റൊണാൾഡോ ചതിച്ചാശാനേ... ഗോവയിലേക്കില്ല

ഇന്ത്യയിലേക്കു പുറപ്പെട്ട അൽ-നസർ ക്ലബ് സംഘത്തിൽ ക്രിസ്റ്റാനോ റൊണാൾഡോ ഇല്ലെന്ന് സൗദി അറേബ്യൻ മാധ്യമം
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്കില്ല | Cristiano Ronaldo not likely to play in India

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ AI ചിത്രം.

MV Graphics

Updated on

മഡ്ഗാവ്: എഎഫ്സി ചാംപ്യൻസ് ലീഗ് 2 എവേ മത്സരത്തിനായി സൗദി അറേബ്യൻ ക്ലബ് അൽ-നസർ ഇന്ത്യയിലെത്തുമ്പോൾ കൂടെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാകില്ലെന്ന് സൂചന. ബുധനാഴ്ചയാണ് ഗോവയിൽ അൽ-നസറും എഫ്‌സി ഗോവയും തമ്മിലുള്ള മത്സരം.

സൗദി അറേബ്യൻ സ്പോർട്സ് പ്രസിദ്ധീകരണമായ അൽ റിയാദിയ ആണ് റൊണാൾഡോ ഇന്ത്യയിലേക്കില്ലെന്ന വാർത്ത പുറത്തുവിട്ടത്. എഫ്‌സി ഗോവ അധികൃതർ ആവർത്തിച്ച് അഭ്യർഥിച്ചിട്ടും ഇന്ത്യയിലേക്കു യാത്ര തിരിച്ച സംഘത്തിൽ റൊണാൾഡോ ഉൾപ്പെട്ടില്ലെന്നാണ് ഇതിൽ പറയുന്നത്.

ഫറ്റോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയമാണ് മത്സരവേദി. റൊണാൾഡോയെ കാണാൻ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് ആരാധകർ ഗോവയിലേക്ക് യാത്ര തിരിക്കാനിരിക്കുമ്പോഴാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. പലരും ഇതിനകം തന്നെ ഗോവയിലെത്തിയിട്ടുമുണ്ട്. ലയണൽ മെസിയുടെ കേരള സന്ദർശനം അനിശ്ചിതത്വത്തിലായിരിക്കെ, ക്രിസ്റ്റ്യാനോയും വരുന്നില്ലെന്ന വിവരം ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്കു തന്നെ കടുത്ത ആഘാതമാണ്.

ഏഷ്യൻ ഫുട്ബോൾ ക്ലബ്ബുകൾ ഏറ്റുമുട്ടുന്ന ടൂർണമെന്‍റിൽ അൽ-നസറിന് ഇത് മൂന്നാമത്തെ മതസരമാണ്. അൽ-ഫത്തേ എതിരാളികളായ കഴിഞ്ഞ മത്സരത്തിൽ അൽ-നസർ ജയിക്കുകയും ചെയ്തിരുന്നു.

എഫ്‌സി ഗോവയാകട്ടെ, മുൻ എഎഫ്‌സി ചാംപ്യൻമാരായ അൽ സീബിനെ കീഴടക്കിയതോടെയാണ് എസിഎൽ 2വിലേക്കു യോഗ്യത നേടിയത്. എഫ്‌സി ഗോവയും അൽ-നസറും ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിൽ കളിക്കാനെത്തുമെന്ന പ്രതീക്ഷ ശക്തമായിരുന്നു. അൽ-നസർ നേരത്തെ പ്രഖ്യാപിച്ച സ്ക്വാഡിൽ റൊണാൾഡോയുടെ പേരും ഉൾപ്പെട്ടിരുന്നു.

അതേസമയം, സൗദി അറേബ്യക്കു പുറത്തു നടക്കുന്ന മത്സരങ്ങളിൽ ഏതിലൊക്കെ പങ്കെടുക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുണ്ട്. ക്ലബ്ബുമായി അദ്ദേഹം ഒപ്പുവച്ച കരാറിലെ ഒരു സുപ്രധാന വ്യവസ്ഥയാണിത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലേക്കുള്ള യാത്ര അദ്ദേഹം ഒഴിവാക്കിയതെന്നാണ് വിലയിരുത്തൽ.

നാൽപ്പത് വയസായ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനു വേണ്ടി ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇപ്പോഴും സജീവമാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പ് കളിക്കാനും ഉദ്ദേശിക്കുന്ന അദ്ദേഹം അധ്വാന ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏതൊക്കെ ക്ലബ് മത്സരങ്ങളിൽ കളിക്കണമെന്നു തീരുമാനിക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ക്രിസ്റ്റ്യാനോ അൽ നസറിനു വേണ്ടി കളിച്ചിരുന്നില്ല. രണ്ടു മത്സരങ്ങളും ജയിച്ച ടീം അടുത്ത ഘട്ടത്തിലേക്ക് മുന്നേറുമെന്ന് ഉറപ്പാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ, എഫ്‌സി ഗോവയ്ക്കെതിരായ മത്സരം അവരെ സംബന്ധിച്ച് തീർത്തും അപ്രധാനമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com