നേതൃത്വ മാറ്റത്തിൽ വീണ്ടും പിഴച്ചോ സെലക്റ്റർമാർ? ഹർമൻപ്രീതും സ്മൃതിയും തമ്മിൽ അഭിപ്രായഭിന്നതയെന്ന് റിപ്പോർട്ട്

ഒരിക്കൽ അടുത്ത സൗഹൃദത്തിലായിരുന്ന ഹർമൻപ്രീതും സ്മൃതിയും തമ്മിൽ നായകസ്ഥാനവുമായി ബന്ധപ്പെട്ട് കുറച്ചുകാലമായി അഭിപ്രായഭിന്നത നിലനിന്നിരുന്നതായാണ് സൂചന
Smriti Mandhana, Harmanpreet Kaur

സ്മൃതി മന്ഥന, ഹർമൻപ്രീത് കൗർ

Updated on: 

ഹർമൻപ്രീത് കൗർ നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് സ്മൃതി മന്ഥനയെ നിയമിച്ചത് സ്വാഭാവിക തീരുമാനമായിരുന്നു. എന്നാൽ 30കാരിയായ ഇടങ്കയ്യൻ ഓപ്പണർക്ക് നായകസ്ഥാനം ലഭിച്ചത് വൈകിപ്പോയോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററാണ് സ്മൃതിയെന്നാണ് വിലയിരുത്തൽ.

2016ൽ ആദ്യമായി ഇന്ത്യയെ നയിച്ച ഹർമൻപ്രീത് കൗർ, ബിസിസിഐയുമായുള്ള അവലോകന യോഗത്തിന് പിന്നാലെയാണ് എല്ലാ ഫോർമാറ്റുകളിലെയും നായകസ്ഥാനം ഒഴിയാൻ തീരുമാനിച്ചത്. ജപ്പാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ തുടർച്ചയായ രണ്ടാം സ്വർണമെഡലിലേക്ക് നയിച്ച ശേഷമാണ് 37കാരിയായ ഹർമൻപ്രീത് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്.

ഹർമൻപ്രീതിന് പകരം ക്യാപ്റ്റനാകാൻ ഏറ്റവും അനുയോജ്യയായ താരം സ്മൃതി‌ തന്നെയായിരുന്നു. 2013ൽ അരങ്ങേറ്റം കുറിച്ച സ്മൃതി ഇതിനകം മൂന്ന് ഫോർമാറ്റുകളിലുമായി 10,000ത്തിലേറെ റൺസ് നേടിയിട്ടുണ്ട്.

സെലക്റ്റർമാരോട് അതൃപ്തി

കഴിഞ്ഞ വർഷം സ്വന്തം നാട്ടിൽ നടന്ന ഏകദിന ലോകകപ്പ് നേടി ഐസിസി കിരീടത്തിനായുള്ള ഇന്ത്യയുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചിട്ടും ക്യാപ്റ്റൻ സ്ഥാനത്ത് മാറ്റം വരുത്താൻ സെലക്റ്റർമാർ തയ്യാറാകാതിരുന്നതിൽ സ്മൃതിക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഇന്ത്യയെ നയിക്കാൻ താൻ തയ്യാറാണെന്ന് സ്മൃതി വ്യക്തമാക്കിയിരുന്നു. ഏഷ്യൻ ഗെയിംസിലെ സ്വർണനേട്ടത്തിന് പിന്നാലെ ഇന്ത്യ കൂടുതൽ വലിയ ടൂർണമെന്‍റുകൾ ലക്ഷ്യമിടണമെന്നും അവർ പറഞ്ഞിരുന്നു.

ഏകദിന ലോകകപ്പ് നേട്ടത്തിനിടയിൽ തന്നെ ഇന്ത്യ തുടർച്ചയായി രണ്ട് ടി20 ലോകകപ്പുകളിൽ നേരത്തെ പുറത്തായിരുന്നു. ഇതോടെ പ്രത്യേകിച്ച് ടി20 ഫോർമാറ്റിലെ നായകസ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ സെലക്റ്റർമാർ അപ്പോഴും നേതൃത്വത്തിൽ മാറ്റം വരുത്തിയില്ല. ഗുവാഹത്തിയിൽ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയുടെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ നേതൃത്വമാറ്റം അനിവാര്യമാണെന്ന് ഹർമൻപ്രീതിനെ ബോധ്യപ്പെടുത്തിയതായാണ് റിപ്പോർട്ട്. തുടർന്ന് ഹർമൻപ്രീത് തന്നെ ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തീരുമാനിക്കുകയായിരുന്നു.

