

ചിന്നസ്വാമി സ്റ്റേഡിയം
ബെംഗളൂരു: ഡിസംബർ 24ന് നടക്കേണ്ടിയിരുന്ന ഡൽഹിയും ആന്ധ്രാപ്രദേശും തമ്മിലുള്ള വിജയ് ഹസാരെ ട്രോഫി മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് മാറ്റിവച്ചു. സുരക്ഷാകാരണങ്ങളാലാണ് വേദി മാറ്റിയത്.
ജനങ്ങളെ പ്രവേശിപ്പിക്കാതെ മത്സരം നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതു മൂലം മത്സരം നടത്താൻ സാധിക്കില്ലെന്ന് വിദഗ്ദ സമിതി റിപ്പോർട്ട് നൽകിയതോടെ വേദി മാറ്റുകയായിരുന്നു.
മത്സരം നടത്താനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയ ശേഷമാണ് വേദി മാറ്റം. കഴിഞ്ഞ ദിവസം സുരക്ഷാ സമിതി സ്റ്റേഡിയത്തിലെത്തുകയും ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. അടിസ്ഥാന സൗകര‍്യങ്ങൾ ഒരുക്കിയതിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു സുരക്ഷാ സമിതി മത്സരം നടത്താൻ അനുമതി നൽകാതിരുന്നത്.
15 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് സ്റ്റാർ ബാറ്റർ വിരാട് കോലി വിജയ് ഹസാരെ ടൂർണമെന്‍റിൽ കളിക്കാനൊരുങ്ങുന്നത്. മത്സരത്തിനു വേണ്ടി ബെംഗളൂരുവിലെത്തിയ കോലി പരിശീലനം നടത്തിയിരുന്നു.