ഇംഗ്ലണ്ട് താരം ദാവിദ് മലാൻ വിരമിച്ചു
ലൺഡൻ: മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ദാവിദ് മലാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ‍്യാപിച്ചു. മുൻ ഒന്നാം നമ്പർ ടി20 ബാറ്ററായ മലാൻ ഇംഗ്ലണ്ടിനായി 22 ടെസ്റ്റുകളും 30 ഏകദിനങ്ങളും 62 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ജോസ് ബട്ട്‌ലറിനൊപ്പം പുരുഷ ടീമിലെ രണ്ട് ഇംഗ്ലണ്ട് ബാറ്റർമാരിൽ ഒരാളായിരുന്നു മലാൻ.
കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഐസിസി പുരുഷ ഏകദിന ലോകകപ്പിൽ 2023 ന് ശേഷം 37 കാരനായ മലാന് ഇംഗ്ലണ്ട് ടീമിൽ ഇടം നേടാനായില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ വൈറ്റ് ബോൾ പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നാണ് മലാന്‍റെ വിരമിക്കൽ പ്രഖ‍്യാപനം.
2017-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 മത്സരത്തിൽ 44 പന്തിൽ നിന്ന് 78 റൺസ് നേടിയാണ് മലാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്‍റെ അരങ്ങേറ്റം കുറിച്ചത്. 2017-18 ലെ ആഷസ് പര്യടനത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചു. ജോണി ബെയർസ്റ്റോയ്ക്കൊപ്പം പെർത്തിൽ 227 പന്തിൽ 140 റൺസ് നേടി. തുടർന്ന് ടി20 ഫോർമാറ്റിൽ 2019 ലെ ഇംഗ്ലണ്ടിന്‍റെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം. നേപ്പിയറിൽ ന്യൂസിലൻഡിനെതിരെ നടന്ന പര‍്യടനത്തിൽ 48 പന്തിൽ നേടിയ റെക്കോർഡ് ബ്രേക്കിംഗ് സെഞ്ച്വറി മലാന്‍റെ കരിയറിൽ വഴിതിരിവായി.
തുടർന്ന് ടി20 ഫോർമാറ്റിൽ ഇംഗ്ലണ്ട് ടീമിന്‍റെ സ്ഥിരസാന്നിധ‍്യമായി മലാൻ മാറി. സ്ഥിരതയാർന്ന പ്രകടനങ്ങളോടെ 2020 സെപ്റ്റംബറിൽ ഐസിസി ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമതെത്തി. 2021 മാർച്ചോടെ വെറും 24 ഇന്നിംഗ്‌സുകളിൽ നിന്ന് 1,000 ടി20 റൺസ് തികയ്ക്കുന്ന പുരുഷ താരം എന്ന റെക്കോർഡും മലാൻ സ്വന്തമാക്കി. 2022 ലെ ടി20 ലോകകപ്പിനിടെ ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തിൽ ഫീൽഡിങ്ങിനിടെ മലാന് പരുക്കറ്റു. തുടർന്ന് നോക്കൗട്ട് മത്സരങ്ങൾ നഷ്ട്ടമായെങ്കിലും ഓസ്‌ട്രേലിയയിൽ നടന്ന ഇംഗ്ലണ്ട് ടി20 ലോകകപ്പ് വിജയ ടീമിന്‍റെ ഭാഗമായിരുന്നു മലാൻ.