ഹർമൻപ്രീതും സ്മൃതിയും തമ്മിൽ അഭിപ്രായഭിന്നതയെന്ന് റിപ്പോർട്ട്

ഒരിക്കൽ അടുത്ത സൗഹൃദത്തിലായിരുന്ന ഹർമൻപ്രീതും സ്മൃതിയും തമ്മിൽ നായകസ്ഥാനവുമായി ബന്ധപ്പെട്ട് കുറച്ചുകാലമായി അഭിപ്രായഭിന്നത നിലനിന്നിരുന്നതായാണ് സൂചന. “കുറച്ചുകാലമായി ഇരുവരും പല കാര്യങ്ങളിലും ഒരേ നിലപാടിലായിരുന്നില്ല. ഇത് ടീമിന്‍റെ ഡ്രസിങ് റൂമിൽ പ്രകടമായ അസ്വസ്ഥതയ്ക്ക് കാരണമായി”- ടീം വൃത്തങ്ങൾ വെളിപ്പെടുത്തി.

ഈ വർഷം യുകെയിൽ നടന്ന ടി20 ലോകകപ്പിൽ ഇന്ത്യ പുറത്തായതിന് പിന്നാലെ മുൻ ഇന്ത്യൻ നായിക മിതാലി രാജും സെലക്റ്റർമാരുടെ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു. രണ്ടോ മൂന്നോ വർഷം മുൻപ് തന്നെ സ്മൃതിയെ ഏകദിന ടീമിന്‍റെ നായികയാക്കേണ്ടതായിരുന്നുവെന്നാണ് മിതാലി പറഞ്ഞത്.

“അവൾക്ക് രണ്ടോ മൂന്നോ വർഷം മുൻപ് തന്നെ ഏകദിന നായകസ്ഥാനം ലഭിക്കുമെന്ന് ഞാൻ കരുതിയിരുന്നു. ഇപ്പോഴും ഏകദിന, ടെസ്റ്റ് ടീമുകളുടെ നായികയാകാൻ അവൾക്ക് കഴിയും. ടി20 നായകസ്ഥാനം ഷെഫാലി വർമയെപ്പോലുള്ള കൂടുതൽ പ്രായം കുറഞ്ഞ താരത്തിന് നൽകാം”- മിതാലി പറഞ്ഞു.

നേതൃത്വ മാറ്റത്തിൽ വീണ്ടും പിഴച്ചോ സെലക്റ്റർമാർ?

പുരുഷ ടീമിന് ലഭിക്കുന്നതുപോലെ വനിതാ ക്രിക്കറ്റിൽ നേതൃത്വത്തെക്കുറിച്ച് അത്ര കാര്യമായ വിലയിരുത്തൽ നടക്കാത്തതിനാൽ നായകസ്ഥാന കൈമാറ്റത്തിൽ സെലക്റ്റർമാർക്ക് വീഴ്ച സംഭവിക്കുന്നത് ഇതാദ്യമല്ല. 2022ലെ ലോകകപ്പിന് പിന്നാലെ മിതാലി രാജിൽ നിന്ന് ഹർമൻപ്രീത് ഏകദിന നായകസ്ഥാനം ഏറ്റെടുത്തപ്പോഴും ഇരുവരും തമ്മിലുള്ള ബന്ധം ഏറെ വഷളായിരുന്നു. ഇത് ടീമിനുള്ളിൽ വിഭാഗീയതയ്ക്ക് കാരണമായിരുന്നു.

ഹർമൻപ്രീത് അടുത്ത രണ്ടോ മൂന്നോ വർഷം കൂടി കളിക്കാരിയായി തുടരാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ, പഴയ അഭിപ്രായഭിന്നതകൾ മാറ്റിവച്ച് സ്മൃതിക്കും ഹർമൻപ്രീതിനും ടീമിന്‍റെ താൽപര്യത്തിനായി ഒരുമിച്ച് മുന്നോട്ട് പോകാനാകുമോ എന്നതാണ് ഇനി കാണേണ്ടത്.

അടുത്തിടെ നടന്ന ഏഷ്യാ കപ്പിലും ഏഷ്യൻ ഗെയിംസിലും ഇന്ത്യ ആധിപത്യം പുലർത്തിയെങ്കിലും ഹർമൻപ്രീതിന്‍റെ പ്രകടനം മികച്ചതായിരുന്നില്ല. ഇനി ടീമിലെ ബാറ്ററെന്ന നിലയിലാണ് പ്രധാനമായും ഹർമൻപ്രീതിന്‍റെ ഉത്തരവാദിത്തം. അതിനാൽ ടീമിൽ സ്ഥാനം നിലനിർത്താൻ ഹർമൻപ്രീതിന് തന്‍റെ പ്രകടനം ഗണ്യമായി മെച്ചപ്പെടുത്തേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

logo
Metro Vaartha
www.metrovaartha.com