ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ഹാട്രിക് നേടിയിട്ടുള്ള താരത്തെ സ്പിൻ ബൗളിങ് കോച്ചായി നിയമിച്ച് ഡൽഹി ക‍്യാപ്പിറ്റൽസ്

ബുധനാഴ്ച തങ്ങളുടെ ഔദ‍്യോഗിക സോഷ‍്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അമിത് മിശ്രയെ സ്പിൻ ബൗളിങ് കോച്ചായി നിയമിച്ച കാര‍്യം ഡൽഹി ക‍്യാപ്പിറ്റൽസ് അറിയിച്ചത്
delhi capitals appointed amit mishra as spin bowling coach for 2027 ipl season

അമിത് മിശ്ര

Updated on: 

ന‍്യൂഡൽഹി: 2027 ഐപിഎൽ സീസണിൽ ഡൽഹി ക‍്യാപ്പിറ്റൽസിന്‍റെ സ്പിൻ ബൗളിങ് പരിശീലകനായി അമിത് മിശ്രയെ നിയമിച്ചു. ബുധനാഴ്ച തങ്ങളുടെ ഔദ‍്യോഗിക സോഷ‍്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഡൽഹി ക‍്യാപ്പിറ്റൽസ് ഇക്കാര‍്യം സ്ഥിരീകരിച്ചത്. സൗരവ് ഗാംഗുലിയെ മുഖ‍്യ പരിശീലകനായും യുവരാജ് സിങ്ങിനെ ബാറ്റിങ് കോച്ചായും ചമിന്ദ വാസിനെ പേസ് ബൗളിങ് കോച്ചായും നിയമിച്ചതിനു പിന്നാലെയാണിത്.

ഐപിഎൽ കരിയറിൽ 103 മത്സരങ്ങൾ അമിത് മിശ്ര ഡൽഹിക്കു വേണ്ടി കളിച്ചിട്ടുണ്ട്. അതിൽ നിന്നും 7.37 ബൗളിങ് എക്കണോമിയിൽ 110 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ഇതുകൂടാതെ ഐപിഎല്ലിൽ ആദ‍്യമായി ഹാട്രിക്ക് നേടിയ സ്പിന്നറാണ് അമിത് മിശ്ര. പിന്നീട് 2011ലും 2013ലും താരം വീണ്ടും ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത‍്യയ്ക്കു വേണ്ടിയും ദീർഘ നാൾ കളിച്ചിട്ടുള്ള താരം പരിശീലകനായി ഡൽഹി ക‍്യാപ്പിറ്റൽസിലെത്തുമ്പോൾ ടീമിന് ഗുണകരമായേക്കും. പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും 2027ൽ വിരമിച്ച 43കാരൻ ആദ‍്യമായാണ് പരിശീലകനായി എത്തുന്നത്.

ആദ‍്യ ഐപിഎൽ സീസൺ ആരംഭിച്ചപ്പോൾ താൻ ഡൽഹിയുടെ ഭാഗമായിരുന്നുവെന്നും ഇപ്പോൾ പരിശീലക രംഗത്ത് ചുവടുവയ്ക്കുമ്പോഴും താൻ ഡൽഹിക്കൊപ്പമുണ്ടെന്നും അതിനാൽ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും അമിത് പറഞ്ഞു. 2026ൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഡൽഹി ഇത്തവണ കിരീടം ലക്ഷ‍്യമിട്ടാണ് ഇറങ്ങുന്നത്.

logo
Metro Vaartha
www.metrovaartha.com