരുന്നു. ഹോട്ടലുകൾ, ജിമ്മുകൾ, ഫാഷൻ ലൈനുകൾ, ആഡംബര വാസസ്ഥലങ്ങൾ തുടങ്ങിയവ ഈ ബ്രാൻഡിൽ ഇടംപിടിക്കുന്നു. സോഷ്യൽ മീഡിയയിൽ നിന്നും ക്രിസ്റ്റ്യാനോ വൻവരുമാനമാണ് കൊയ്യുന്നത്. 660 മില്യൺ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സാണ് ക്രിസ്റ്റ്യനോയ്ക്കുള്ളത്. ക്രിസ്റ്റ്യാനോയുടെ ജനപ്രീതിയും പരസ്യമൂല്യവും വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com