
സച്ചിൻ ബേബി
File photo
കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) കിരീടം നിലനിർത്താൻ കച്ചകെട്ടിയാണ് ഇക്കുറി ഏരീസ് കൊല്ലം സെയിലേഴ്സിന്‍റെ വരവ്. കഴിഞ്ഞ സീസണിൽ ടീമിനെ ചാംപ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച കളിക്കാരെ നിലനിർത്തിയ കൊല്ലം സെയിലേഴ്സ് ലേലത്തിലൂടെ മികവുറ്റ ചില പുതു താരങ്ങളെക്കൂടി ടീമിലെത്തിച്ചിട്ടുണ്ട്.
സച്ചിൻ ബേബിയാണ് ഇത്തവണയും കൊല്ലം സെയിലേഴ്സിനെ നയിക്കുന്നത്. ആദ്യ സീസണിൽ മിന്നിത്തിളങ്ങിയ അഞ്ച് ബാറ്റർമാരിൽ നാലു പേരും ഇക്കുറിയും കൊല്ലത്തിനായി പോരാടാനിറങ്ങും. രണ്ട് സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറിയും അടക്കം 528 റൺസുമായി സച്ചിൻ ബേബിയായിരുന്നു ഏറ്റവും തിളങ്ങിയത്. അഭിഷേക് ജെ. നായരും വത്സൽ ഗോവിന്ദും റൺവേട്ടയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
ഇവർക്കൊപ്പം വിഷ്ണു വിനോദും എം.എസ്. അഖിലും വന്നതോടെ സെയിലേഴ്സ് ബാറ്റിങ് നിര കൂടുതൽ കരുത്തുറ്റതാകുന്നു. കെസിഎൽ ഫസ്റ്റ് എഡിഷനിൽ കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു വിഷ്ണു വിനോദ്. സെഞ്ചുറിയും അടക്കം 438 റൺസായിരുന്നു വിഷ്ണു വിനോദ് അടിച്ചുകൂട്ടിയത്. രാഹുൽ ശർമയും ഭരത് സൂര്യയും ഷറഫുദിനമെല്ലാം കൊല്ലത്തിനായി ബാറ്റിങ്ങിൽ കസറാൻ പ്രാപ്തിയുള്ളവരാണ്.
ഏതൊരു ടീമും മോഹിക്കുന്ന ബൗളിങ് നിരയും സെലിയേഴ്സിന്‍റെ സാധ്യത വർധിപ്പിക്കുന്നു. 19 വിക്കറ്റുമായി ഷറഫുദ്ദീനും 17 വിക്കറ്റുമായി ബിജു നാരായണനുമായിരുന്നു ടീമിന്‍റെ തുറുപ്പുചീട്ടുകളായത്. ഇരുവരും തന്നെയാകും ഇക്കുറിയും കൊല്ലത്തിന്‍റെ ബൗളിങ്ങിനെ നയിക്കുക. പവൻരാജ്, വിജയ് വിശ്വനാഥ് എന്നിവരെ ലേലത്തിലൂടെ വീണ്ടും സ്വന്തമാക്കിയപ്പോൾ ഏദൻ ആപ്പിൾ ടോം, ജോസ് പെരയിൽ തുടങ്ങിയവരെ പുതുതായി ടീമിലെത്തിക്കാനുമായി.
ഷറഫുദീനും എം.എസ്. അഖിലുമാണ് ടീമിന്‍റെ ഓൾ റൗണ്ട് കരുത്ത്. ഇതിനൊപ്പം അമൽജിത് അനുപി.എസ്. സച്ചിൻ, അജയ്ഘോഷ് തുടങ്ങിയവരും അണിനിരക്കും. മോനിഷ് സതീഷാണ് പരിശീലകൻ. നിഖിലേഷ് സുരേന്ദ്രൻ അസി. കോച്ച്. മാനെജറായി അജീഷും വിഡിയൊ അനലിസ്റ്റായി ആരോൺ ജോർജ് തോമസും കൊല്ലം സെയിലേഴ്സിന് പിന്തുണയേകും.
ടീം
സച്ചിൻ ബേബി (ക്യാപ്റ്റൻ), എൻ. എം. ഷറഫുദീൻ, വിഷ്ണു വിനോദ്, വത്സൽ ഗോവിന്ദ്, അഭിഷേക് ജെ. നായർ, എം.എസ്. അഖിൽ, ബിജു നാരായണൻ, വിജയ് വിശ്വനാഥ്, രാഹുൽ ശർമ, അതുൽജിത് അനു, എ. ജി. അമൽ, ആഷിക് മുഹമ്മദ്, പി. എസ്. സച്ചിൻ, എൻ. എസ്. അജയ്ഘോഷ്, പവൻ രാജ്, ജോസ് പെരയിൽ, ഏദൻ ആപ്പിൾ ടോം, ഭരത് സൂര്യ.