ദിനേശ് കാർത്തിക്ക് പരിശീലനത്തിൽ
ദിനേശ് കാർത്തിക്ക് പരിശീലനത്തിൽ

''ലോകകപ്പ് ടീമിലെത്താൻ എന്തും ചെയ്യും'', ലക്ഷ്യം മറച്ചുവയ്ക്കാതെ ദിനേശ് കാർത്തിക്

മൂന്നാമത്തെ ഉയർന്ന റൺവേട്ടക്കാരൻ, ഈ സീസണിൽ ഇരുനൂറിനു മുകളിൽ സ്ട്രൈക്ക് റേറ്റ്

വരുന്ന ജൂണിൽ ട്വന്‍റി20 ലോകകപ്പിനു യുഎസ്എയിൽ തുടക്കം കുറിക്കുമ്പോഴേക്കും ദിനേശ് കാർത്തിക്കിനു പ്രായം 39 ആകും. പക്ഷേ, പഴകുന്തോറുമാണ് വീഞ്ഞിനും പാമ്പിനും വീര്യം കൂടുന്നതെന്നു പറയുന്നതു പോലെയാണ് ദിനേശ് കാർത്തിക്കിന്‍റെ ബാറ്റിങ്ങും. ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ തന്നെക്കൊണ്ടു സാധിക്കുന്നതെല്ലാം ചെയ്യുമെന്നാണ് കാർത്തിക്ക് ഇപ്പോൾ തുറന്നുപറയുന്നത്.

ഇപ്പോഴും ചെറുപ്പം

ഇടയ്ക്ക് കമന്‍റേറ്റർ ജോലിയും പരീക്ഷിച്ചിരുന്നെങ്കിലും ഐപിഎല്ലിലെ ഫിനിഷ് മികവിന്‍റെ ബലത്തിൽ കഴിഞ്ഞ തവണത്തെ ട്വന്‍റി20 ലോകകപ്പ് ടീമിൽ കാർത്തിക് ഇടംപിടിച്ചിരുന്നു. എന്നാൽ, ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയുമൊന്നും പ്രകടന മികവ് അന്താരാഷ്‌ട്ര വേദികളിൽ ആവർത്തിക്കാൻ കഴിയാത്തതിനാൽ ടീമിൽ തുടരാനായില്ല.

അണ്ടർ 19 തലത്തിലെ പ്രകടനങ്ങളുടെ വെളിച്ചത്തിൽ ചെറുപ്രായത്തിൽ തന്നെ ദേശീയ ടീമിൽ ഇടം നേടിയിരുന്നെങ്കിലും ടീമിൽ സ്ഥിരം സാന്നിധ്യമാകാൻ വേണ്ട പ്രകടനങ്ങൾ കാർത്തിക്കിൽ നിന്ന് അധികമുണ്ടായില്ല. എം.എസ്. ധോണി എന്ന പ്രതിഭാസത്തിന്‍റെ വരവോടെ കാർത്തിക്കിനെപ്പോലുള്ളവരെ വച്ച് പരീക്ഷണം നടത്തേണ്ട ആവശ്യവും ഇന്ത്യൻ ക്രിക്കറ്റിൽ ഇല്ലാതായി. ധോണിയെക്കാൾ മുൻപേ ദേശീയ ടീമിലെത്തിയെങ്കിലും പ്രായത്തിൽ മൂന്നു വർഷം ഇളപ്പമാണ് കാർത്തിക്. ഇപ്പോൾ ലോകകപ്പ് ടീമിലേക്കുള്ള മത്സരത്തിൽ സഞ്ജു സാംസൺ, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവർ ഒപ്പത്തിനൊപ്പം മത്സരിക്കുമ്പോഴാണ് കാർത്തിക്കും തന്‍റെ ആഗ്രഹം തുറന്നുപറഞ്ഞിരിക്കുന്നത്.

ചോദ്യം ചെയ്യാനാവാത്ത യോഗ്യത

ഐപിഎല്ലിൽ ആർസിബിക്കു വേണ്ടി ആറ് മുതൽ എട്ട് വരെയുള്ള ബാറ്റിങ് സ്പോട്ടുകളിൽ എവിടെയെങ്കിലുമാണ് കാർത്തിക് കളിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും ടീമിന്‍റെ മൂന്നാമത്തെ ഉയർന്ന റൺവേട്ടക്കാരനാണ്. ഈ സീസണിൽ ഇരുനൂറിനു മുകളിൽ സ്ട്രൈക്ക് റേറ്റുമുണ്ട്.

