
ഏഷ‍്യ കപ്പ് ഫൈനലിനെത്തുന്നവർ ശ്രദ്ധിക്കണേ; ദുബായ് പൊലീസിന്‍റെ മാർഗനിർദേശം അറിയാം
ദുബായ്: ഇന്ത‍്യ പാക്കിസ്ഥാൻ ഏഷ‍്യ കപ്പ് ഫൈനൽ കലാശപ്പോരിന് ക്രിക്കറ്റ് ആരാധകർ ആകാംശയോടെ കാത്തിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെത്തുന്ന ആരാധകർക്ക് പൊലീസ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് ദുബായ് പൊലീസ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
മത്സരം ആരംഭിക്കുന്നതിനു 3 മണിക്കൂർ മുൻപ് സ്റ്റേഡിയത്തിലെത്തണം, ഒരു ടിക്കറ്റ് വച്ച് ഒരാളെ മാത്രമെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാനാവൂ, ഒരു തവണ സ്റ്റേഡിയത്തിൽ പ്രവേശിച്ചാൽ പിന്നീട് മത്സരത്തിനു ശേഷമെ പുറത്തിറങ്ങാൻ സാധിക്കൂ, പാർക്കിങ്ങിനായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യണം, എന്നിങ്ങനെയാണ് ദുബായ് പൊലീസിന്‍റെ മാർഗ നിർദേശങ്ങൾ.
പതാകകൾ, പടക്കങ്ങൾ, സെൽഫി സ്റ്റിക്കുകൾ, ഡ്രോൺ, ചില്ല് കുപ്പികൾ, ട്രൈപോഡുകൾ, എന്നിവ സ്റ്റേഡിയത്തിന് അകത്ത് പ്രവേശിപ്പിക്കരുതെന്നും മാർഗനിർദേശത്തിൽ പറയുന്നു. മാർഗനിർദേശം ലംഘിക്കുന്നയാളുകളിൽ നിന്നും 1.2 ലക്ഷം മുതൽ 7.24 ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നും ദുബായ് പൊലീസ് വ‍്യക്തമാക്കുന്നു.
മൂന്നു മാസം തടവും അനുഭവിക്കേണ്ടതായി വരും. സ്റ്റേഡിയത്തിനകത്ത് സഭ‍്യമല്ലാത്ത പദപ്രയോഗത്തിനും വിലക്കുണ്ട്. അതേസമയം, ഫൈനൽ മത്സരത്തിന്‍റെ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റുപോയിരുന്നു.