
ചെന്നൈ: പരുക്കേറ്റ ഡെവൺ കോൺവെയ്ക്കു പകരം രചിൻ രവീന്ദ്ര ഓപ്പണറായെത്തിയപ്പോൾ മികച്ച തുടക്കമാണ് ചെന്നൈ സൂപ്പർ കിങ്സിന് ഇത്തവണത്തെ ഐപിഎല്ലി കിട്ടിയത്. പക്ഷേ, രചിൻ ഫോമൗട്ടാകുകയും പിന്നീട് പരുക്കിന്‍റെ പിടിയിലാകുകയും ചെയ്തതോടെ ടീമിന്‍റെ സന്തുലിതാവസ്ഥയാകെ താറുമാറായ അവസ്ഥയിലായെന്ന് കോച്ച് സ്റ്റീഫൻ ഫ്ളെമിങ് തന്നെ സമ്മതിക്കുന്നു. രചിനു പകരം അജിങ്ക്യ രഹാനെയെ ഓപ്പണറാക്കി, ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്വാദ് മൂന്നാം നമ്പറിലേക്കിറങ്ങി. പിന്നീട് ഗെയ്ക്ക്വാദ് വീണ്ടും ഓപ്പണറാകുകയും ഡാരിൽ മിച്ചലിനെ മൂന്നാം നമ്പറിലിറക്കി ഫോമിലാക്കാൻ നോക്കുകയും ചെയ്തു. ഇക്കൂട്ടത്തിൽ ഗെയ്ക്ക്വാദ് ഫോം വീണ്ടെടുത്തതൊഴികെ ബാക്കി പരീക്ഷണങ്ങളെല്ലാം ഇതുവരെ വിഫലം. ലഖ്നൗ സൂപ്പർ ജയന്‍റ്സിനോടു രണ്ടു മത്സരങ്ങളിലും ചെന്നൈ തോറ്റു. രണ്ടാമത്തെ തോൽവി നേരിട്ടത് ഹോം ഗ്രൗണ്ടിൽ 209 റൺസടിച്ച ശേഷവും!
ഞായറാഴ്ച ചെന്നൈ നേരിടുന്നത് പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള സൺറൈസേഴ്സ് ഹൈദരാബാദിനെയാണ്. ഈ സീസണിലെ ഏറ്റവും മാരകമായ ഓപ്പണിങ് ജോടിയാണ് ട്രാവിസ് ഹെഡ് - അഭിഷേക് ശർമ സഖ്യത്തിന്‍റെ രൂപത്തിൽ എസ്ആർഎച്ചിനൊപ്പമുള്ളത്. എന്നാൽ, ഇവർ പരാജയപ്പെട്ടാൽ ടീം ഒട്ടാകെ തകരുന്ന കാഴ്ചയും ടൂർണമെന്‍റിൽ കണ്ടുകഴിഞ്ഞു. ദക്ഷിണാഫ്രിക്കൻ ജോടിയായ എയ്ഡൻ മാർക്രം, ഹെൻറിച്ച് ക്ലാസൻ എന്നിവരടങ്ങുന്ന മധ്യനിര കടലാസിൽ കരുത്തുറ്റതാണെങ്കിലും സ്ഥിരത പുലർത്തുന്നില്ല.
ടീം ടോട്ടലിന്‍റെ സ്വന്തം റെക്കോഡുകൾ തകർത്തു മുന്നേറുമ്പോഴും ബൗളിങ് നിര എസ്ആർഎച്ചിനു തലവേദനയാണ്. സീനിയർ പേസർ ഭുവനേശ്വർ കുമാറിന് കഴിഞ്ഞ മൂന്നു കളിയിൽ ആകെ കിട്ടിയത് ഒറ്റ വിക്കറ്റാണ്. ഈ സാഹചര്യത്തിൽ ഭുവിക്കു പകരം ഉമ്രാൻ മാലിക്കോ ആകാശ് സിങ്ങോ അഫ്ഗാൻ താരം ഫസൽഹഖ് ഫാറൂഖിയോ ടീമിലെത്താൻ ഇടയുണ്ട്.
ഏറ്റവും ഒടുവിലായി, ആദ്യം ബാറ്റ് ചെയ്ത അഞ്ച് കളിയിൽ നാലും എസ്ആർഎച്ച് ജയിച്ചിരുന്നു. ചെയ്സ് ചെയ്യുമ്പോഴത്തെ ദൗർബല്യം കണക്കിലെടുക്കുമ്പോൾ, ടോസ് കിട്ടിയാൽ ബാറ്റ് ചെയ്യാനായിരിക്കും അവരുടെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് തീരുമാനിക്കുക. ചെന്നൈയിലെ വേഗം കുറഞ്ഞ വിക്കറ്റിൽ എസ്ആർഎച്ചിന്‍റെ ബാറ്റിങ് വെടിക്കെട്ട് തടയാൻ ഗെയ്ക്ക്വാദും എം.എസ്. ധോണിയും ഒരുക്കുന്ന തന്ത്രങ്ങൾ എന്തൊക്കെയെന്നറിയാനാണ് ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്.