'പന്താവേശത്തിൽ' ഡൽഹി മുംബൈക്കെതിരേ

എട്ടാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസിന് ആത്മവിശ്വാസവും പ്ലേ ഓഫ് സാധ്യതയും വീണ്ടെടുക്കാൻ വിജയം കൂടിയേ തീരൂ
Mi vs DC IPL match preview
ഹാർദിക് പാണ്ഡ്യയും ഋഷഭ് പന്തുംഫയൽ

ന്യൂഡൽഹി: ക്യാപ്റ്റൻ ഋഷഭ് പന്തിന്‍റെ ബാറ്റിങ് പ്രകടനത്തിലും നായക മികവിലും ഉയർത്തെഴുന്നേറ്റ ഡൽഹി ക്യാപിറ്റൽസ് ഐപിഎല്ലിൽ ശനിയാഴ്ച മുംബൈ ഇന്ത്യൻസിനെ നേരിടും. അവസാന നാലു മത്സരങ്ങളിൽ മൂന്നിലും വിജയിച്ച ടീം പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. മുംബൈക്കെതിരേ വിജയം നേടാനായാൽ പ്ലേ ഓഫ് സാധ്യത വർധിപ്പിക്കാം.

മറുവശത്ത്, മോശമായ തുടക്കത്തിനു ശേഷം മൂന്നു മത്സരങ്ങളിൽ വിജയിച്ച മുംബൈ അവസാന കളിയിൽ രാജസ്ഥാനോടേറ്റ ഒമ്പതു വിക്കറ്റ് തോൽവിയുടെ ക്ഷീണത്തിലാണ്. നിലവിൽ എട്ടാം സ്ഥാനത്തുള്ള ടീമിന് ആത്മവിശ്വാസവും പ്ലേ ഓഫ് സാധ്യതയും വീണ്ടെടുക്കാൻ വിജയം കൂടിയേ തീരൂ.

ക്യാപ്റ്റൻ പന്തിന്‍റെ ഫോമാണ് ഡൽഹിയുടെ തുറുപ്പ്. സ്റ്റംപിനു പിന്നിൽ നിന്ന് കളി നിയന്ത്രിക്കാനും എതിരാളിയെ അമ്പരപ്പിക്കുന്ന നീക്കങ്ങൾ നടത്താനും കഴിയുന്ന പന്ത് ബാറ്റിങ്ങിൽ എതിരാളികളെ വിഷമിപ്പിക്കുന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരായ വെടിക്കെട്ട് പ്രകടനം വിക്കറ്റ് കീപ്പർ- ബാറ്റർ പൊസിഷനിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ പന്തിന് എതിരാളികളില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു. ടി20 ലോകകപ്പ് സ്ക്വാഡിലും പന്ത് സ്ഥാനമുറപ്പാക്കിക്കഴിഞ്ഞു.

പവർ പ്ലേയിൽ ജാക്ക് ഫ്രേസർ മക് ഗർക്കിന്‍റെ പ്രകടനവും ഡൽഹിക്ക് മുതൽക്കൂട്ടാണ്. കഴിഞ്ഞ മത്സരത്തിൽ ഷായി ഹോപ്പിന് വഴിയൊരുക്കിയ ഡേവിഡ് വാർണർ ഇന്നത്തെ മത്സരത്തിൽ തിരികെയെത്തിയേക്കും. ബൗളിങ്ങിൽ കുൽദീപ് യാദവും അക്ഷർ പട്ടേലുമടങ്ങുന്ന സ്പിൻ നിര റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്കുന്നു. എന്നാൽ, പേസ് ബൗളിങ് ഇപ്പോഴും ഡൽഹിക്ക് തലവേദനയാണ്. ഖലീൽ അഹമ്മദ്, ഇശാന്ത് ശർമ, മുകേഷ് കുമാർ എന്നിവർ പരുക്കിന്‍റെ പിടിയിൽ. അൻറിച്ച് നോർജെയുടെ സീസണിലെ റൺസ് ശരാശരി 13.36 ആണെന്നതും ആശാസ്യമല്ല.

മുംബൈ നിരയിൽ രോഹിത് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ എന്നിവർക്ക് റൺസ് നേടാനാകുന്നുണ്ടെങ്കിലും പൂർണ ഫോമിലല്ല ഇവർ. മുൻനിരയെ പിന്തുണയ്ക്കാൻ ടിം ഡേവിഡും ഇഷാൻ കിഷനും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ഉൾപ്പെട്ട മധ്യനിരയ്ക്ക് കഴിയുന്നുമില്ല. ബൗളിങ്ങിൽ ജസ്പ്രീത് ബുംറയെ മാറ്റിനിർത്തിയാൽ എല്ലാവരും പരാജയം. 6.37 റൺസ് ശരാശരിയിൽ 13 വിക്കറ്റ് നേടിക്കഴിഞ്ഞു ബുംറ.

Trending

No stories found.

Latest News

No stories found.