

യുവരാജ് സിങ്
ന്യൂഡൽഹി: മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിനെ 2027 ഐപിഎൽ സീസണിൽ ബാറ്റിങ് കോച്ചായും സഹ പരിശീലകനായും നിയമിച്ചു. ഇക്കാര്യം ടീം മാനേജ്മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഡൽഹി ക്യാപ്പിറ്റൽസ് മുഖ്യ പരിശീലകനായി നിയമിതനായി ഒരാഴ്ച പിന്നിടുമ്പോഴാണ് യുവരാജിനെയും പരിശീലക സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
താരമെന്ന നിലയ്ക്ക് 2015 ഐപിഎൽ സീസണിൽ യുവരാജ് ഡൽഹി ക്യാപ്പിറ്റൽസിനു (അന്ന് ഡൽഹി ഡെയർഡെവിൽസ്) വേണ്ടി കളിച്ചിട്ടുണ്ട്. ഇതിഹാസ താരമായ യുവരാജ് ആദ്യമായാണ് പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.
എന്നാൽ താരത്തിന്റെ ദീർഘകാലത്തെ പരിചയസമ്പത്തും അറിവും ടീമിന് ഗുണകരമാകും. മലയാളി താരം സഞ്ജു സാംസൺ, വെടിക്കെട്ട് താരം അഭിഷേക് ശർമ, ശുഭ്മൻ ഗിൽ എന്നീ താരങ്ങളുടെ മെന്ററായും യുവരാജ് പ്രവൃത്തിച്ചിട്ടുണ്ട്. യുവരാജിനൊപ്പം പ്രവൃത്തിച്ചത് ഗുണകരമായെന്ന് പിന്നീട് ഇതേതാരങ്ങൾ തുറന്നുപറഞ്ഞിട്ടുമുണ്ട്. കളിച്ചുകൊണ്ടിരിുന്ന കാലത്ത് ആക്രമണോത്സുക ബാറ്റിങ്ങിന് പേരുകേട്ട താരം പരിശീലക സംഘത്തിലെത്തിയതോടെ താരത്തിന്റെ അതേ ശൈലി ഡൽഹി ക്യാപ്പിറ്റൽസ് ബാറ്റർമാരിലേക്കും പകർന്നു നൽകിയേക്കും.
ദാദയ്ക്കൊപ്പം ഇത്തവണ പരിശീലകരായി ഒന്നിച്ച് പ്രവൃത്തിക്കാൻ സാധിക്കുന്നതിൽ താൻ വളരെയധികം ആവേശത്തിലാണെന്നും യുവതാരങ്ങളായ ടീമിനൊപ്പം പ്രവൃത്തിക്കാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹേമംഗ് ബദാനിയായിരുന്നു കഴിഞ്ഞ സീസണിൽ ഡൽഹിയുടെ മുഖ്യ പരിശീലകൻ. അദ്ദേഹത്തിന്റെ കീഴിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന ഡൽഹി 2026 സീസണിൽ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പ്ലെ ഓഫിൽ പ്രവേശിക്കാനും ടീമിന് സാധിച്ചിരുന്നില്ല.