''ശരീരം അനുവദിച്ചാൽ ഇനിയും വരും'', ധോണിക്കിപ്പോൾ വിരമിക്കാൻ മനസില്ല

കൂടെ കളിച്ചവരൊക്കെ കമന്‍റേറ്റർമാരും പരിശീലകരുമൊക്കെയായിക്കഴിഞ്ഞു. പക്ഷേ, 0.12 സെക്കൻഡിൽ ഒരു സ്റ്റമ്പിങ് പൂർത്തിയാക്കാൻ കഴിയുന്ന ധോണി എന്തിനിപ്പോൾ വിരമിക്കണം!
''ശരീരം അനുവദിച്ചാൽ ഇനിയും വരും'', ധോണിക്കിപ്പോൾ വിരമിക്കാൻ മനസില്ല

അഹമ്മദാബാദ്: വിരാട് കോഹ്‌ലിയുടെ പിൻഗാമിയായി ശുഭ്‌മാൻ ഗില്ലിന്‍റെ പട്ടാഭിഷേകം നടത്തിയ ഐപിഎൽ സീസണാണ് കടന്നുപോകുന്നത്. നാല് കളിയിൽ മൂന്നു സെഞ്ചുറിയുമായി ബൗളർമാരുടെ പേടിസ്വപ്നമായി നിറഞ്ഞു നിൽക്കുന്ന ആ ഗില്ലിനെ രവീന്ദ്ര ജഡേജയുടെ ഡ്രീം ഡെലിവറിൽ സ്റ്റമ്പ് ചെയ്ത് പുറത്താക്കാൻ എം.എസ്. ധോണിക്കു വേണ്ടിവന്നത് 0.12 സെക്കൻഡ് മാത്രമായിരുന്നു.

ബാറ്റിങ്ങിലും പഴയ ആത്മവിശ്വാസം വീണ്ടെടുത്തെന്നു തോന്നിപ്പിച്ചു കൊണ്ട് ആറാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയെങ്കിലും ആദ്യ പന്തിൽ തന്നെ പുറത്തായി. പക്ഷേ, ധോണി എന്ന ബാറ്റ്സ്മാനെ ചെന്നൈ സൂപ്പർ കിങ്സിന് ഈ സീസണിൽ ആവശ്യം വന്നിട്ടേയില്ല. സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറെന്നോ, അൽപ്പം പരിഹാസമായി നോൺ പ്ലെയിങ് ക്യാപ്റ്റനെന്നോ വിളിച്ചോളൂ, പക്ഷേ, അയാളെ ആ ടീമിന് ആവശ്യമുണ്ട്, കൂടെ കളിക്കുന്നവർക്ക് ആവശ്യമുണ്ട്, ആരാധകർക്ക് അതിലേറെ ആവശ്യമുണ്ട്.

ധോണിയുടെ അവസാന ഐപിഎൽ എന്ന വൈകാരികതയോടെയാണ് പലരും രണ്ടു വർഷമായി ഈ ടൂർണമെന്‍റ് കാണുന്നത്. എന്നാൽ, വിരമിക്കൽ പ്രഖ്യാപിക്കാൻ സമയമായിട്ടില്ലെന്ന നിലപാടിൽ തന്നെയാണ് 'തല'.

''കിരീടം നേടുന്നതു തന്നെയാണ് വിരമിക്കാൻ ഏറ്റവും യോജിച്ച സമയം. പക്ഷേ, ഫാൻസിന് ഒരു സീസൺ കൂടി സമ്മാനിക്കാൻ ആഗ്രഹിക്കുന്നു'', ഐപിഎല്ലിലെ അഞ്ചാം കിരീടം ഏറ്റുവാങ്ങിയ ശേഷം ചെന്നൈ നായകൻ പ്രതികരിച്ചു.

''ഈ വർഷം എവിടെയൊക്കെ പോയപ്പോഴും എനിക്കു കിട്ടിയ സ്നേഹവും കരുതലും ഒരുപാട് വലുതായിരുന്നു. അതിനാൽ എനിക്കിപ്പോൾ പറയാൻ എളുപ്പം എല്ലാവർക്കും നന്ദി എന്നു തന്നെയാണ്. ഒമ്പതു മാസത്തിനപ്പുറം ഒരു ഐപിഎൽ സീസൺ കൂടി കളിക്കാനുള്ള അധ്വാനമാണ് അതികഠിനം. അതു ശരീരത്തെ ആശ്രയിച്ചിരിക്കുന്നു. തീരുമാനമെടുക്കാൻ ആറേഴു മാസം കൂടിയുണ്ട്. ഇനിയും കളിക്കാനിറങ്ങുന്നത് എളുപ്പമായിരിക്കില്ല. പക്ഷേ, നിങ്ങൾ തന്ന സ്നേഹത്തിനു പകരമായി ഞാനെന്തെങ്കിലും തരണ്ടേ...'', ധോണി നിലപാട് വ്യക്തമാക്കി.

''ഞാൻ പുറത്തേക്കു വരുമ്പോൾ ഗ്യാലറി മുഴുവൻ എന്‍റെ പേര് ആർത്തുവിളിച്ചിരുന്നു. എന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഡഗ്ഔട്ടിൽ ഞാനൊരു നിമിഷം നിന്നു. അത് ആസ്വദിക്കുകയാണു വേണ്ടെതെന്നും, അല്ലാതെ സമ്മർദം അനുഭവിക്കുകയല്ലെന്നും ഞാൻ തിരിച്ചറിഞ്ഞു. ചെന്നൈയിൽ കഴിഞ്ഞ മത്സരത്തിനിറങ്ങിയപ്പോഴും ഇതുപോലെ തന്നെയായിരുന്നു. തിരിച്ചുവരാനും എനിക്കാവും വിധം കളിക്കാനും കഴിഞ്ഞാൻ നന്നായിരിക്കും'', അപൂർവമായൊരു വൈകാരിക വിക്ഷുബ്ധതയോടെ ധോണി പറഞ്ഞവസാനിപ്പിച്ചു.

ഇടതു കാൽമുട്ടിലെ പരിക്കുമായാണ് ധോണി ഒരു മത്സരം പോലും നഷ്ടപ്പെടാതെ ഈ സീസൺ പൂർത്തിയാക്കിയത്. 12 ഇന്നിങ്സിൽ 104 റൺസ് മാത്രം. പക്ഷേ, അതിനു നേരിട്ടത് വെറും 57 പന്ത്, പറത്തിയത് പത്തു സിക്സർ. 182.45 എന്ന സ്ട്രൈക്ക് റേറ്റ് ആ പഴയ ലോകോത്തര ഫിനിഷർക്ക് ഇന്നും അഭിമാനിക്കാൻ വക നൽകുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com