ഈ പ്രായത്തിൽ ഇന്ത്യക്കു വേണ്ടി ലോകകപ്പ് കളിക്കാൻ കഴിയുന്നതിലും വലിയൊരു അനുഭവം ഉണ്ടാവാനില്ലെന്നാണ് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനു മുൻപ് കാർത്തിക് പറഞ്ഞത്. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്‍റെ ഘടന നിശ്ചയിക്കാൻ ഏറ്റവും യോഗ്യരായ മൂന്നു പേരാണ് - രോഹിത് ശർമ, രാഹുൽ ദ്രാവിഡ്, അജിത് അഗാർക്കർ - ഇപ്പോൾ തലപ്പത്തുള്ളതെന്നും കാർത്തിക്.

ഇത്തവണത്തെ സീസണിനു ശേഷം ഐപിഎല്ലിൽനിന്നു വിരമിക്കുമെന്നും വൈകാതെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുമെന്നും കാർത്തിക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 2022ലെ ട്വന്‍റി20 ലോകകപ്പിലാണ് അവസാനമായി ഇന്ത്യക്കു വേണ്ടി കളിക്കുന്നത്.

കഴിഞ്ഞ മൂന്ന് ഐപിഎൽ സീസണുകളിലായി അഞ്ചാം നമ്പറിൽ താഴെ ബാറ്റ് ചെയ്ത് മറ്റൊരു ബാറ്ററും കാർത്തിക്കിനോളം റൺസെടുത്തിട്ടില്ല. 175+ സ്ട്രൈക്ക് റേറ്റിൽ അറുനൂറിലധികം റൺസാണ് നേടിയത്. മൂന്നു സീസണുകളിലായി ലോവർ മിഡിൽ ഓർഡറിൽ 300 റൺസെങ്കിലും നേടിയിട്ടുള്ള ആർക്കും ഇത്രയും സ്ട്രൈക്ക് റേറ്റില്ല.

ഈ മോഹം തമാശയല്ല

രാഹുൽ ദ്രാവിഡും രോഹിത് ശർമയും.
രാഹുൽ ദ്രാവിഡും രോഹിത് ശർമയും.

''ഞാനൊരു ആന്ദ്രെ റസലോ കരൺ പൊള്ളാർഡോ അല്ല, അതുകൊണ്ടു തന്നെ എന്‍റെ മിസ് ഹിറ്റുകൾ സിക്സറാവില്ല. അങ്ങനെയാണ് ഗ്യാപ്പുകൾ കണ്ടെത്താനും ബൗണ്ടറി ബോളുകൾ തിരിച്ചറിയാനും ഞാൻ പരിശീലിച്ചത്. എനിക്കെതിരേ ബൗളർമാർ പന്തെറിയുന്ന പാറ്റേൺ മനസിലാക്കിയാണ് എന്‍റെ പരിമിതികൾ മറികടക്കാൻ വഴി കണ്ടെത്തിയത്'', കാർത്തിക് വിശദീകരിക്കുന്നു.

കാർത്തിക്കിന്‍റെ മനസിൽ ലോകകപ്പ് ടീമിലെ സ്ഥാനമാണെന്ന് രോഹിത് ശർമ തമാശയായി പറയുന്നത് അടുത്തിടെ സ്റ്റമ്പ് മൈക്കിലൂടെ ക്രിക്കറ്റ് പ്രേമികൾ കേട്ടിരുന്നു. എന്നാൽ, ഇതൊരു തമാശയല്ലെന്നും, തനിക്കതു ഗൗരവമുള്ള ലക്ഷ്യം തന്നെയാണെന്നുമാണ് കാർത്തിക്കിന്‍റെ വാക്കുകളിൽനിന്നു വ്യക്തമാകുന്നത്.

മറ്റൊരു അഭിമുഖത്തിൽ രോഹിത് ശർമ ഈ വിഷയം വീണ്ടും പരാമർശിച്ചതോടെയാണ് കാർത്തിക് ഇപ്പോഴും സെലക്റ്റർമാരുടെ സജീവ പരിഗണനയിലുണ്ടെന്ന സൂചന ലഭിക്കുന്നത്. ''ഡികെയും ധോണിയും കുറച്ചു പന്തുകളിൽ വലിയ ഇംപാക്റ്റ് ഉണ്ടാക്കുന്നുണ്ട്. ലോകകപ്പ് നടക്കുന്ന സമയത്ത് ധോണി ഗോൾഫ് കളിക്കാൻ യുഎസ്എയിൽ എത്തുന്നുണ്ടെങ്കിലും അദ്ദേഹത്തെ ഇനി ടീമിലേക്കു തിരിച്ചുകൊണ്ടുവരാൻ എളുപ്പമല്ല. പക്ഷേ, ഡികെയെ സമ്മതിപ്പിക്കാൻ കൂടുതൽ എളുപ്പമായിരിക്കും'', പകുതി തമാശയായി രോഹിത് പറഞ്ഞിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com