അഭിനയിച്ചു തകർക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ

ബ്രിട്ടീഷ് ഫുട്ബോളിനെ ആസ്പദമാക്കി ഒരുക്കുന്ന "ഡേ വൺസ്" എന്ന ടെലിവിഷൻ ഡ്രാമയിലാണ് ക്രിസ്റ്റ്യാനോ അഭിനയിക്കുന്നത്.
Cristiano Ronaldo to act in TV series

ക്രിസ്റ്റ്യാനോ റൊണാൾഡോ, തിയറി ഹെൻറി, ഡാമിയൻ ലൂയിസ്.

AI

Updated on

ലണ്ടൻ: ഫുട്ബോൾ കളത്തിൽ സമാനതകളില്ലാത്ത നേട്ടങ്ങൾ സ്വന്തമാക്കിയ പോർച്ചുഗീസ് ഇതിഹാസം ക്രിസ്‌റ്റ്യാനോ റൊണാൾഡോ അഭിനയത്തിലും ഒരു കൈ പയറ്റാൻ ഒരുങ്ങുന്നു. ടെലിവിഷൻ പരമ്പരയിലാണ് സിആർ7 അരങ്ങേറുന്നത്.

ബ്രിട്ടീഷ് ഫുട്ബോളിനെ ആസ്പദമാക്കി ഒരുക്കുന്ന "ഡേ വൺസ്" എന്ന ടെലിവിഷൻ ഡ്രാമയിലാണ് ക്രിസ്റ്റ്യാനോ അഭിനയിക്കുന്നത്. സീരീസിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ക്രിസ്റ്റ്യാനോ തന്നെ. ഫ്രഞ്ച് ഫുട്‌ബോൾ ഇതിഹാസം തിയറി ഹെൻറിയും ടെലിവിഷൻ പരമ്പരയിൽ ഒരു വേഷം കൈകാര്യം ചെയ്യും. ലണ്ടനിലെ ബാർനെറ്റ് എഫ്‌സിയുടെ സ്റ്റേഡിയത്തിൽ ടിവി സീരീസിന്‍റെ ഷൂട്ടിങ് ആരംഭിച്ചതായും റിപ്പോർ‌ട്ടുണ്ട്.

ഫുട്ബോൾ കളത്തിന് പുറത്തെ ബിസിനസ് സംരംഭങ്ങൾക്കുശേഷം ടെലിവിഷൻ രംഗത്തേക്കുള്ള റോണോയുടെ ആദ്യ വലിയ ചുവടുവയ്പ്പാണിത്. റൊണാൾഡോ ഈ വർഷം സംവിധായകൻ മാത്യു വോണിനൊപ്പം ചേർന്ന് ആരംഭിച്ച യുആർ മാർവ് സ്റ്റുഡിയോസാണ് പരമ്പര നിർമിക്കുന്നത്. ജീവിതത്തിലെ ആവേശകരമായ പുതിയ അധ്യായമാണിതെന്ന് പ്രൊജക്റ്റ് പ്രഖ്യാപന വേളയിൽ ക്രിസ്റ്റ്യാനോ പറഞ്ഞു.

ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ വമ്പൻ ക്ലബ്ബ് ആഴ്സനലിന്‍റെ തുറുപ്പുചീട്ടായിരുന്നു തിയറി ഹെൻറിയുടെ പങ്കാളിത്തമാണ് ഈ ടെലിവിഷൻ പരമ്പരയെ ശ്രദ്ധേയമാക്കുന്ന മറ്റൊരു കാര്യം. പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച താരം ആരെന്ന ചർച്ചകളിൽ പലപ്പോഴും എതിരാളികളായിരുന്ന ക്രിസ്റ്റ്യാനോയും ഹെൻറിയും കളത്തിനു പുറത്ത് ഒരു കുടക്കീഴിൽ എത്തുന്നെന്ന പ്രത്യേകതയുമുണ്ട്.

ശക്തനായ ഒരു ഫുട്ബോൾ ഏജന്‍റിന്‍റെ ജീവിതത്തിലൂടെ ബ്രിട്ടീഷ് ഫുട്ബോളിലെ ഉൾക്കളികളിലേക്കാണ് ടെലിവിഷൻ പരമ്പരയുടെ പ്രമേയം കാഴ്ചക്കാരെ ക്ഷണിക്കുന്നത്. സ്റ്റാൻലി ഡാൾട്ടൺ എന്ന പേരിലെ ഫുട്ബോൾ ഏജന്‍റിന്‍റെ ജീവിതം "ഡേ വൺസ്' അവതരിപ്പിക്കുന്നു. ഹോംലാൻഡ്, ബില്യൺസ് എന്നീ സീരീസുകളിലൂടെ പ്രശസ്തനായ ഡാമിയൻ ലൂയിസാണ് കേന്ദ്ര കഥാപാത്രത്തിന് ജീവൻ നൽകുന്നത്. ആധുനിക ഫുട്ബോൾ ലോകത്തിന്‍റെ യഥാർഥ മുഖം അവതരിപ്പിക്കുകയാണ് സീരീസിന്‍റെ ലക്ഷ്യം.

ഡേ വൺസിന്‍റെ സംപ്രേഷണാവകാശം സ്വന്തമാക്കാൻ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ കടുത്ത മത്സരത്തിൽ ഏർപ്പെടുമെന്ന് കരുതപ്പെടുന്നു. ക്രിസ്റ്റ്യാനോയുടെ സാന്നിധ്യമാണ് അതിനു പ്രധാന കാരണം.

ലോകകപ്പിനുശേഷം ബ്രിട്ടീഷ് ഫുട്ബോളിനോടുള്ള ആഗോള താത്പര്യം വർധിച്ചതും സീരിസിന്‍റെ സാധ്യതകൾ വർധിപ്പിക്കുന്നു.

logo
Metro Vaartha
www.metrovaartha.com