സിംബാബ്വെയെ മുക്കി ഇന്ത്യൻ ജയം

ടി20 ലോകകപ്പ് സൂപ്പർ 8 ഘട്ടത്തിലെ നിർണായക മത്സരത്തിൽ സിംബാബ്വെക്കെതിരേ ഇന്ത്യക്ക് മികച്ച വിജയം. ഇതോടെ ഇന്ത്യ - വെസ്റ്റിൻഡീസ് മത്സരത്തിലെ ജേതാക്കൾ സെമിയിലെത്തുമെന്ന് ഉറപ്പ്
T20 World Cup India vs Zimbabwe

സിംബാബ്വെക്കെതിരേ പന്തെറിയുന്ന അർഷ്ദീപ് സിങ്.

Updated on

ചെന്നൈ: ഐസിസി ടി20 ലോകകപ്പ് സൂപ്പർ 8 ഘട്ടത്തിലെ നിർണായക മത്സരത്തിൽ ഇന്ത്യ സിംബാബ്വെയെ 72 റൺസിനു പരാജയപ്പെടുത്തി. ഇതോടെ, ഇന്ത്യ - വെസ്റ്റിൻഡീസ് മത്സരത്തിലെ വിജയികളാവും സെമി ഫൈനലിലെത്തുന്നതെന്ന് ഉറപ്പായി. ദക്ഷിണാഫ്രിക്ക നേരത്തെ തന്നെ സെമി ഉറപ്പിച്ചിട്ടുണ്ട്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 256 റൺസെടുത്തു. സിംബാബ്വെ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു.

ടോസ് നേടിയ സിംബാബ്വെ ക്യാപ്റ്റൻ സിക്കന്ദർ റാസ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഈർപ്പം കണക്കിലെത്താണ് തീരുമാനമെന്നും പേസ് ബൗളർമാർക്ക് ആനുകൂല്യം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റാസ പറഞ്ഞു. എന്നാൽ, സഞ്ജു സാംസണും അഭിഷേക് ശർമയും ചേർന്ന ഓപ്പണിങ് സഖ്യം 3.4 ഓവറിൽ 48 റൺസ് കൂട്ടിച്ചേർത്തു.

T20 World Cup India vs Zimbabwe

സിംബാബ്വെക്കെതിരേ അഭിഷേക് ശർമയുടെ ഷോട്ട്.

15 പന്തിൽ രണ്ട് സിക്സും ഒരു ഫോറും സഹിതം 24 റൺസെടുത്ത സഞ്ജു പുറത്തായതോടെയാണ് ഓപ്പണിങ് കൂട്ടുകെട്ട് പൊളിഞ്ഞത്. തുടർന്നെത്തിയ ഇഷാൻ കിഷൻ 24 പന്തിൽ 38 റൺസെടുത്തും മടങ്ങി.

26 പന്തിൽ അർധ സെഞ്ചുറി നേടിയ അഭിഷേക് ശർമ ഫോമിൽ തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസമായി. ആകെ 30 പന്തിൽ നാല് ഫോറും നാല് സിക്സും സഹിതം 55 റൺസെടുത്താണ് അഭിഷേക് പുറത്തായത്.

പക്ഷേ, വെറും 13 പന്തിൽ 33 റൺസെടുത്ത സൂര്യകുമാർ റൺ റേറ്റ് ഉയരത്തിൽ നിലനിർത്തി. പിന്നീട് ഹാർദിക് പാണ്ഡ്യയും (23 പന്തിൽ 50 നോട്ടൗട്ട്), മൂന്നാം നമ്പറിൽ നിന്ന് ആറാം നമ്പറിലേക്ക് ഇറങ്ങിയ തിലക് വർമയും (16 പന്തിൽ 44 നോട്ടൗട്ട്) കൂടി തകർത്തടിച്ചതോടെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയായിരുന്നു.

അപരാജിതമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇവർ 84 റൺസ് കൂട്ടിച്ചേർത്തു. ഇന്നിങ്സിൽ അവസാന രണ്ടു പന്തും സിക്സർ പറത്തിയാണ് ഹാർദിക് പാണ്ഡ്യ അർധ സെഞ്ചുറി തികച്ചത്. ആകെ രണ്ട് ഫോറും നാല് സിക്സും നേടി. തിലക് വർമ മൂന്ന് ഫോറും നാല് സിക്സും നേടി.

റിങ്കു സിങ്ങിനു പകരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയതു കൂടാതെ, ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ വാഷിങ്ടൺ സുന്ദറിനു പകരം അക്ഷർ പട്ടേലിനെയും തിരികെ വിളിച്ചു.വര

T20 World Cup India vs Zimbabwe

സിംബാബ്വെക്കെതിരേ തിലക് വർമയുടെ ഷോട്ട്.

മറുപടി ബാറ്റിങ്ങിൽ സിംബാബ്വെക്കു വേണ്ടി ഓപ്പണർ ബ്രയൻ ബെന്നറ്റ് പുറത്താകാതെ 97 റൺസെടുത്തു. 59 പന്ത് നേരിട്ട ബെന്നറ്റ് എട്ട് ഫോറും ആറ് സിക്സും പറത്തി. ക്യാപ്റ്റൻ സിക്കന്ദർ റാസ 21 പന്തിൽ 31 റൺസും നേടി.‌

ഇന്ത്യക്കു വേണ്ടി അർഷ്ദീപ് സിങ് 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ, ശിവം ദുബെ എന്നിവർക്ക് ഓരോ വിക്കറ്റ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com