ഓസ്ട്രേലിയൻ ഓപ്പൺ: ജോക്കോവിച്ച് ക്വാർട്ടറിൽ

ജോക്കോവിച്ചിന് കുതിപ്പ്; ഇഗയ്ക്ക് തിരിച്ചടി
നൊവാക് ജോക്കോവിച്ച്
നൊവാക് ജോക്കോവിച്ച്

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണിൽ സെര്‍ബിയന്‍ സൂപ്പർതാരം നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഫ്രാന്‍സിന്‍റെ അഡ്രിയാന്‍ മന്നാരിനോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകർത്താണ് ജോക്കോവിച്ച് അവസാന എട്ടിൽ ഇടംപിടിച്ചത്. ആദ്യ രണ്ട് സെറ്റുകളിലും ജോക്കോവിച്ച് 6-0 ത്തിന് എതിരാളിയെ നിഷ്പ്രഭമാക്കി. മൂന്നാം സെറ്റില്‍ 6-3നും ജോക്കോവിച്ച് ജയിച്ചു. സ്കോര്‍ 6-0, 6-0, 6-3.

മൂന്ന് മത്സരങ്ങള്‍കൂടി ജയിച്ചാല്‍ 25 ഗ്രാൻഡ്സ്‌ലാം കിരീടമെന്ന നേട്ടത്തിലേക്ക് തന്‍റെ റെക്കോഡ് ഉയര്‍ത്തുവാന്‍ ജോക്കോവിച്ചിന് കഴിയും. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന ഓസ്ട്രേലിയന്‍ താരം മാര്‍ഗരറ്റ് കോര്‍ട്ടിന്‍റെ റെക്കോഡിനൊപ്പമാണ് ഇപ്പോള്‍ ജോക്കോവിച്ച്.

വിജയത്തോടെ 58-ാം തവണ ഗ്രാന്‍ഡ്സ്ലാം ക്വാര്‍ട്ടറെന്ന റെക്കോര്‍ഡ് നേട്ടത്തില്‍ ജോക്കോവിച്ച് എത്തി. റോജര്‍ ഫെഡററിന് മാത്രമാണ് ഇതിന് മുമ്പ് 58 ഗ്രാന്‍ഡ്സ്ലാം ക്വാര്‍ട്ടര്‍ എന്ന നേട്ടമുള്ളത്.

കൗമാരക്കാരിക്ക് മുന്നിൽ ഇഗ വീണു

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ കൗമാരക്കാരിക്ക് മുന്നിൽ ലോക ഒന്നാം നമ്പർ താരം വീണു. ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിയാറ്റെക് ചെക്ക് റിപ്പബ്ലിക്കിന്‍റെ കൗമാരതാരമായ ലിന്‍ഡ നൊസ്കോവ‌യ്ക്ക് മുന്നിലാണ് കളികൈവിട്ടത്. അനായാസമാണ് ഈ കൗമാരതാരം ഇഗയെ വീഴ്ത്തിയത്. സ്കോർ 3-6 6-3 6-4. മത്സരം ജയിച്ച് ഓസ്ട്രേലിയന്‍ ഓപ്പണിന്‍റെ പ്രീക്വാർട്ടറിൽ ലിൻഡ സ്ഥാനമുറപ്പിച്ചു.

ലിൻഡ് നൊസ്കോവ
ലിൻഡ് നൊസ്കോവ

തുടര്‍ച്ചയായ 18 മത്സരങ്ങളിൽ തോൽവിയറിയാതെ എത്തിയ സ്വിയാറ്റകിന്‍റെ കുതിപ്പിനാണ് ഇതോടെ വിരാമമായത്. സ്വിയാറ്റക് പുറത്തായതോടെ ആദ്യ 10 സീഡുകാരില്‍ ഏഴു പേരും പുറത്തായി. മൂന്നാം സീഡ് എലീന റിബാകിന, അഞ്ചാമതുള്ള ജെസിക പെഗുല, ആറാമതുള്ള ഉന്‍സ് ജബ്യൂര്‍ എന്നിവരാണ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്തായ താരങ്ങള്‍. നിലവിലെ ചാംപ്യന്‍ അരിന സബലെങ്ക, യു.എസ് ഓപണ്‍ ജേതാവ് കൊക്കോ ഗോഫ്, ബാര്‍ബറ ക്രജ്സിക്കോവ എന്നീ ആദ്യ സീഡുകാരാണ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ അവശേഷിക്കുന്നത്.

അതേസമയം ലോക 50-ാം റാങ്കുകാരിയായ ലിന്‍ഡ നൊസ്കോവയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം പ്രീ ക്വാര്‍ട്ടറാണിത്. താരം കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ യോഗ്യത ഘട്ടത്തില്‍ പുറത്തായ താരമാണ് ലിന്‍ഡ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com