കെ.എൽ. രാഹുലിനു പകരം ദേവദത്ത് പടിക്കൽ ടീമിൽ

രജത് പാട്ടീദാർ, സർഫറാസ് ഖാൻ, ദേവദത്ത് പടിക്കൽ എന്നിവരിൽ രണ്ടു പേർക്ക് അടുത്ത ടെസ്റ്റിൽ അവസരം കിട്ടും
ദേവദത്ത് പടിക്കൽ
ദേവദത്ത് പടിക്കൽFile photo

മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കെ.എൽ. രാഹുൽ കളിക്കില്ല. മുട്ടിനേറ്റ പരുക്കാണ് കാരണം. രാഹുലിനു പകരം കർണാടക ടീമിലെ സഹതാരവും മലയാളിയുമായ ദേവദത്ത് പടിക്കലിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കർണാടകയ്ക്കു വേണ്ടി ഈ സീസണിൽ ഗംഭീര പ്രകടനമാണ് ദേവദത്ത് കാഴ്ചവയ്ക്കുന്നത്. പതിവ് ഓപ്പണിങ് റോളിൽ നിന്നു വിട്ട് മൂന്നാം നമ്പറിലും നാലാം നമ്പറിലും കളിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ദേവദത്തിനെ മധ്യനിരയിലും പരീക്ഷിക്കാൻ സാധ്യത ഏറെയാണ്.

വിരാട് കോലി വ്യക്തിപരമായ കാരണങ്ങളാൽ വിട്ടുനിൽക്കുകയും, ശ്രേയസ് അയ്യർ പരുക്കും ഫോമില്ലായ്മയും കാരണം പുറത്താകുകയും ചെയ്ത സാഹചര്യത്തിൽ രജത് പാട്ടീദാർ, സർഫറാസ് ഖാൻ, ദേവദത്ത് പടിക്കൽ എന്നിവരിൽ രണ്ടു പേർക്ക് അടുത്ത ടെസ്റ്റിൽ അവസരം കിട്ടും. പരുക്കു കാരണം രണ്ടാം ടെസ്റ്റിൽ കളിക്കാരിതിരുന്ന രാഹുലിനെയും രവീന്ദ്ര ജഡേജയെയും പരമ്പരയിൽ ശേഷിക്കുന്ന മൂന്നു മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, രാഹുലിന്‍റെ പരുക്ക് ഭേദമാകാത്ത സാഹചര്യത്തിൽ ഒരു മത്സരത്തിൽ കൂടി വിശ്രമം അനുവദിച്ചിരിക്കുകയാണ്. ടീമിലുണ്ടെങ്കിലും ജഡേജ കളിക്കുന്ന കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല.

ഇരുപത്തിമൂന്നുകാരനായ ദേവദത്ത് പടിക്കൽ ഇത്തവണത്തെ രഞ്ജി ട്രോഫി സീസണിൽ ആറു മത്സരങ്ങളിൽ മൂന്നു സെഞ്ചുറി സഹിതം 556 റൺസെടുത്തു കഴിഞ്ഞു. 93 റൺസാണ് ഇടങ്കയ്യൻ ബാറ്ററുടെ സീസണിലെ ബാറ്റിങ് ശരാശരി. ഇതിനിടെ ഇംഗ്ലണ്ട് ലയൺസിനെതിരേ ഇന്ത്യ എ ടീമിനു വേണ്ടി ഒരു സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും നേടിയിരുന്നു.

കരിയറിൽ ആകെ 31 ഫസ്റ്റ് ക്ലാസ് മത്സരം കളിച്ച ദേവദത്ത് ഇന്ത്യക്കായി രണ്ട് ട്വന്‍റി20 മത്സരങ്ങൾക്കും ഇറങ്ങിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com