

സൗരവ് ഗാംഗുലി.
File
കോൽക്കത്ത: ഈഡൻ ഗാർഡൻസിലെ പിച്ച് ഇന്ത്യൻ ടീം ആവശ്യപ്പെട്ട പ്രകാരമാണ് ഒരുക്കിയതെന്നു മുൻ ക്യാപ്റ്റനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി. പിച്ചിന്‍റെ നിലവാരത്തിന്‍റെ പേരിൽ ക്യുറേറ്ററെ കുറ്റംപറയേണ്ടെന്നും ഗാംഗുലി വ്യക്തമാക്കി.
ഗാംഗുലിയുടെ വെളിപ്പെടുത്തൽ സത്യമാണെന്ന് ഇന്ത്യൻ കോച്ച് ഗംഭീർ സമ്മതിച്ചിട്ടുണ്ട്. ഇന്ത്യൻ ടീം ആവശ്യപ്പെട്ടത് അനുസരിച്ചാണു പിച്ച് തയാറാക്കിയതെന്നും ക്യൂറേറ്റർ ഏറെ പിന്തുണച്ചെന്നും ഗംഭീർ വ്യക്തമാക്കി. ടീമിന്‍റെ പദ്ധതികൾ പ്രാവർത്തികമാക്കുന്നതിൽ കളിക്കാർ വരുത്തിയ പിഴവാണു തോൽവിക്കു കാരണമെന്നും ഗംഭീർ വിലയിരുത്തി.
ഇന്ത്യൻ ക്യാംപ് ഇത്തരമൊരു പിച്ചാണ് ആവശ്യപ്പെട്ടത്. മത്സരത്തിനു മുൻപുള്ള നാലു ദിവസം പിച്ചിൽ വെള്ളം നനയ്ക്കാതിരുന്നാൽ ഇങ്ങനെ സംഭവിക്കും. പിച്ചിന്‍റെ സ്വഭാവം പ്രവചനാതീതമാകും. ക്യൂറേറ്റർ സുജൻ മുഖർജിയെ കുറ്റം പറയാനാവില്ല- ഗാംഗുലി പറഞ്ഞു.
ഈഡനിലെ പിച്ചിന്‍റെ അസ്വാഭാവികതയെ വിമർശിച്ച് പല മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു. മത്സരത്തിന്‍റെ തലേദിവസം രാത്രിയിൽ നനയ്ക്കാത്തതിനാലാണു പിച്ചിന്‍റെ അവസ്ഥ ഇത്രവേഗം മോശമായതെന്നു മുൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക് പറഞ്ഞു.
കോൽക്കത്ത പിച്ച് ബാറ്റർമാരുടെ ആത്മവിശ്വാസം തകർത്തെന്നു ദക്ഷിണാഫ്രിക്കൻ ബാറ്റിങ് കോച്ച് ആഷ്‌വെൽ പ്രിൻസ് പറഞ്ഞു. പന്ത് അപ്രതീക്ഷിതമായി താഴുമ്പോൾ ബാറ്റർമാർക്ക് ഷോട്ട് കളിക്കാനാവില്ലെന്നും പ്രിൻസ് കൂട്ടിച്ചേർത്തു. ഇത്തരത്തിലെ പിച്ചുകളാണ് ഒരുക്കുന്നതെങ്കിൽ ടെസ്റ്റ് ക്രിക്കറ്റിനെ കൊല്ലാൻ എതിരാളികൾ വേണ്ടെന്നും നമ്മൾ തന്നെ അതിന്‍റെ കൊലയാളികളാകുമെന്നും ഇന്ത്യൻ സ്പിൻ ഇതിഹാസം ഹർഭജൻ സിങ് പറഞ്ഞു.