

suresh Raina, ShikerDhawan
മുംബൈ: ഓൺലൈൻ വാതുവയ്പ്പുമായി ബന്ധപ്പെട്ട് കളളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖർ ധവാന്‍റെയും സ്വത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്‌റേറ്റ് കണ്ടുകെട്ടി. സുരേഷ് റെയ്നയുടെയും ശിഖർ ധവാന്‍റെയും 11.14 കോടി രൂപയുടെ സ്വത്തുകളാണ് ഇഡി കണ്ടുകെട്ടിയത്. താരങ്ങൾ നിയമവിരുദ്ധമായി പണം സമ്പാദിച്ചെന്ന് ഇഡി നേരെത്തെ കണ്ടെത്തിയിരുന്നു.
നിയമവിരുദ്ധമായി കോടികണക്ക് രൂപ വെട്ടിച്ചെന്ന പരാതിയിൽ മുൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, സുരേഷ് റെയ്ന, റോബിൻ ഉത്തപ്പ, ശിഖർ ധവാൻ, നടന്മാരായ സോനു സൂദ്, മിമി ചക്രവർത്തി, അങ്കുശ് ഹസ്ര എന്നിവരെ ഇഡി അടുത്തിടെ ചോദ്യം ചെയ്തിരുന്നു. വൺ എക്സ് ബെറ്റ് എന്ന ഓൺലൈൻ വാതുവയ്പ്പ് ആപ്പിനെതിരായ കേസിലാണ് നടപടി.
ധവാന്‍റെ 4.5 കോടി വില മതിക്കുന്ന സ്വത്തും, റെയ്നയുടെ 6.64 കോടി രൂപയുടെ മ്യൂച്വൽ ഫണ്ടും കണ്ടുകെട്ടാനാണ് ഉത്തരവ്. കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് താരങ്ങൾക്കെതിരേ നടപടിയെടുത്തിരിക്കുന്നത്. ആപ്പിന്‍റെ പ്രചാരണവുമായി ബന്ധപ്പെട്ട് താരങ്ങൾ പരസ്യകരാറിൽ ഏർപ്പെട്ടെന്നും അന്വേഷണത്തിൽ ഇഡി കണ്ടെത്തിയിരുന്നു.