

ക്രിസ്റ്റ്യാനോ റൊണാൾഡോ
File
ലിസ്ബൺ: ലോക ഫുട്ബോളിലെ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തം ദേശീയ ടീമിൽ നിന്ന് മാന്യമായൊരു യാത്രയയപ്പ് പോലും കിട്ടാതെ അന്താരാഷ്ട്ര ഫുട്ബോൾ അവസാനിപ്പിക്കാൻ വഴി തെളിയുന്നു. അദ്ദേഹത്തിന്‍റെ ബ്രാൻഡ് തന്നെയായി മാറിയ ഏഴാം നമ്പർ ജെഴ്സിക്ക് ദേശീയ ടീമിൽ പുതിയ അവകാശിയായി. CR 7 ഇനി ക്ലബ് ജെഴ്സിയിൽ മാത്രം. പോർച്ചുഗൽ ടീമിൽ റാഫേൽ ലിയാവോ ഏഴാം നമ്പർ ജെഴ്സിയുടെ പുതിയ അവകാശിയായി.
യുവേഫ നേഷൻസ് ലീഗിൽ ഡെൻമാർക്കിനെതിരായ മത്സരത്തിനു മുൻപേ കോച്ച് ഹോർഹെ ജീസസുമായി ഉടക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം ക്യാംപ് വിട്ടിരുന്നു. ഇതെത്തുടർന്ന് ഔദ്യോഗികമായി പുറത്തുവിട്ട, പരിഷ്കരിച്ച ടീം ലിസ്റ്റിലാണ് റാഫേൽ ലിയാവോയ്ക്ക് ഏഴാം നമ്പർ പതിച്ചു നൽകിയിരിക്കുന്നത്. ടീം ക്യാംപ് വിടുന്നതിനെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ക്രിസ്റ്റ്യാനോ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല.
റാഫേൽ ലിയാവോ
പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റുമായി സംസാരിച്ച ശേഷമാണ് ടീം വിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതിനുള്ള കാരണങ്ങൾ പോർച്ചുഗീസ് ആരാധകരോട് പിന്നീട് വെളിപ്പെടുത്തുമെന്നാണ് പ്രഖ്യാപനം.
പോർച്ചുഗൽ നോർവെയെ ഒന്നിനെതിരേ രണ്ട് ഗോളിനു കീഴടക്കിയ നേഷൻസ് ലീഗ് മത്സരത്തിൽ റൊണാൾഡോടെ കോച്ച് കളത്തിലിറക്കിയിരുന്നില്ല. മത്സരത്തിനിടെ കോച്ചിന്‍റെ നിർദേശപ്രകാരം ക്രിസ്റ്റ്യാനോ വാമപ്പ് ചെയ്തിരുന്നു. എന്നാൽ, സബ്സ്റ്റിറ്റ്യൂട്ടായി ഇറക്കാനുള്ള തീരുമാനവും കോച്ച് പിന്നീട് മാറ്റുകയായിരുന്നു.
വാമപ്പ് ചെയ്ത ശേഷം അദ്ദേഹത്തെ കളിപ്പിക്കാതിരുന്നത് ശരിയായില്ലെന്ന് ജീസസ് സമ്മതിക്കുന്നു. എന്നാൽ, അതിന്‍റെ പേരിൽ മാപ്പ് പറയാനൊന്നും പറ്റില്ലെന്നും കോച്ച്. ലോകകപ്പിൽ സ്പെയ്നോടു തോറ്റ് പോർച്ചുഗൽ പുറത്തായതോടെയാണ് റോബർട്ടോ മാർട്ടിനസിനു പകരം ഹോർഹെ ജീസസിനെ പോർച്ചുഗീസ് ടീമിന്‍റെ കോച്ചായി നിയിച്ചത്. സൗദി അറേബ്യൻ ലീഗിൽ റൊണാൾഡോ കളിക്കുന്ന അൽ നസർ ടീമിന്‍റെ കോച്ചായിരുന്നു അദ്ദേഹം. ക്രിസ്റ്റ്യാനോയ്ക്ക് മുൻ പരിശീലകരുമായുണ്ടായിരുന്ന പ്രശ്നങ്ങൾ ഇനി ആവർത്തിക്കില്ലെന്ന ധാരണ ശക്തമാകാൻ ഇതു കാരണമായിരുന്നു. എന്നാൽ, കാര്യങ്ങൾ ഇപ്പോൾ മുൻപത്തെക്കാൾ വഷളായ അവസ്ഥയിലാണ്.
കോച്ച് എന്ന നിലയിൽ തീരുമാനങ്ങൾ എടുക്കുന്നത് താനാണെന്നും, തനിക്കു വേണ്ടി ഒരു കളിക്കാരനും തീരുമാനമെടുക്കേണ്ട ആവശ്യമില്ലെന്നും ജീസസ് വാർത്താ സമ്മേളനത്തിൽ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. തനിക്കും ക്രിസ്റ്റ്യാനോയ്ക്കും ഇടയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും, ഒന്നും പരിഹരിക്കാനുമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച വെയിൽസിനെ എതിരില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ച മത്സരത്തിലാണ് ക്രിസ്റ്റ്യാനോ അവസാനമായി പോർച്ചുഗലിന്‍റെ ഏഴാം നമ്പർ കുപ്പായം ധരിച്ച് കളിക്കാനിറങ്ങിയത്.