

മധ്യ പ്രദേശിന്‍റെ ഓഫ് സ്പിൻ ബൗളിങ് ഓൾറൗണ്ടർ സാരാംശ് ജയിൻ.
ന്യൂഡൽഹി: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ വാഷിങ്ടൺ സുന്ദറിനു പകരം മധ്യപ്രദേശുകാരനായ ഓൾറൗണ്ടർ സാരാംശ് ജെയ്നിനു വഴിതെളിഞ്ഞേക്കും. ടീമുമായി അടുത്ത വൃത്തങ്ങൾ സാരാംശിന്‍റെ സാധ്യതകളിലേക്ക് വിരൽചൂണ്ടുന്നു.
വാഷിങ്ടൺ സുന്ദറിന്‍റെ സ്ഥാനത്ത് രവീന്ദ്ര ജഡേജയ്ക്കും മാനവ് സുതാറിനും കുൽദീപ് യാദവിനും മേലെ മറ്റൊരു സാധ്യതയാണ് സെലക്റ്റർമാർ പരിശോധിക്കുക. വിദർഭ താരം ഹർഷ് ദുബെയെ പരിഗണിക്കാമെന്നുവച്ചാൽ ഒരേ സ്കിൽ സെറ്റുള്ള മൂന്നു ബൗളർമാരെന്ന തന്ത്രപരമായ പിഴവിന് കാരണമാകും. അതാണ് സാരാംശ് ജെയ്നിനു വഴിതെളിക്കുന്നത്. ഓഫ് സ്പിന്നറായ സാരാംശിന് ലോവർ മിഡിൽ ഓർഡറിൽ മികച്ച ബാറ്റിങ്ങിനും സാധിക്കും. ശ്രീലങ്ക എ ടീമിനെതിരായ പരമ്പരയിൽ തിളങ്ങിയതും സാരാംശിന് തുണയാകും. രണ്ടു മത്സരങ്ങളിൽ ആറു വിക്കറ്റ് നേടിയ സാരാംശ് ഒരു അർധ ശതകവും കുറിച്ചിരുന്നു.
ശ്രീലങ്കയ്ക്കെതിരേ അവരുടെ നാട്ടിൽ നടക്കുന്ന രണ്ടു ടെസ്റ്റുകൾ ഉൾപ്പെട്ട പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കാൻ ഒരുങ്ങുന്ന സെലക്റ്റർമാർക്ക് പ്രമുഖ താരങ്ങളുടെ പരുക്ക് തലവേദനയാണ്. ഓഗസ്റ്റ് 15ന് ഗാലെയിലാണ് ടെസ്റ്റ് പരമ്പരയുടെ തുടക്കം. 23ന് കൊളംബോയിലാണ് രണ്ടാം ടെസ്റ്റ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ഇന്ത്യൻ ടെസ്റ്റ് ടീമിനെ ചൊവ്വാഴ്ച ഓൺലൈനായി ചേരുന്ന സെലക്‌ഷൻ കമ്മിറ്റി യോഗം നിശ്ചയിക്കുമെന്നാണ് റിപ്പോർട്ട്. സുന്ദറിനു പുറമേ, പരുക്കിന്‍റെ പിടിയിലായ ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്കും പേസർ ഹർഷിത് റാണയ്ക്കും രണ്ടു ടെസ്റ്റും നഷ്ടമാകുമെന്നാണ് വിവരം. സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഈ മാസം അവസാനം വരെ വിശ്രമത്തിലാണ്. തുടർന്നു ബംഗളൂരുവിലെ ബിസിസിഐ സെന്‍റർ ഒഫ് എക്സലൻസിൽ ബുംറ റിപ്പോർട്ട് ചെയ്യും. ഫിറ്റ്നസ് തെളിയിച്ചാലേ ബുംറയ്ക്കും ടെസ്റ്റ് ടീമിൽ സ്ഥാനം ലഭിക്കുകയുള്ളൂ. ടോപ്പ് ഓർഡർ ബാറ്റർ സായ് സുദർശനും കായികക്ഷമതാ കടമ്പ കടക്കേണ്ടതുണ്ട്. സായി പരുക്കിൽ നിന്ന് മുക്തനാകുന്നതായാണ് റിപ്പോർട്ട്.
അതേസമയം, കായികക്ഷമത വീണ്ടെടുത്താൽ സീനിയർ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ ഓഗസ്റ്റിൽ ഇന്ത്യയ്ക്കായി വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കും. നിലവിൽ ബംഗളൂരുവിലെ സെന്‍റർ ഫോർ എക്സലൻസിൽ കഠിന പരിശീലനത്തിലാണ് ഹാർദിക്. ബംഗ്ലാദേശുമായുള്ള നിശ്ചിത ഓവർ ക്രിക്കറ്റ് പരമ്പര മുൻ നിശ്ചയിച്ചതുപോലെ നടന്നാൽ ഹാർദിക് ടീമിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. ജൂണിൽ അഫ്ഗാനിസ്ഥാനുമായുള്ള ഏകദിന പരമ്പരയിൽ കളിക്കാൻ ഹാർദിക്കിന് അനുമതി നൽകിയിരുന്നു. എന്നാൽ അവസാന നിമിഷം പുതിയ പരുക്ക് പിടികൂടിയതോടെ താരം ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടു.