
വിരാട് കോലി, രോഹിത് ശർമ
ന‍്യൂഡൽഹി: നീണ്ട ഏഴു മാസങ്ങൾക്കു ശേഷമായിരുന്നു രോഹിത് ശർമയും വിരാട് കോലിയും ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഓസ്ട്രേലിയക്കെതിരായ ആദ‍്യ ഏകദിന മത്സരം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നതെങ്കിലും നിരാശയാണ് ഇരു താരങ്ങളും ആരാധകർക്ക് സമ്മാനിച്ചത്.
8 പന്തുകൾ നേരിട്ട കോലി ഡക്കിനാണ് പുറത്തായത്. ഇതോടെ ഓസ്ട്രേലിയയിൽ 30 ഏകദിനങ്ങളിൽ നിന്നായി ആദ‍്യ ഡക്കെന്ന നാണം കെട്ട റെക്കോഡും കോലി ഏറ്റുവാങ്ങി. മിച്ചൽ സ്റ്റാർക്ക് ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്ത് കവറിലൂടെ ബൗണ്ടറിയടിക്കാൻ കോലി ശ്രമിച്ചെങ്കിലും കൂപ്പർ കോണെലി ക‍്യാച്ച് കൈകളിലൊതുക്കുകയായിരുന്നു. ഇതോടെ ഓസ്ട്രേലിയ ഒരുക്കിയ ഓഫ് സ്റ്റംപ് കെണിയിൽ വീണ്ടും കോലി കുടുങ്ങി.
അതേസമയം, ശുഭ്മൻ ഗില്ലിനൊപ്പം ഓപ്പണിങ്ങിനിറങ്ങിയ രോഹിത് ശർമ 8 റൺസാണ് നേടിയത്. ജോഷ് ഹേസൽവുഡ് എറിഞ്ഞ ഗുഡ് ലെങ്ത്ത് പന്ത് പ്രതിരോധിക്കാനുള്ള രോഹിത്തിന്‍റെ ശ്രമം പാളുകയും മാറ്റ് റെൻഷോ ക‍്യാച്ച് എടുക്കുകയുമായിരുന്നു. ഇതോടെ ഇരു താരങ്ങളെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് ആരാധാകർ രംഗത്തെത്തി.
രോഹിത്തും കോലിയും ഏകദിന ക്രിക്കറ്റ് മതിയാക്കണമെന്നും നെറ്റ് പരിശീലനം മാത്രം ചെയ്യാതെ ഓസ്ട്രേലിയ എക്കെതിരായ മത്സരങ്ങളും കൗണ്ടി മത്സരങ്ങളും കളിക്കണമെന്നാണ് ആരാധകരുടെ വിമർശനങ്ങൾ. 2024ൽ ലോകകപ്പ് വിജയച്ചിതിനു പിന്നാലെ ടി20 ക്രിക്കറ്റ് മതിയാക്കിയ ഇരുവരും ഇംഗ്ലണ്ട് പര‍്യടനത്തിനു തൊട്ട് മുമ്പായിരുന്നു ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. നിലവിൽ ഏകദിനത്തിൽ മാത്രമാണ് ഇരുവരും കളിക്കുന്നത്.