രാജസ്ഥാന്‍ പ്ലേഓഫിന് ഇനിയും കാക്കണം, ചെന്നൈ സാധ്യത നിലനിർത്തി

നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിങ്സ് കീഴടക്കിയത്
രാജസ്ഥാന്‍ പ്ലേഓഫിന് ഇനിയും കാക്കണം, ചെന്നൈ സാധ്യത നിലനിർത്തി
സിമർജീത് സിങ്ങിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ.
Updated on

ചെന്നൈ: ചെപ്പോക്കിലെ പിച്ച് തനി സ്വഭാവം കാണിച്ചപ്പോൾ ബാറ്റിങ് വെടിക്കെട്ടുകാർക്ക് വിശ്രമം. ബൗളർമാർ മേധാവിത്വം പുലർത്തിയ ലോ സ്കോറിങ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിനു കീഴടക്കിയ ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫ് സാധ്യത നിലനിർത്തി. ഔദ്യോഗികമായി പ്ലേഓഫ് പ്രവേശനം ഉറപ്പിക്കാൻ രാജസ്ഥാൻ ഇനിയും കാത്തിരിക്കണം.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. അഞ്ച് വിക്കറ്റ് മാത്രമേ നഷ്ടപ്പെട്ടുള്ളൂ എങ്കിലും 20 ഓവറിൽ നേടാനായത് വെറും 141‌ റൺസ്. പിച്ചിന്‍റെ സ്വഭാവം വച്ച് ചെന്നൈക്ക് ഈ ലക്ഷ്യം അത്ര എളുപ്പവുമായിരുന്നില്ല. 18.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് അവരും വിജയം നേടിയത്.

പവർപ്ലേയിൽ വിക്കറ്റൊന്നും വീണില്ലെങ്കിലും യശസ്വി ജയ്സ്വാളും ജോസ് ബട്ലറും ചേർന്ന ആർആർ ഓപ്പണിങ് ജോടിക്ക് സ്കോർ 42 വരെയേ എത്തിക്കാനായുള്ളൂ. തൊട്ടടുത്ത ഓവറിൽ ജയ്സ്വാൾ (21 പന്തിൽ 24) വീഴുകയും ചെയ്തു. ബട്ലറും (25 പന്തിൽ 21) സഞ്ജുവും (19 പന്തിൽ 15) നിരാശപ്പെടുത്തി. ആദ്യ മൂന്നു വിക്കറ്റും പേസ് ബൗളർ സിമർജീത് സിങ്ങാണ് സ്വന്തമാക്കിയത്.

പിന്നീട് റിയാൻ പരാഗും (35 പന്തിൽ 47 നോട്ടൗട്ട്) ധ്രുവ് ജുറലും (18 പന്തിൽ 28) ചേർന്നാണ് പൊരുതാവുന്ന സ്ഥിതിയിലെങ്കിലും രാജസ്ഥാനെ എത്തിച്ചത്.

മറുപടി ബാറ്റിങ്ങിൽ ചെന്നൈക്ക് ഹോം ഗ്രൗണ്ടിന്‍റെ ആനുകൂല്യം ലഭിച്ചു. രചിൻ രവീന്ദ്ര (18 പന്തിൽ 27) ഫോം വീണ്ടെടുക്കുന്നതിനെ ലക്ഷണങ്ങൾ കാണിച്ചു. ഡാരിൽ മിച്ചലിന്‍റെയും (13 പന്തിൽ 22) ശിവം ദുബെയുടെയും (11 പന്തിൽ 18) കാമിയോകൾ ചെന്നൈയെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു.

ഇതിനിടെ രവീന്ദ്ര ജഡേജ റണ്ണൗട്ട് തടസപ്പെടുത്തുന്ന വിധത്തിൽ ഓടിയതിന് അമ്പയർ ഔട്ട് വിധിച്ചു (ഒബ്സ്ട്രക്റ്റിങ് ദ ഫീൽഡ്). എന്നാൽ, മറുവശത്ത് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്വാദ് ഉറച്ചുനിന്നു. 41 പന്തിൽ 42 റൺസുമായു ഋതുരാജ് പുറത്താകാതെ നിന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com