വിൽക്കാനുണ്ടൊരു പച്ചത്തൊപ്പി; വില വെറും രണ്ടരക്കോടി!

ഇന്ത്യക്കെതിരേ ടെസ്റ്റ് കളിക്കാൻ വിരമിക്കൽ നീട്ടി വച്ച ലോകക്രിക്കറ്റിലെ ഡോൺ, സാക്ഷാൽ ബ്രാഡ്മാൻ ആ പരമ്പരയിൽ ഉപയോഗിച്ച ബാഗി ഗ്രീൻ ക്യാപ്പ് ലേലത്തിന്
Dona Bradman's baggy green cap up for auction
ഡോൺ ബ്രാഡ്മാന്‍റെ ലേലം ചെയ്യുന്ന ബാഗി ഗ്രീൻ ക്യാപ്
Updated on

ഏഷ്യക്കാരെ അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള ഓസ്ട്രേലിയക്കാരെ ''സച്ചിൻ ടെൻഡുൽക്കർ കൊള്ളാം'' എന്നു പറയ‌ാൻ നിർബന്ധിതരാക്കിയത് ഒരൊറ്റ ഡയലോഗായിരുന്നു- ''അവൻ കളിക്കുന്നത് എന്നെപ്പോലെയാണ്'' എന്നൊരു വാചകം. അതു പറഞ്ഞത് ലോക ക്രിക്കറ്റിലെ ഡോൺ, സാക്ഷാൽ സർ ഡോൺ ബ്രാഡ്മാൻ!

Dona Bradman with Sachin tendulkar
ഡോൺ ബ്രാഡ്മാനും സച്ചിൻ ടെൻഡുൽക്കറും

ബ്രാഡ്മാൻ പറഞ്ഞാൽ ഓസ്ട്രേലിയൻ ക്രിക്കറ്റിൽ പിന്നെ അപ്പീൽ ഇല്ലാത്ത കാലം. സച്ചിനെ അംഗീകരിക്കാൻ അദ്ദേഹം കാണിച്ച ആത്മാർഥത മുൻപു തന്നെ ഇന്ത്യയോടുള്ള ഇഷ്ടത്തിന്‍റെ തുടർച്ചയാണെന്നു കരുതാം. കാരണം, ഇന്ത്യക്കെതിരേ ടെസ്റ്റ് പരമ്പര കളിക്കാൻ സ്വന്തം റിട്ടയർമെന്‍റ് വരെ മാറ്റിവച്ച ചരിത്രമുണ്ട് അദ്ദേഹത്തിന്.

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ആദ്യ വിദേശ പര്യടനം ഓസ്ട്രേലിയയിലേക്കായിരുന്നു- 1947-48ൽ. ആ പരമ്പര കളിക്കാൻ വേണ്ടി വിരമിക്കൽ നീട്ടിവച്ചത് ബ്രാഡ്മാനും ഗുണം ചെയ്തു. ആറ് ഇന്നിങ്സിൽ ബാറ്റ് ചെയ്ത ബ്രാഡ്മാൻ ഒരു ഡബിൾ സെഞ്ചുറിയും മൂന്ന് സെഞ്ചുറികളും അടക്കം 715 റൺസാണ് അടിച്ചുകൂട്ടിയത്. അതിനു ശേഷം നടത്തിയ ആഷസ് പരമ്പരയോടെ ക്രിക്കറ്റ് മതിയാക്കിയ ബ്രാഡ്മാന് 99.94 റൺസ് എന്ന അവിശ്വസനീയ ബാറ്റിങ് ശരാശരി ഉറപ്പാക്കുന്നതിൽ ഇന്ത്യക്കെതിരായ പ്രകടനം നിർണായക പങ്ക് വഹിച്ചിരുന്നു.

ഇന്ത്യക്കെതിരേ കളിച്ചപ്പോൾ ബ്രാഡ്മാൻ ധരിച്ച തൊപ്പി ഇപ്പോൾ ലേലത്തിനു വച്ചിരിക്കുകയാണ്. പ്രതീക്ഷിക്കുന്ന വില രണ്ടരക്കോടി രൂപ. ബൊൻഹാംസ് ഓക്ഷൻ ഹൗസ് പറയുന്നത്, പരമ്പരയിൽ ബ്രാഡ്മാൻ ഉപയോഗിച്ച ഒരേയൊരു ബാഗി ഗ്രീൻ ക്യാപ്പ് ഇതായിരുന്നു എന്നാണ്.

Don Bradman
ഡോൺ ബ്രാഡ്മാൻ

1928ലെ തന്‍റെ അരങ്ങേറ്റ മത്സരത്തിൽ ബ്രാഡ്മാൻ ധരിച്ച തൊപ്പി നേരത്തെ രണ്ട് കോടിയിലധികം രൂപയ്ക്കാണ് ലേലം ചെയ്തത്. അതിൽ കൂടുതൽ വില ഇപ്പോഴത്തെ തൊപ്പിക്കു കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com