ഡോറിവൽ ജൂനിയർ ബ്രസീൽ കോച്ചാകും

മോശം പ്രകടനത്തെ തുടര്‍ന്ന് താല്‍കാലിക കോച്ച് ഫെര്‍ണാണ്ടോ ഡിനിസിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
ഡോറിവൽ ജൂനിയർ
ഡോറിവൽ ജൂനിയർ

റിയോ ഡി ജനീറോ: ഖത്തര്‍ ലോകകപ്പിന് ശേഷം സ്ഥിരത പുലര്‍ത്താന്‍ പ്രയാസപ്പെടുന്ന ബ്രസീല്‍ ദേശീയ ടീമിന് പുതിയ പരിശീലകനെത്തുന്നു. സാവോ പോളോ എഫ്സിയുടെ ഹെഡ് കോച്ച് ഡോറിവല്‍ ജൂനിയറാണ് പുതിയ ദൗത്യം ഏറ്റെടുക്കുന്നത്. ബ്രസീലിന്‍റെ ക്ഷണം ഡോറിവല്‍ സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോശം പ്രകടനത്തെ തുടര്‍ന്ന് താല്‍കാലിക കോച്ച് ഫെര്‍ണാണ്ടോ ഡിനിസിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ദേശീയ ടീമിന്‍റെ ചുമതല ഏറ്റെടുക്കുന്നതിനായി ഡോറിവല്‍ ജൂനിയര്‍ സാവോ പോളോയുടെ മുഖ്യ പരിശീലക സ്ഥാനം രാജിവച്ചതായി ക്ലബ് പ്രസ്താവനയിലൂടെ അറിയിച്ചു. നേരത്തെ സാന്‍റോസ് എഫ്സി, ഫ്ളമെംഗോ, അത്ലറ്റികോ മിനെറോ തുടങ്ങി പത്തിലധികം ക്ലബ്ബുകളെ 61കാരന്‍ പരിശീലിപ്പിച്ചിട്ടുണ്ട്.

സാവോ പോളോ, ഫ്ളമെംഗോ, സാന്‍റോസ് എഫ്സി എന്നീ ക്ലബ്ബുകള്‍ക്കൊപ്പം ബ്രസീലിയന്‍ കപ്പും സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ജൂണില്‍ നടക്കുന്ന കോപ്പ അമേരിക്കയാണ് പുതിയ പരിശീലകനു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിന് മുന്നോടിയായി ടീമിനെ ഒരുക്കുകയെന്നത് ശ്രമകരമായ ദൗത്യമാണ്.

ലോകകപ്പിന് ശേഷം ടിറ്റെ ഒഴിഞ്ഞതിനു ശേഷമാണ് പരിശീലക സ്ഥാനത്തേക്ക് ഡിനിസ് എത്തിയത്. കഴിഞ്ഞ ജൂലൈയില്‍ സ്ഥാനമേറ്റെടുത്ത ദിനിസിന് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. ആറ് മാസത്തെ പരിശീലനത്തിനിടെ ബ്രസീലിന് രണ്ട് വിജയങ്ങള്‍ മാത്രമാണ് നേടാനായത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com