
ശിഖർ ധവാൻ.
File photo
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് സമൻസ് അയച്ചു. ഓൺലൈൻ ബെറ്റിങ് ആപ്പുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണത്തിന്‍റെ ഭാഗമായി നേരിട്ടു ഹാജരാകാനാണ് നിർദേശം.
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ നേരിട്ടു ഹാജരാകണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് സമൻസ് അയച്ചു. ഓൺലൈൻ ബെറ്റിങ് ആപ്പുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിക്കുന്ന സംഘമാണ് ധവാന് സമൻസ് നൽകിയിരിക്കുന്നത്.
ഓഗസ്റ്റിൽ മറ്റൊരു മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയെയും സമാനമായ കേസിൽ ഇഡി വിളിച്ചുവരുത്തിയിരുന്നു. അനധികൃത ബെറ്റിങ് പ്ലാറ്റ്ഫോമുകൾക്കെതിരേ കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്ന വ്യാപക നടപടികളുടെ ഭാഗമാണ് ഇതു രണ്ടും.
നേരത്തെ, റാണാ ദഗ്ഗുപതിയും പ്രകാശ് രാജും ഉൾപ്പെടെ 25 സിനിമാ താരങ്ങൾ വാതുവയ്പ്പ് പ്രോത്സാഹിപ്പിച്ചു എന്നാരോപിച്ച് തെലങ്കാന പൊലീസും കേസെടുത്തിരുന്നു. ഇത്തരം പ്ലാറ്റ്ഫോമുകളുടെ പരസ്യങ്ങളിൽ അഭിനയിച്ചതാണ് ഇതിൽ മിക്കവർക്കും കുരുക്കായിരിക്കുന്നത്.
ബെറ്റിങ് ആപ്പുകളെ പ്രൊമോട്ട് ചെയ്തിട്ടില്ലെന്നും, ഓൺലൈൻ സ്കിൽ-അധിഷ്ഠിത ഗെയിമുകൾ നിയമാനുസൃതമായ മേഖലകളിൽ അവയെ മാത്രമാണ് പ്രോത്സാഹിപ്പിച്ചിട്ടുള്ളതെന്നും പല താരങ്ങളും വിശദീകരണം നൽകിയിട്ടുണ്ട്.
എന്നാൽ, ഓൺലൈൻ ഗെയിമിങ്ങിനു കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന നിയമനിർമാണം കേന്ദ്ര സർക്കാർ നടപ്പാക്കിയ സാഹചര്യത്തിൽ ഇത്തരം പ്ലാറ്റ്ഫോമുകൾക്കെതിരേ രാജ്യവ്യാപകമായി അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കൂടുതൽ പ്രമുഖർക്ക് സമൻസ് അയയ്ക്കാൻ ഒരുങ്ങുകയാണ് വിവിധ അന്വേഷണ ഏജൻസികൾ.